Social Media

മറ്റൊരു 'ഫേസ്ബുക്ക് നുണ' കൂടി പൊളിയുന്നു; വൈറല്‍ വീഡിയോക്ക് കൃത്യമായ മറുപടിയുമായി വൈദികന്‍റെ കുറിപ്പ്

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

തിരുസഭയ്ക്കു എതിരെ വ്യാപക വിമര്‍ശനവുമായി ഒരു പ്രവാസി യുവാവ് നടത്തിയ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്. തൊണ്ണുറായിരത്തില്‍ അധികം ആളുകള്‍ കാണുകയും രണ്ടായിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ജോസ്മോന്‍ എന്ന യുവാവിന്റെ വീഡിയോയില്‍ തന്റെ കുടുംബത്തിനു ഉണ്ടായ അനുഭവമാണ് ഇദ്ദേഹം പ്രധാനമായും എടുത്തുക്കാട്ടുന്നത്. തന്റെ പിതാവിൻ്റെ ആത്മഹത്യക്ക് മുഖ്യ കാരണക്കാരൻ ഫാ. ജോർജ് കപ്പുകാലയിൽ എന്ന വൈദികനാണെന്നും അദ്ദേഹത്തിന്റെ തീരുമാനം തന്റെ കുടുംബത്തിനെ തകര്‍ക്കുന്നതായിരിന്നുവെന്നും ഇദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

സത്യത്തില്‍ എന്താണ് സംഭവിച്ചത്? വിഷയത്തില്‍ വ്യക്തവും ആധികാരികവുമായി മറുപടിയുമായി ഫാ. ജോർജ് കപ്പുകാലയിൽ രംഗത്തെത്തിരിക്കുകയാണ്. പൗരോഹിത്യ വിരുദ്ധ പ്രസ്താവനകൾക്ക് നല്ല കമ്പോള മൂല്യമുള്ള ഈ കാലയളവിൽ സത്യാന്യോഷകർക്ക് വേണ്ടിയാണ് ഈ കുറിപ്പ് എന്ന ആമുഖത്തോടെയാണ് വൈദികന്റെ മറുപടി ആരംഭിക്കുന്നത്. വീഡിയോയിലെ വിവിധ പരാമര്‍ശങ്ങളെ അക്കമിട്ട് നിരത്തിയാണ് വൈദികന്‍ മറുപടി നല്‍കുന്നത്.

ഫാ. ജോർജ് കപ്പുകാലയിലിന്റെ മറുപടി പൂര്‍ണ്ണരൂപത്തില്‍ ‍

ഞാൻ, ഫാ.ജോർജ് കപ്പുകാലയിൽ, കോട്ടയം അതിരൂപത വൈദികൻ, ഇപ്പോൾ അരീക്കര പള്ളി വികാരി.

ഖത്തറിൽ ജോലി ചെയ്യുന്ന പറമ്പഞ്ചേരി ഇടവകാഗംമായ ശ്രീ ജോസ്‌മോൻ ജേക്കബ് കാരിപ്ലാക്കൽ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ ചില പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ശ്രദ്ധയിൽ പെടുകയുണ്ടായി. സ്വന്തം മനഃസാക്ഷിക്കുത്ത് മറച്ചുവെക്കുന്നതിനുവേണ്ടിയുള്ള ഡിഫെൻസിവ് മെക്കാനിസം എന്നു കരുതി ഞാൻ ഇതിനെ അവഗണിക്കുകയായിരുന്നു. എന്നാൽ നിഷ്കളങ്കരായ നല്ല മനുഷ്യർ പോലും വസ്തുതകൾ തെറ്റുദ്ധരിക്കും എന്നതിനാൽ, സത്യാവസ്ഥ വെളിപ്പെടുത്തണം എന്ന് എൻ്റെ സ്നേഹിതരും കുടുംബാംഗങ്ങളും എന്നെ നിർബന്ധിക്കുകയുണ്ടായി.

ഇക്കാര്യത്തിൽ മറ്റുചിലർ നടത്തിയ പ്രതികരണങ്ങൾ അപൂർണങ്ങളും അപാകതകൾ ഉള്ളതായും ഞാൻ മനസിലാക്കുകയുണ്ടായി. പൗരോഹിത്യ വിരുദ്ധ പ്രസ്താവനകൾക്ക് നല്ല കമ്പോള മൂല്യമുള്ള ഈ കാലയളവിൽ സത്യാന്യോഷകർക്ക് വേണ്ടി ഞാൻ ഈ കുറിപ്പ് എഴുതുന്നു.

വിവാദ പ്രസ്താവന നടത്തിയ ജോസ്‌മോൻ ജേക്കബിൻ്റെ (ജോസ്‌മോൻ) പിതാവ് ശ്രീ.ചാക്കോ ജോസഫ് കാരിപ്ലാക്കൽ (ചാക്കോ)-ൻ്റെ ആത്മഹത്യക്ക് മുഖ്യ കാരണക്കാരൻ ഞാൻ (ഫാ.ജോർജ് കപ്പുകാലയിൽ) എന്നാണല്ലോ ആരോപണത്തിൻ്റെ സാരാംശം. ഈ ആരോപണം തികച്ചും സത്യവിരുദ്ധവും അടിസ്ഥാനരഹിതവും ജോസ്‌മോൻ്റെ തന്നെ മനസാക്ഷിയെ വഞ്ചിക്കുന്നതുമാണ്. ഉച്ചക്കഞ്ഞിപ്രശ്നവും ഈ ആത്മഹത്യയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ല. വ്യത്യസ്ത കാരണത്താലാണ് ഈ ആത്മഹത്യാ നടന്നിട്ടുള്ളത്. പശ്ചാത്തല വിവരണത്തോടെ ഈ കാര്യം സംക്ഷിപ്തമായി വിശദീകരിക്കാം.

1. ജോസ്‌മോൻ്റെ മാതാവ് ശ്രീമതി ലില്ലി ചാക്കോ ഒരു നല്ല സ്ത്രീയാണ്. സഹനത്തിൻ്റെ തീച്ചൂളയിലൂടെ സഞ്ചരിച്ച ഒരു നല്ല വ്യക്തിയാണ്. ആ മഹതിയോടുള്ള സ്‌നേഹാദരവുകൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ജോസ്‌മോൻ്റെ പിതാവ് ശ്രീ.ചാക്കോയുടെ ഈ ലോക ജീവിത ചെയ്തികളോടും ശൈലികളോടും വിയോജിപ്പുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ വ്യക്തിപരമായ നല്ല അടുപ്പവും ബന്ധവും മരണത്തിനു തൊട്ടുമുൻപ് വരെയും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പോരായ്മകൾ ഞാൻ സ്നേഹപൂർവ്വം അദ്ദേഹത്തോടുതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജോസ്‌മോനോട് എനിക്ക് പിണക്കമോ വൈരാഗ്യമോ ഇല്ല. മറിച്ച് സഹാനുഭൂതിയും സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് ഐശ്വര്യം കൈവരിക്കണമെന്നുള്ള ആഗ്രഹവും മാത്രമാണുള്ളത്. ഒപ്പം, കടന്നു വന്ന വഴികൾ മറക്കരുതെന്ന ഉപദേശവും.

2 . 1987 മെയ് 15 മുതൽ 1991 മെയ് 17 വരെയുള്ള നാലുവർഷക്കാലം പറമ്പഞ്ചേരി പള്ളിയുടെയും വാരപ്പെട്ടി പള്ളിയുടെയും വികാരിയായി ഒരേ സമയം ഞാൻ സേവനം അനുഷ്ഠിച്ചിരുന്നു. ഈ കാലയളവിലാണ്- 1988 ജൂൺ, ജൂലൈ മാസങ്ങളിൽ, വിവാദ സംഭവവികാസങ്ങൾ നടന്നത്.

3 . ചാക്കോയുടെ ആത്മഹത്യക്ക് കാരണം എന്ത്?

1988 ജൂലൈ നാലാം തിയതിയാണ് ചാക്കോയുടെ ആത്മഹത്യ നടന്നത്. ആത്മഹത്യക്ക് യഥാർത്ഥ കാരണം കുടുംബപ്രശ്നമാണ്. കുടുംബകലഹങ്ങൾ പലതവണ നടന്നിട്ടുണ്ടെങ്കിലും ആത്മഹത്യക്ക് തൊട്ടുമുൻപ് നടന്ന കുടുംബകലഹത്തിൽ, അവിചാരിതമായിട്ടാണെങ്കിലും സംഭവിച്ച ഒരു നടപടി ആത്മഹത്യയിലേക്ക് നയിച്ചു. അക്കാര്യം ലില്ലി ചാക്കോയ്ക്കും ജോസ്‌മോനും കൃത്യമായി അറിയാവുന്നതാണ്. ഈ വസ്തുത, ആ കാലയളവിൽ തന്നെ ജോസ്‌മോൻ എന്നോട് രഹസ്യമായി പറഞ്ഞിട്ടുള്ളതും ആണ്. അത് കുമ്പസാരരഹസ്യമായിരുന്നില്ല.ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ഈ രഹസ്യം കുടുംബാഗങ്ങളിൽ ചിലർക്കും,പറമ്പഞ്ചേരി നിവാസികളിൽ ചുരുക്കം ചിലർക്കും അറിയാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ രഹസ്യം ഞാൻ ആയിട്ട് വെളിപ്പെടുത്തുന്നില്ല. എന്നാൽ ഈ രഹസ്യം വെളിപ്പെടുത്തണം എന്ന് ജോസ്‌മോൻ നിർബന്ധിക്കുന്ന പക്ഷം നിയപരമായ തടസങ്ങൾ ഇല്ലെങ്കിൽ വെളിപ്പെടുത്താം. ചാക്കോ മരിച്ചതിനെ തുടർന്ന് പോലീസിൽ കേസ് കൊടുക്കണം എന്ന് ചില തൽപരകക്ഷികൾ നിർബന്ധിച്ചെങ്കിലും ലില്ലിയും അടുത്ത കുടുംബാംഗങ്ങളും അതിനു തയ്യാറായില്ല. കാരണം ചിന്തനീയം. സത്യാവസ്ഥ ഇതായിരിക്കെ ഉച്ചക്കഞ്ഞി പ്രശ്‌നവുമായി ഈ മരണത്തെ എന്തിനു ബന്ധപ്പെടുത്തുന്നു?

4 . ലില്ലി ചാക്കോയെ 'കള്ളി' എന്ന് പറഞ്ഞുവോ?

ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. ജോസ്‌മോൻ പരാമർശിച്ച പാരിഷ് കൗൺസിൽ യോഗം 1988 ജൂൺ എട്ടാം തിയതി വൈകിട്ട് ഏഴുമണിക്കാണ് നടന്നത് നാലിനു മുമ്പ് എന്ന് ജോസ്‌മോൻ പറഞ്ഞിരിക്കുന്നത് തെറ്റാണ്. ഉച്ചക്കഞ്ഞി പ്രശ്നം (ലില്ലി ചാക്കോ പ്രശ്‌നം) ചർച്ച ചെയ്യുന്നതിന് വേണ്ടി മാത്രമാണ് യോഗം കൂടിയത്. ചർച്ച ഒരു മണിക്കൂർ നീണ്ടുനിന്നു. ലില്ലി ചാക്കോയെ അനുകൂലിക്കുന്ന പാരിഷ് കൗൺസിൽ അംഗങ്ങളും പ്രസ്തുത യോഗത്തിൽ സംബദ്ധിച്ചിച്ചിരുന്നു. പ്രശ്നകാരണവും പരിഹാര മാർഗങ്ങളും വിശദമായി ചർച്ച ചെയ്തു. ലില്ലി ചാക്കോ കള്ളി ആണെന്നോ ഉച്ചക്കഞ്ഞി കട്ടുകൊണ്ട് പോയി എന്നോ പ്രസ്തുത യോഗത്തിൽ ആരും പറഞ്ഞിട്ടില്ല. പ്രസ്തുത യോഗം ഐക്യകണ്ഠേന കൈക്കൊണ്ട രണ്ടു തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.

(1 ) ശ്രീമതി.ലില്ലി ചാക്കോയെ പിരിച്ചു വിടുകയും പകരം ആൻസി കുര്യാക്കോസിനെ പാചകജോലിക്ക് നിയമിക്കുകയും ചെയ്ത ഹെഡ്മിസ്ട്രസിൻ്റെ നടപടി അംഗീകരിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു.

(2 ) ലില്ലി ചാക്കോയുടെ സാമ്പത്തിക ക്ലേശം കണക്കിലെടുത്ത് MCH programme assistant തസ്തികയിൽ ജോലി നൽകാവുന്നതാണ്.

പാചകജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ഈ ജോലിയിൽ നിന്നും ലഭ്യമായിരുന്നു. കള്ളിയായി ചിത്രീരീകരിച്ചിരിന്നുവെങ്കിൽ കൂടുതൽ വിശ്വസ്തത പുലർത്തേണ്ട പ്രസ്തുത ജോലിക്ക് ലില്ലി ചാക്കോയെ നിർദ്ദേശിക്കുമായിരുന്നോ?

ലില്ലി ചാക്കോയെ അനുകൂലിച്ച് സംസാരിച്ചവരും പ്രസ്തുത യോഗ തീരുമാനത്തിൽ ഒപ്പിട്ടിട്ടുള്ളതാകുന്നു. അവരും ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസ്തുത പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടിയത്.

5. ലില്ലി ചാക്കോയെ പിരിച്ചു വിടുന്നതിനുള്ള കാരണം എന്ത്?

1987 മാർച്ച് 31 വരെ പാചകജോലി നിർവഹിച്ചിരുന്നത് കൊച്ചുവീട്ടിൽ ആൻസി കുര്യാക്കോസ് ആയിരുന്നു. ചികിത്സാർത്ഥം 1987 ജൂൺ മുതൽ കുറച്ചുനാളത്തേക്ക് അവധിനൽകണമെന്ന ആൻസി കുര്യാക്കോസിൻ്റെ അപേക്ഷ പരിഗണിച്ച് ലില്ലി ചാക്കോയെ 1987 ജൂൺ മുതൽ 1988 മാർച്ച് വരെ കാലാവധിക്ക് ഉച്ചക്കഞ്ഞി പാചക്കാരിയായി ഹെഡ്മിസ്ട്രസ് സിസ്റ്റർ മറ്റേർണ പ്രത്യേക താല്പര്യപ്രകാരം നിയമിച്ചു. ലില്ലി ചാക്കോയുടെ കുടുംബസാഹചര്യം അനുഭാവപൂർവം കണക്കിലെടുത്ത് ഒരു കാരുണ്യപ്രവൃത്തി ആയിട്ടാണ് പ്രസ്തുത നിയമനം നടത്തിയതെങ്കിലും തുടർന്നുള്ള കാര്യങ്ങൾ സുഗമമായിരുന്നില്ല. ജോലിക്ക് വൈകി വരുന്നത് ക്രമാതീതമായപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തു. ലില്ലി ചാക്കോയുടെ കുടുംബത്തിലെ പ്രത്യേക സാഹചര്യം മൂലമാണ് അപ്രകാരം സംഭവിച്ചത്. കാരുണ്യം നല്ലതുതന്നെ.

എന്നാൽ അതിൻ്റെ പേരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൃത്യസമയത്ത് നല്ലരീതിയിൽ നൽകുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഹെഡ്മിസ്ട്രെസ്സിനു ഒഴിഞ്ഞുമറാനാവില്ല. അതാണ് അവർ തമ്മിലുള്ള അകൽച്ചക്ക് മുഖ്യ കാരണം. മിച്ചമുള്ള ഉച്ചക്കഞ്ഞി വീട്ടിൽ കൊണ്ടുപോകുന്നതിന് തുടക്കം മുതലേ അനുവദിച്ചിരുന്നു.അതേസമയം കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് ഉച്ച ഭക്ഷണം മാറ്റിവെക്കരുതെന്നും നേരത്തെ വീട്ടിലേക്ക് കൊടുത്തുവിടരുതെന്നും ഹെഡ്മിസ്ട്രസ് കർശനമായി പറഞ്ഞിരുന്നു.

ഈ വ്യവസ്ഥ പലപ്പോഴും പാലിക്കാതിരുന്നതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് മുന്നറിയിപ്പ് നൽകുകയും ശാസിക്കുകയും ചെയ്തട്ടുണ്ട്. PTA കമ്മിറ്റികളിൽ ഈ കാര്യം ആക്ഷേപമായി ഉന്നയിക്കുകയും ചെയ്തട്ടുള്ളതാണ്. മേല്പറഞ്ഞ കാരണങ്ങളാൽ താൽക്കാലിക നിയമനത്തിൻ്റെ കാലാവധി തീർന്നതിനെ തുടർന്ന് ലില്ലി ചാക്കോക്ക് തുടർനിയമനം നടത്താതെ 1987 മാർച്ച് വരെ പാചകജോലി ചെയ്തിരുന്ന ആൻസി കുര്യാക്കോസിനെ 1988 ജൂൺ മുതൽ പുനർനിയമിച്ചു. ആൻസി കുര്യാക്കോസും സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു. ഒപ്പം പറമ്പഞ്ചേരി ഇടവകാംഗവും ആണ്.

6 . പാചകജോലിക്കുള്ള പ്രതിഫലം ഗവ. അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ലില്ലി ചാക്കോയ്ക്ക് നൽകിയിട്ടുണ്ട്. തുക കുറഞ്ഞുപോയതായി ലില്ലി ചാക്കോ പരാതിപ്പെട്ടിട്ടില്ല.

7 . ലില്ലി ചാക്കോയെ കള്ളി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ വിളിച്ചിരുന്നെങ്കിൽ ഈ ആക്ഷേപം മൂലം കൂടുതൽ വേദന ഉണ്ടാകേണ്ടത് ലില്ലി ചാക്കോയ്ക്ക് അല്ലേ? ഭാര്യയുമായി കലഹിച്ചു കഴിഞ്ഞിരുന്ന ചാക്കോ ഇതിൻ്റെ പേരിൽ ആത്മഹത്യാ ചെയ്യേണ്ടതുണ്ടോ?

8 . ചാക്കോ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് വാരപ്പെട്ടി പള്ളിയിൽ വന്നിരുന്നു എന്നും പ്രത്യക്ഷപ്പെടാതെ ഞാൻ കതകടച്ച് മുറിക്കകത്തു ഇരുന്നു എന്നും, പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ തട്ടികളഞ്ഞേനെ എന്നും ജോസ്‌മോൻ്റെ പ്രസ്താവനയിൽ പറയുന്നു. ജോസ്മോൻ ഇത് നേരിട്ട് കണ്ടതുപോലെ തോന്നിപോകുന്നു. 'ഞാൻ അന്ന് വാരപ്പെട്ടി പള്ളിയിലോ പരിസരത്തോ ഉണ്ടായിരുന്നില്ല.' തന്മൂലം ചാക്കോ അന്ന് പള്ളിമുറിയിൽ വന്നിരുന്നു എന്ന് എനിക്ക് അറിവില്ല. വന്നിരുന്നെങ്കിൽതന്നെ മറ്റുലക്ഷ്യങ്ങൾക്കും ആകാമായിരുന്നില്ലേ? ഉദാഹരണം, തനിക്കുണ്ടായ തിക്താനുഭവം പങ്കുവെക്കൽ, കുമ്പസാരം, etc ...

എന്നോട് യാതൊരു ദേഷ്യവും ചാക്കോക്ക് ഇല്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം.

9 . പരിഹാരപ്രവൃർത്തിയോ?

1988 ജൂൺ എട്ടിന് കൂടിയ പാരിഷ് കൗൺസിൽ യോഗം പാചകജോലിക്ക് പകരം MCH programme assistant ആയി നിയമിക്കാം എന്ന് പറഞ്ഞപ്പോൾ ലില്ലി ചാക്കോ ആദ്യം സമ്മതിച്ചു. എന്നാൽ ചില തൽപരകക്ഷികളുടെ പ്രേരണമൂലം പിന്നീട് വേണ്ടെന്ന് വെച്ചു. എന്നിട്ടും 1988 ആഗസ്റ്റ് ഒന്ന് മുതൽ പള്ളിവക നേഴ്സറി സ്കൂളിൽ ഹെൽപ്പർ ആയി ലില്ലി ചാക്കോയെ നിയമിച്ചു. നല്ല രീതിയിൽ ആ ജോലി നിർവഹിച്ചു.കൂടാതെ എൻ്റെയും കൂടി ശുപാർശ പ്രകാരം ജോസ്‌മോൻ്റെ പെങ്ങൾ നിർമ്മലക്ക് കോട്ടയം BCM കോളേജിൽ പ്രീ ഡിഗ്രിക്ക് അഡ്മിഷൻ ലഭിക്കുകയും രണ്ടു വർഷത്തെ കോഴ്സിനുള്ള പഠന ചെലവും ഹോസ്റ്റൽ ഫീസും വിസിറ്റേഷൻ കോൺഗ്രിഗേഷൻ വഹിക്കുകയും ചെയ്തു.കൂടാതെ പലവിധ സഹായങ്ങൾ പള്ളിയിൽ നിന്നും കോൺവെൻറ്റിൽ നിന്നും പ്രസ്തുത കുടുംബത്തിന് നല്കിയിട്ടുള്ളതാണ്. ഇപ്രകാരം ചെയ്തത് ഏതെങ്കിലും തെറ്റിൻ്റെ പരിഹാരമായിട്ടാണ് എന്ന് ചില തൽപരകക്ഷികളുടെ ദുർവ്യാഖ്യാനങ്ങൾ തികച്ചും നിർഭാഗ്യകരമാണ്.

10 . ചാക്കോയുടെ മരണശേഷം ഞാൻ മലബാറിലേക്ക് ഉടൻ പോയെന്നും ഭയം മൂലം പറമ്പഞ്ചേരിക്ക് വന്നിട്ടില്ലെന്നും എന്നെ ഒരിക്കലും കണ്ടിട്ടില്ലെന്നും ജോസ്‌മോൻ പറയുന്നത് കള്ളമല്ലേ? ചാക്കോയുടെ മരണശേഷം ഏകദേശം മൂന്നു വർഷം കഴിഞ്ഞാണ്, 1991 മെയ് 17 ന് ഞാൻ മലബാറിലെ തേറ്റമല പള്ളിയിലേക്ക് സ്ഥലം മാറിപോകുന്നത്. അതിനിടയിൽ ഞാൻ പലതവണ ജോസ്‌മോൻ്റെ വീട്ടിൽ വന്നിട്ടുണ്ട്. ജോസ്‌മോൻ പള്ളിമുറിയിൽ വരുകയും സംസാരിക്കുകയും ചെയ്തട്ടുണ്ട്.സ്ഥലം മാറി പോയതിനു ശേഷവും ഞാൻ പലതവണ പറമ്പഞ്ചേരിക്ക് വരുകയും ചിലപ്പോഴോക്കെ ജോസ്‌മോൻ്റെ വീട്ടിൽ വരുകയും ചെയ്തട്ടുണ്ട്. ജോസ്‌മോൻ മടമ്പം പള്ളിമുറിയിൽ താമസിച്ചുകൊണ്ട് ബി.എഡ് പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ രണ്ടുതവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്.

11 . സ്കൂളിലെ ഉച്ചക്കഞ്ഞി പാചകജോലിക്ക് ലില്ലി ചാക്കോയെ നിയമിച്ചതിലും തുടർനിയമനം നല്കാത്തതിലും എനിക്ക് പങ്കില്ല. പ്രസ്തുത ജോലിക്ക് നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും സമ്പൂർണ്ണ അധികാരം ഗവൺമെൻറ് പ്രഥമ അധ്യാപികയ്ക്ക് നല്കിയിട്ടുള്ളതാകുന്നു. എന്തെന്നാൽ ഉച്ചകഞ്ഞികാര്യത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ മുഖ്യ ഉത്തരവാദിത്തം ഹെഡ്മിസ്ട്രെസ്സിന് ആണ്. തന്മൂലം ഞാൻ മാനേജർ ആയിട്ടുള്ള ഒരു സ്കൂളിലും ഈ കാര്യത്തിൽ ഇടപെട്ടിട്ടില്ല. എന്നാൽ പറമ്പഞ്ചേരി സ്കൂളിൽ ഈ വിഷയത്തിൽ വിവാദം ഉണ്ടാകുകയും സിസ്റ്റേഴ്സിനെ ചിലർ ചീത്തപറയുകയും ചെയ്തപ്പോൾ സത്യാവസ്ഥ ബോധ്യപ്പെട്ട് ഞാൻ സത്യത്തിൻ്റെ പക്ഷത്തു നിലകൊണ്ടു എന്നുള്ളത് വാസ്തവമാകുന്നു.

12 . തൻ്റെ പിതാവായ ചാക്കോയുടെ മരണം ജൂലൈ നാലാം തിയതി ആണെന്ന് ജോസ്‌മോന് കൃത്യമായി അറിയാവുന്നതാണ്. പ്രസ്തുത തിയതിക്ക് ജോസ്‌മോൻ കഴിയുമെങ്കിൽ പള്ളിയിൽ വന്ന് ഉള്ളുരുകി പ്രാർത്ഥിക്കാറുള്ളതാണ്. അങ്ങനെയിരിക്കെ പിതാവിൻ്റെ മരണം ജൂലൈ നാല് എന്നതിന് പകരം ജൂൺ നാല് എന്ന് പറഞ്ഞത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഞാൻ കരുതുന്നില്ല. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ട്. ആത്മഹത്യയെ ഉച്ചക്കഞ്ഞി പ്രശ്‌നവുമായി വൈകാരികമായി ബന്ധിപ്പിക്കുന്നതിന്, പാരിഷ് കൗൺസിൽ യോഗം ജൂൺ നാലിനു മുൻപാക്കി അമ്മയെ കള്ളിയെന്ന് പാരിഷ് കൗൺസിൽ പറഞ്ഞു എന്ന് ആരോപിച്ച്, യഥാർത്ഥ മരണകാരണം മറച്ചുവെക്കുവാനും ശ്രോതാക്കളിൽ സഹതാപതരംഗം വളർത്തുവാനും വേണ്ടി ബോധപൂർവം നടത്തിയ ശ്രമമായിട്ട് അനുമാനിച്ചാൽ തെറ്റാകുമോ? ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കരുതെന്നും കണ്ണടച്ച് ഇരുട്ടാക്കരുതെന്നും മനഃസാക്ഷിക്കുത്ത് ശമിപ്പിക്കാൻ അസത്യ പ്രസ്താവന നടത്തരുതെന്നും സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

ഉപസംഹാരം: ‍

ജോസ്‌മോൻ ആദ്യഘട്ടത്തിൽ എനിക്കെതിരെ പറഞ്ഞെങ്കിലും വിവിധ പ്രതികരണങ്ങൾക്ക് ശേഷം എന്നെ പറ്റി ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി. എന്നാൽ ആരോപണത്തിൻ്റെ കാതലായ പോയിൻറ്റിൽ നിന്നും മാറിയിട്ടില്ല. ഞാൻ പൂർണനല്ലെന്നും പോരായ്മകൾ ഉണ്ടെന്നും അടിവരയിട്ടു പറയുന്നു. എന്നാൽ ജോസ്‌മോൻ ഉന്നയിച്ച വിഷയത്തിൽ ഞാൻ കുറ്റക്കാരനല്ല. ശ്രീ.ചാക്കോ അകാലത്തിൽ മരിച്ചതിൽ വിശിഷ്യ, ആത്മഹത്യ ചെയ്തതിൽ ഭാര്യക്കും മക്കൾക്കും ഉള്ള ദുഃഖത്തിൽ ഞാൻ എക്കാലവും പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു. വിവിധ സമകാലിക വിഷയങ്ങൾ പ്രതിപാദിച്ചപ്പോൾ വൈകാര്യ തീവ്രതയിൽ അബദ്ധത്തിൽ എന്നെകുറിച്ച് പറഞ്ഞുപോയതാണെങ്കിൽ എനിക്ക് ദുഃഖമില്ല.

ജോസ്‌മോൻ അടക്കമുള്ള കുടുംബാംഗങ്ങളെ മനസാ വാചാ കർമ്മണ ഞാൻ ഒരു തരത്തിലും ദ്രോഹിച്ചിട്ടില്ല എന്നാണ് എൻ്റെ വിശ്വാസവും ബോധ്യവും. ജോസ്‌മോനും കുടുംബാംഗങ്ങളും ഞാൻ ഉൾപ്പടെ നമ്മളെല്ലാവരും സത്യത്തിൻ്റെ പാതയിൽ മുന്നേറുവാനുള്ള ദൈവകൃപക്ക് വേണ്ടി പ്രാർത്ഥിക്കാം.

സർവവിധ നന്മകളും ദൈവാനുഗ്രഹവും നേർന്നുകൊണ്ട്, സ്നേഹപൂർവം, കപ്പുകാലയിൽ ജോർജച്ചൻ.

- (സോഷ്യല്‍ മീഡിയായില്‍ കാണുന്നതും പറയുന്നതും എല്ലാം സത്യമാണെന്ന ചിന്ത മൗഡ്യമാണ്‌. കണ്ണുമടച്ചു വിശ്വസിക്കുന്നതിന് മുന്‍പ്, ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് നാം അറിയാത്ത വസ്തുതകള്‍ അതിന് പിന്നില്‍ ഉണ്ടെന്നു ഇനിയെങ്കിലും മനസിലാക്കുക)


Related Articles »