Social Media - 2024

ഭാരത ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ കാണാപ്പുറങ്ങള്‍

ഫാ. ബിബിൻ മഠത്തിൽ 30-07-2018 - Monday

ലോകത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന ഓപൺ ഡോർസ് എന്ന സംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ പതിനൊന്നാം സ്ഥാനത്താണ്. അതിഭയാനകം (എക്സ്റ്റ്രീം) എന്നാണു ഓപൺ ഡോർസ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. കണ്ടമാലിലോ മംഗലാപുരത്തൊ നടന്നതുപോലെയുള്ള വലിയ തോതിലുള്ള രക്തരൂക്ഷിത അക്രമങ്ങൾ കുറച്ചു നാളുകളായി ഇന്ത്യയിൽ റിപ്പോർട്ട ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഓപ്പൺ ഡോർസ് എക്സ്റ്റ്രീം മതപീഡനം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്‌?

വലിയ തോതിലുള്ള രക്തരൂക്ഷിത പീഡനങ്ങൾ നടക്കുന്നില്ലെങ്കിലും ക്രിസ്ത്യാനികൾക്കെതിരെ (എല്ലാ വിഭാഗങ്ങളിലുമുള്ളവർ) വ്യാപകമായ രീതിയിൽ വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു ഓപ്പൺ ഡോർസ് കണ്ടെത്തിയത്. എന്നാൽ രക്തരൂക്ഷിതമായ ഇത്തരം പീഡനങ്ങൾക്കപ്പുറം ക്രിസ്തുവിനെ പിന്തുടരുന്നവരും പ്രഘോഷിക്കുനന്വരും എന്ന രീതിയിൽ ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളെയും ഈ ലിസ്റ്റിൽ പ്രതിപാധിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ രക്തരൂക്ഷിത അക്രമങ്ങളേക്കാൾ ആസൂത്രിതവും വിദൂരഭാവിയിൽ പോലും അപകടകരമായേക്കാവുന്നതുമായ സമ്മർദ്ദതന്ത്രങ്ങളാണ് ഇന്നു ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഡനമുറകൾ. ഇത്തരം പീഡനങ്ങളെ ആണു ഞാൻ Soft Persecutions അഥവാ മൃദു-മതപീഡനങ്ങൾ എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുനന്ത്. രക്തരൂക്ഷിത അക്രമണങ്ങൾ മതപീഡനത്തെ മറച്ചുവക്കാനാവാത്ത വിധം പരസ്യമായവ ആണെങ്കിൽ ഇത്തരം മൃദു-മതപീഡനങ്ങൾ എളുപ്പത്തിൽ മനസിലാകാത്തവയും പലപ്പോഴും സമൂഹത്തിന്റെ പൊതുനന്മ എന്ന വഞ്ചനാപരമായ പേപ്പറിൽ പൊതിഞ്ഞവയും ആയിരിക്കും.

ഉദാഹരണമായി കൽക്കത്തയിലെ മദർ തെരേസയെ ആദ്യമായി വിമർശിച്ചതു നിഷ്പക്ഷരെന്നു തോന്നിക്കുന്നവരും വിദേശികളുമായ ചില എഴുത്തുകാർ ആയിരുന്നു. മദർ പാവങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടില്ല എന്നും പാവങ്ങളെ തന്റെ പ്രശസ്തിക്കായി ഉപയോഗിക്കുകയായിരുന്നു എന്നും അവർ വാദിച്ചു. പാ‍വപ്പെട്ടവനു പാലു കൊടുക്കുന്നതിലും നല്ലത് പശുവിനെ വാങ്ങി കൊടുക്കുന്നതാണെന്നു ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ ശൈലിയിൽ അവർ വാദിച്ചു. ഒറ്റ നോട്ടത്തിൽ നിരുപദ്രവകരമെന്നും വിപ്ലവകരമെന്നും തോന്നാവുന്ന വാദങ്ങൾ. പക്ഷെ പാവങ്ങളിൽ പാവങ്ങളായവരെ ശൂശ്രൂഷിച്ചിരുന്ന മദർ തെരേസയ്ക്കു ഇതെങ്ങനെ ബാധകമാകും? മരണാസന്നരായ രോഗികൾക്കും അനാഥരായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കും പശുവിനെ കൊടുത്തിട്ട് എന്തു ഫലമാണ്?

തങ്ങളുടെ ബുദ്ധികൊണ്ട് മാത്രം മനുഷ്യജീവിതങ്ങളെ അളക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യാജ-തിയറിസ്റ്റുകളുടെ ചുവടു പിടിച്ചു പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ചിലർ മദറിന്റെ പ്രവർത്തനങ്ങൾക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചു. മതം മാറ്റമായിരുന്നും മദറിന്റെ പ്രവർത്തനങ്ങളുടെ ഉദ്ദേശം എന്ന ഇവരുടെ തിയറിക്ക് സമ്പൂർണ്ണ സാക്ഷരർ എന്നു അവകാശപ്പെടുന്ന മലയാളികളുടെ ഇടയിൽ വരെ പ്രചാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും എക്സ്ട്രീം ആയ മേഖലകളിൽ പോലും ഉപവി പ്രവർത്തനങ്ങൾ നടത്തിയിരുന്ന മദറിന്റെ സഹോദരിമാരെ ‘ഇന്ത്യയിൽ മാത്രം’ ജോലി ചെയ്യുന്നവർ എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യൻ സമൂഹത്തിന്റെ മുമ്പിൽ ഗൂഡലക്ഷ്യങ്ങളുള്ളവരായി അവതരിപ്പിക്കുവാനും ഈ ഘട്ടത്തിൽ ഇവർ മടിച്ചില്ല.

തുടർച്ചയായ ഇത്തരം ആരോപണങ്ങളുടെ ഫലമായി ‘ഉപവിയുടെ സഹോദരിമാർ‘ക്കു സമൂഹത്തിന്റെയും സർക്കാരിന്റെയും പല കോണിൽ നിന്നും ആരോപണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നു. അനാഥാശ്രമങ്ങളും അഗതിമന്ദിരങ്ങളും നടത്തിക്കൊണ്ട് പോവുക എന്നത് ദുഷ്കരമാക്കി, ദത്ത് കൊടുക്കാനുള്ള ലൈസൻസുകൾ ഉപേക്ഷിക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും സർക്കാർ ജീവനക്കാരുടെയും മറ്റും അനാവശ്യസമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. ഇങ്ങനെ ആസൂത്രിതവും ദീർഘവുമായ പദ്ധതികൾ വഴി മദർ തെരേസയുടെ ഉദ്ദേശശുദ്ധിയെയും മദറിന്റെ സഹോദരിമാരുടെ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ വർഷങ്ങൾ അധ്വാനിച്ചിട്ടും എക്സ്റ്റ്രീം ചിന്താഗതി പുലർത്തുന്ന ചില സർക്കിളുകളിൽ ഒഴിച്ച് പൊതുസമൂഹത്തിന്റെ പിന്തുണ ഈ തിയറിക്ക് ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് മദറിന്റെ സഹോദരിമാർക്കെതിരെ റാഞ്ചിയിൽ ഉണ്ടായ ആരോപണം വലിയ വാർത്തയാകുന്നത്. Adoption in stead of abortion (ഭ്രൂണഹത്യക്കു പകരം കുഞ്ഞിനെ ദത്തു കൊടുക്കുവാൻ ഉള്ള സൌകര്യം) എന്ന ആശയത്തിലാണു ഉപവിയുടെ സഹോദരിമാർ വിശ്വസിക്കുന്നത്. മദറിൽ നിന്നു ലഭിച്ച ഈ ചൈതന്യത്തിനു യോജിച്ച രീതിയിൽ പ്രവർത്തിക്കുവാനായി അവിവാഹിതകളായ പെൺകുട്ടികൾക്ക് തങ്ങളുടെ ആശ്രമത്തിൽ തങ്ങാനും കുഞ്ഞിനെ ജന്മം കൊടുത്ത് അഡോപ്ഷൻ സെന്ററുകളിൽ ഏൽപ്പിക്കാനുമുള്ള സൌകര്യം അവർ ഒരുക്കിയിട്ടുണ്ട്.

ഇതു പോലെ അവരുടെ ആശ്രമത്തിൽ താമസിച്ച അവിവാഹിതയായ ഒരു പെൺകുട്ടി തനിക്കു ജനിച്ച കുഞ്ഞിനെ ഗവണ്മെന്റ് ചൈൽഡ് ലൈനിൽ ഏൽപ്പിക്കാൻ എന്ന വ്യാജേന പുറത്തുകൊണ്ടുപോവുകയും ആശ്രമത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയുമായിരുന്നു ചെയ്തത്. ഈ സംഭവത്തെ മുൻനിറുത്തി മദർ തെരേസയുടെ സഹോദരിമാർക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങൾ ആണു നടന്നത്. നീതിയുടെ കാവൽക്കാർ എന്ന രീതിയിൽ മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും കൂടി സമൂഹത്തിൽ ആർക്കും വേണ്ടാത്തവരെ ശുശ്രൂഷിക്കുന്ന ഒരു പറ്റം സാധുസ്ത്രീകളെ ആക്രമിച്ചതിനെ പീഡനം എന്നല്ലെങ്കിൽ പിന്നെ എന്താണു വിളിക്കേണ്ടത്‌?

മതപീഡനം എന്നതുകൊണ്ട് ക്രൂരമായി കൊല്ലപ്പെടുന്ന വയലൻസ് മാത്രമല്ല ഉദ്ദേശിക്കുന്നത്. ക്രൂരത നിറഞ്ഞ അത്തരം വയലൻസുകളോടു തിരിച്ചു അതേ രീതിയിൽ ക്രിസ്ത്യാനികൾ പ്രതികരിക്കാതിരുന്നതിനാൽ ആക്രമണങ്ങളിലൂടെ മുതലെടുപ്പ് നടത്താൻ തുനിഞ്ഞവർക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. അതുകൊണ്ടാവണം ഇപ്പോൾ ഇതേ പോലെ ഉള്ള വ്യാപകമായ ആക്രമണങ്ങൾക്ക് ശത്രുക്കൾ മുതിരാത്തത്. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തു പറഞ്ഞതുപോലെ ഇന്ത്യയിലെ മതപീഡനങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഉള്ള മുതലെടുപ്പുകൾ ആണ്. അതിനാൽ ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ അവർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതാണു മൃദു-മതപീഡനത്തിന്റെ ശൈലി സ്വീകരിക്കുവാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്നു അനുമാനിക്കാവുന്നതാണ്.

മദർ തെരേസയുടെ സഹോദരിമാരുടേത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭാസസ്ഥാപനങ്ങൾ, ആശുപത്രികൾ, സോഷ്യൽ സർവീസ് സെന്ററുകൾ, എൻ.ജി.ഓകൾ, അനാഥാശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ... എന്നിങ്ങനെ ഒട്ടുമിക്ക സ്ഥാപനങ്ങളും വർഷങ്ങളായി വളരെയധികം പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സമ്മർദ്ദതന്ത്രങ്ങൾക്കു പുറമെ ഇപ്പോൾ ആരാധനാശൈലികളിൽ വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വ്യാപകമായ ഇത്തരം മൃദു-മതപീഡനത്തെ എക്സ്പോസ് ചെയ്യുകയും ക്രിസ്തീയമായ രീതിയിൽ തന്നെ അതിനെ നേരിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. ക്രിസ്ത്യൻ കൂട്ടായ്മകൾ ഇതിനെ എങ്ങനെ നേരിടും എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.


Related Articles »