Meditation. - February 2024
യേശു നമ്മുക്ക് നല്കിയ പ്രകാശത്തിന്‍റെ പാതയിലാണോ നാം ചരിക്കുന്നത്?
സ്വന്തം ലേഖകന്‍ 28-02-2024 - Wednesday
യേശു വീണ്ടും അവരോട് പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല; അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും." (യോഹ.8:12)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 28
നോമ്പുകാലം യേശുക്രിസ്തുവുമായുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനുതകുന്ന ഒരു കാലഘട്ടമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 'ഞാൻ ലോകത്തിന്റെ പ്രകാശം ആകുന്നു'വെന്ന് നിരന്തരം നമ്മെ ഓർമപ്പെടുത്തുന്ന, യേശുക്രിസ്തുവുമായുള്ള സവിശേഷമായ ബന്ധം പുനസ്ഥാപിക്കാനുള്ള കാലം. നമുക്ക് ഓരോരുത്തർക്കും പ്രത്യേകമായ വിധത്തിൽ യേശുവെന്ന പ്രകാശത്തിൽ കൂടി കടന്നു പോകുവാനുള്ള ഒരു സമയമെന്നും ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാം. അവിടുത്തെ പ്രകാശത്തില്‍ കൂടി കടന്നു പോവുക വഴിയായി നമ്മുക്കായി അവിടുന്ന് കരുതിവെച്ചിരിക്കുന്ന നിത്യജീവൻ കണ്ടെത്തുവാനും നിലനിറുത്തുവാനും സഹായിക്കുന്നു.
അവിടുത്തെ രക്ഷാകര ദൗത്യത്തിന്റെയും കുരിശിലെ ബലിയുടെയും വെളിച്ചത്തിൽ നമ്മിലെ പാപവും പാപാവസ്ഥയും വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു. അതേ സമയം, ഈ പ്രകാശത്താല്‍ മാനസാന്തരത്തിന്റെയും, പാപമോചനത്തിന്റെയും വഴികൾ തെളിയുന്നുമുണ്ട്.
ഒരു നിമിഷം നമ്മുക്ക് വിചിന്തനം ചെയ്യാം, യേശുക്രിസ്തു നമ്മുക്ക് നല്കിയ ഈ വെളിച്ചവും ജീവനും എന്നിലുണ്ടോ? വിശ്വാസത്തിന്റെ വെളിച്ചത്തിൽ, യേശു ക്രിസ്തു നമ്മിൽ ഓരോരുത്തരിലും കൃപയുടെ ജീവൻ ചേർത്തുവച്ചിരിക്കുന്നു. എന്നാൽ ആ കൃപയുടെ ജീവൻ എന്നിലുണ്ടോ? ഇന്നും ഞാന്‍ പാപവസ്ഥയിലാണോ നിലനിൽക്കുന്നത്? ചിന്തിക്കുക.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.3.1980)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.