News

ഗര്‍ഭഛിദ്രത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ സ്മരിച്ചു ന്യൂസിലാന്റില്‍ ഹൃദയസ്പര്‍ശിയായ പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 28-07-2018 - Saturday

വെല്ലിംഗ്ടണ്‍: ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുരുന്ന് ജീവനുകളുടെ ഓര്‍മ്മയുണര്‍ത്തിക്കൊണ്ട് ന്യൂസിലാന്റിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ പ്രദര്‍ശനം ഹൃദയസ്പര്‍ശിയായി. 2017-ല്‍ അബോര്‍ഷന്‍ എന്ന മാരക പാപം കൊണ്ട് ഇല്ലാതാക്കപ്പെട്ട 13,285 കുരുന്ന് ജീവനുകളെ പ്രതിനിധീകരിക്കുന്ന ശിശുക്കളുടെ കാലുറകളും, ഷൂസുകളും, ചെരിപ്പുകളും, തൊപ്പികളും കൊണ്ട് പാര്‍ലമെന്റിന് മുന്നിലെ പുല്‍ത്തകിടി നിറച്ചുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ പ്രദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രദര്‍ശനം.

1961-ലെ ‘ക്രൈംസ് ആക്ട്’ പ്രകാരം ന്യൂസിലന്‍റില്‍ അബോര്‍ഷനു അനുമതിയില്ലെങ്കിലും 1977 മുതല്‍ അബോര്‍ഷന്‍ നിയന്ത്രണങ്ങളോടെ നിയമപരമാണ്. ‘ക്രൈംസ് ആക്ടി'നെ മറി കടന്ന്‍ അബോര്‍ഷന്‍ വെറുമൊരു ആരോഗ്യ പ്രശ്നമായി അംഗീകരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തോടുള്ള പ്രതിഷേധമായാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രദര്‍ശനമൊരുക്കിയത്. ‘വോയിസ് ഫോര്‍ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയാണ് ഈ പ്രദര്‍ശനത്തിനു പിന്നില്‍. പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന ഓരോ ജോടി വസ്തുവും അബോര്‍ഷന്‍ ചെയ്യപ്പെട്ട ഓരോ ജീവനേയും പ്രതിനിധീകരിക്കുന്നുവെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി.

രാജ്യത്തുള്ള മുഴുവന്‍ പ്രോലൈഫ് പ്രവര്‍ത്തകരും പ്രദര്‍ശനത്തിനുവേണ്ട ശിശുക്കളുടെ കാലുറകളും, തൊപ്പികളും, ഷൂസുകളും സ്വയമായി തുന്നിയുണ്ടാക്കുകയായിരുന്നുവെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. പ്രദര്‍ശനത്തിനു ശേഷം ഇവ ആവശ്യമുള്ള അമ്മമാര്‍ക്ക് സംഭാവനയായി നല്‍കും. ‘ക്രൈംസ് ആക്ട്’ അനുസരിച്ച് അമ്മയുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനു ഭീഷണിയാണെന്ന് രണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ 20 ആഴ്ചകള്‍ക്ക് ശേഷമുള്ള ഭ്രൂണങ്ങളെ അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുമായിരുന്നുഉള്ളു.

എന്നാല്‍ പുതിയനിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അബോര്‍ഷന്‍ ചെയ്യാവുന്ന അവസ്ഥ സംജാതമാവും. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 5 ലക്ഷത്തോളം ജീവനുകള്‍ ന്യൂസിലന്‍റില്‍ നിയമപരമായി അബോര്‍ഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. “നഷ്ടപ്പെട്ട ജീവനുകളെ തങ്ങള്‍ മറന്നിട്ടില്ലെന്നും, അബോര്‍ഷനെക്കാള്‍ നല്ല മാര്‍ഗ്ഗമുണ്ടെന്നും” പൊതുജനങ്ങളേയും, പാര്‍ലമെന്റിനേയും ബോധ്യപ്പെടുത്തുവാനാണ് തങ്ങള്‍ ഈ പ്രദര്‍ശനമൊരുക്കിയതെന്ന് വോയിസ് ഫോര്‍ ലൈഫിന്റെ നാഷണല്‍ പ്രസിഡന്റായ ജാക്വി ഡി റുയിട്ടെര്‍ പറഞ്ഞു.


Related Articles »