India - 2025

മദര്‍ മേരി ഷന്താളിന്റെ നാമകരണ നടപടികള്‍ക്ക് അതിരമ്പുഴയില്‍ ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകന്‍ 05-08-2018 - Sunday

അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദെ ഷന്താളിന്റെ നാമകരണ നടപടികള്‍ക്ക് അതിരമ്പുഴയില്‍ ഔദ്യോഗിക തുടക്കം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു അതിരമ്പുഴ സെന്റ് അല്‍ഫോന്‍സാ ഹാളിലായിരുന്നു ചടങ്ങുകള്‍. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററെ നിയമിച്ചുള്ള പത്രിക ആരാധനാ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുമ്പനാനിയും നിയമനം അംഗീകരിച്ചു കൊണ്ടുള്ള അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പത്രിക അതിരൂപത ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരിയും വായിച്ചു.

നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ ആമുഖ പ്രഭാഷണം നടത്തി. നാമകരണ നടപടികള്‍ ആരംഭിക്കാന്‍ പോസ്റ്റുലേറ്റര്‍ അതിരൂപതാധ്യക്ഷനു സമര്‍പ്പിച്ച ഔദ്യോഗിക അപേക്ഷ ചാന്‍സലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി വായിച്ചു. തുടര്‍ന്ന് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണ നടപടി ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാലാകാലങ്ങളില്‍ സഭ കടന്നുപോയ വിശിഷ്ട വ്യക്തികളെ കണ്ടെത്തി നിര്‍ണയിച്ചു ലോകത്തിനു മുന്നില്‍ നല്‍കുന്നുണ്ടെന്നും ജീവിച്ചിരിക്കുന്നവരുടെ പുണ്യജീവിതത്തിനു വേണ്ടിയാണിതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

ഷന്താളമ്മയുടെ വീരോചിതമായ ജീവിതത്തെയും ധാര്‍മിക ജീവിതത്തെയും സംബന്ധിച്ച് അതിരൂപത തലത്തില്‍ അന്വേഷിക്കുന്നതിനുള്ള അതിരൂപതാധ്യക്ഷന്റെ ഡിക്രിയും അന്വേഷണ സമിതിയെ നിയമിച്ചുകൊണ്ടുള്ള ഡിക്രിയും ആദ്യഘട്ടത്തിനുള്ള അന്വേഷണ സമിതിക്കു ഔദ്യോഗികാംഗീകാരം നല്‍കിക്കൊണ്ടുള്ള പത്രികയും അതിരൂപത ചാന്‍സലര്‍ വായിച്ചു. െ്രെടബ്യൂണലിനു സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യാവലി നാമകരണ നടപടികളുടെ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ.ടോം പുത്തന്‍കളം അതിരൂപതാധ്യക്ഷനു കൈമാറി. തുടര്‍ന്നായിരുന്നു ഔദ്യോഗികാംഗങ്ങളുടെ സത്യപ്രതിജ്ഞ.

രഹസ്യം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റുപറഞ്ഞ് വിശുദ്ധ ബൈബിളില്‍ കൈവച്ച് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പുവച്ചത് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ്. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ ഡലഗേറ്റ് റവ.ഡോ.തോമസ് പാടിയത്ത്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ.ടോം പുത്തന്‍കളം, നോട്ടറി ഫാ.തോമസ് പ്ലാപ്പറന്പില്‍, അഡ്ജംഗ്ട് നോട്ടറി സിസ്റ്റര്‍ മേഴ്‌സിലിറ്റ് എഫ്‌സിസി, കോപ്പിയര്‍ സിസ്റ്റര്‍ ഗ്ലോറിസ്റ്റ എസ്എബിഎസ്, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഡോ.തെക്ല എസ്എബിഎസ്, സിസ്റ്റര്‍ ആനീസ് നെല്ലിക്കുന്നേല്‍ എസ്എബിഎസ്, പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ എന്നീ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുന്പനാനി നന്ദി പറഞ്ഞു. വൈദികരും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ മൂന്നു മേഖലകളിലും 19 റീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളും മദര്‍ ഷന്താളിന്റെ കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.


Related Articles »