Daily Saints.

February 29: വിശുദ്ധ ഓസ്‌വാള്‍ഡ്

സ്വന്തം ലേഖകന്‍ 29-02-2020 - Saturday

ജന്മം കൊണ്ട് ഡാനിഷ് വംശജനായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്, ഫ്രാന്‍സിലെ ഫ്ല്യൂരിയിലെ മെത്രാപ്പോലീത്തയും തന്റെ അമ്മാവനുമായിരുന്ന 'ഒഡോ'യുടെ ഭവനത്തില്‍ വെച്ചാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 959-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നു. 962-ല്‍ വിശുദ്ധ ഡുന്‍സ്റ്റാന്‍ അദ്ദേഹത്തെ വോഴ്സെസ്റ്ററിലെ മെത്രാനായി വാഴിച്ചു. മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ സഭയില്‍ നിലനിന്നിരുന്ന അധാര്‍മ്മികമായ പല കാര്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് കഠിനമായ പരിശ്രമം നടത്തി. കൂടാതെ നിരവധി ആശ്രമങ്ങള്‍ അദ്ദേഹം പണികഴിപ്പിക്കുകയും ചെയ്തു. ഹണ്ടിംഗ്ഡോണ്‍ഷെയറിലെ പ്രസിദ്ധമായ റാംസെ ആശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. 972-ല്‍ വിശുദ്ധ ഓസ്‌വാള്‍ഡ്യോര്‍ക്കിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. എങ്കിലും, മെഴ്സിയായിലെ രാജാവായിരുന്ന എല്‍ഫേരിന്റെ എതിര്‍പ്പ് മൂലം താന്‍ വിഭാവനം ചെയ്ത ആശ്രമ നവീകരണങ്ങള്‍ മുടക്കം വരാതെ പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന്‍ വോഴ്സെസ്റ്റര്‍ സഭയുടെ ഭരണം തന്റെ അധീനതയില്‍ വെച്ചു.

പുരോഹിതന്‍മാരുടെ ധാര്‍മ്മിക ഉന്നതി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദൈവശാസ്ത്രപരമായ അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഓസ്‌വാള്‍ഡ് കഠിന പ്രയത്നം ചെയ്തു. രണ്ടു ഗ്രന്ഥങ്ങളും സഭാ സുനഹദോസുകളുടെ നിരവധി പ്രമാണങ്ങളും വിശുദ്ധന്‍ എഴുതിയിട്ടുണ്ട്. തന്റെ പൊതു ജീവിത കാലം മുഴുവനും അദ്ദേഹം വിശുദ്ധ ഡുന്‍സ്റ്റാനും, വിശുദ്ധ എതെല്‍വോള്‍ഡുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

992-ല്‍ വിശുദ്ധന്‍ മരണപ്പെട്ടതിനുശേഷം, മറ്റു രണ്ടു വിശുദ്ധരുടേയും നാമങ്ങളോട് ചേര്‍ത്തായിരുന്നു വിശുദ്ധനെ പൊതുവായി വണങ്ങി വന്നിരുന്നത്. ഇംഗ്ലിഷ് ആശ്രമ ജീവിത സമ്പ്രദായത്തെ നവീകരിച്ച മൂന്ന് വിശുദ്ധരില്‍ ഒരാളെന്ന നിലയില്‍ വിശുദ്ധ ഓസ്‌വാള്‍ഡിനെ പുരാതനകാലം മുതലേ ബഹുമാനിച്ചു വരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക      


Related Articles »