Meditation. - February 2024
ജീവിതത്തിലെ ദുഃഖങ്ങള്‍ക്ക് യേശു നല്‍കുന്ന സമ്മാനമെന്ത്?
സ്വന്തം ലേഖകന്‍ 25-02-2024 - Sunday
"വിലപിക്കുന്നവര്‍ ഭാഗ്യവാന്മാർ, അവർ ആശ്വസിക്കപ്പെടും" (മത്തായി 5:4)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 25
അഷ്ടസൗഭാഗ്യങ്ങളെ പറ്റി യേശു പറഞ്ഞപ്പോൾ ദരിദ്രർ, വിശപ്പനുഭവിക്കുന്നവർ, പീഡിതർ, നീതി നിഷേധിക്കപെട്ടവർ തുടങ്ങി എല്ലാ തരത്തിലുമുള്ള സഹനങ്ങളനുഭവിക്കുന്നവരെയും യേശു പരിഗണിച്ചിരുന്നു. ഈ ലോകത്തിലേയ്ക്ക് നോക്കിയാൽ പല തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നവരെ എല്ലായിടത്തും കാണുവാൻ സാധിക്കും.
സഹനത്തിനു ഇരയായവരുടെ ഭാഗ്യങ്ങളെ കുറിച്ച് പറയുവാൻ യേശു മടി കാണിച്ചില്ല. "വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപെടും, നീതിയ്ക്കു വേണ്ടി പീഢനം ഏൽക്കുന്നവ൪ ഭാഗ്യവാന്മാർ; സ്വ൪ഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്" (മത്തായി 5: 4,10-12).
സഹനങ്ങളിലൂടെ ലഭിക്കുന്ന അനുഗ്രഹം മനസ്സിലാക്കണമെങ്കിൽ, മനുഷ്യന്റെ ജീവിതം ഈ ഭൂമിയിൽ മാത്രം ഒതുങ്ങുന്നില്ലായെന്നും അതിനുമപ്പുറം ഒരു ജീവിതം ഉണ്ടെന്നും വിശ്വസിക്കണം. ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം മാത്രമേ നമുക്ക് ആ സന്തോഷം പൂർണമായി അനുഭവിക്കുവാൻ സാധിക്കൂ. ഭൂമിയിലെ സഹനം, സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ ദുരിതത്തിന്റെ മണ്ണിൽ പുതിയ ജീവിതത്തിന്റെ വിത്ത് പാകുന്നു.
നിത്യതയിൽ ദിവ്യമായ മഹത്വത്തിന്റെ നിധി നമുക്ക് ലഭിക്കുന്നു. ദുഃഖവും, സഹനവും, നിർഭാഗ്യവും നിറഞ്ഞ ലോകത്തിന്റെ കാഴ്ച്ച വേദനിപ്പിക്കുന്നതാണെങ്കിലും സ്നേഹത്തിലും കൃപയിലും നിറഞ്ഞ നിത്യ ജീവിതത്തിന്റെ പ്രത്യാശ നമ്മളെ ആഹ്ലാദിപ്പിക്കുന്നു. പ്രത്യാശയാണ് ക്രിസ്തുവിന്റെ വാഗ്ദാനത്തിൽ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ പരിപോഷണം. യേശുവില്‍ വിശ്വസ്സിക്കുന്നവർക്ക് സഹനത്തോടോപ്പം നിത്യമായ ആനന്ദവും ലഭിക്കുമെന്ന കാഴ്ചപാട് നമ്മളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24. 4.1994)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.