Youth Zone - 2024
റോമില്‍ രണ്ടുലക്ഷത്തില്‍ അധികം കരിസ്മാറ്റിക് യുവജനങ്ങളുടെ സംഗമം
സ്വന്തം ലേഖകന്‍ 09-08-2018 - Thursday
പെറൂജിയ: ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 1900 കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളില്‍നിന്നുമുള്ള 2 ലക്ഷത്തില്‍ അധികം യുവജനങ്ങളുടെ സംഗമം ഇന്നലെ ആരംഭിച്ചു. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ 15-മത് സാധാരണ സിനഡിന് ഒരുക്കമായാണ് സംഗമം നടക്കുന്നത്. രണ്ടു ഘട്ടമായാണ് സംഗമം. ആഗസ്റ്റ് 8 മുതല്‍ 11-വരെ തിയതികളില്‍ ഇറ്റലിയുടെ വടക്കന്‍ പ്രവിശ്യയായ പെറൂജിയയിലാണ് ആദ്യഘട്ടം സംഗമം. ആഗസ്റ്റ് 11, 12 ശനി, ഞായര്‍ ദിവസങ്ങളില്‍ റോമിലുമാണ് യുവജനസംഗമത്തിന്‍റെ രണ്ടാംഘട്ടം.
ശനിയാഴ്ച വൈകുന്നേരം റോമിലെ സര്‍ക്കൊ മാക്സിമോ സ്റ്റേഡിയത്തില്‍ യുവജനങ്ങള്‍ ഒത്തുചേരുന്ന ജാഗരപ്രാര്‍ത്ഥനയും സമ്മേളനത്തിലെ ശ്രദ്ധേയമായ ശുശ്രൂഷയാണ്.
ഇറ്റലിയിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് സാല്‍വത്തോര്‍ മര്‍ത്തിനെസ്, നവകരണ പ്രസ്ഥാനത്തിന്‍റെ മറ്റു പ്രമുഖര്‍ മാരിയോ ലാന്‍റി, ലൂസിയാനാ ലിയോണെ, ഡോണ്‍ മരിയ എപിക്കോക്കോ എന്നിവര്‍ സംഗമത്തിലെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വംനല്കും. “യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും” എന്ന വിഷയവുമായി 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തീയതികളിലാണ് മെത്രാന്മാരുടെ 15-മത് സാധാരണ സിനഡു സമ്മേളനം ഫ്രാന്‍സിസ് പാപ്പയുടെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ നടക്കാന്‍ പോകുന്നത്.