Life In Christ - 2024
ബൈബിളുമായി കുട്ടികള്‍ സ്കൂളിലെത്തി; ശ്രദ്ധേയമായി '#BringYourBible’
സ്വന്തം ലേഖകന്‍ 06-10-2018 - Saturday
വാഷിംഗ്ടണ്‍ ഡിസി: ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ആയിരകണക്കിന് കുട്ടികൾ സ്കൂളില്‍ എത്തിയത് ബൈബിളുമായി. 'ബ്രിംഗ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ’ ഓണ്‍ലൈന്‍ ക്യാംപെയിന്‍ ഏറ്റുപിടിച്ചാണ് സ്കൂള്‍ കുട്ടികള്‍ ബൈബിളുമായി സ്കൂളിലെത്തിയത്. ഒരാഴ്ച മുന്‍പാണ് #BringYourBible എന്ന ഹാഷ്ടാഗോട് കൂടി സ്കൂളില്‍ ബൈബിളും കയ്യില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാഥാസ്ഥിതിക ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ രംഗത്തെത്തിയത്. ഇത് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റെടുക്കുകയായിരിന്നു.
കുട്ടികള്‍ ഒരിക്കലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം മറച്ചുവെക്കരുതെന്ന ചിന്ത പകരുവാനാണ് സംഘടന ഇത്തരത്തില്‍ ഒരു ക്യാംപെയിന് ആഹ്വാനം നല്‍കിയത്. അമേരിക്കയിലെ സുപ്രസിദ്ധ ക്രിസ്ത്യന്‍ നടിയായ സാഡി റോബര്‍ട്സണ്‍ ആണ് പരിപാടിയുടെ ഹോണററി കൊ-ചെയര്‍പേഴ്സന്‍. തന്റെ 18 ലക്ഷത്തോളം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്സിനോട് ഈ പരിപാടിയിലെ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ റോബര്‍ട്സണ്‍ പോസ്റ്റ് ചെയ്തിരുന്നു.
2014-ലാണ് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ വ്യത്യസ്തമായ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചത്. ഒരു നല്ല കുടുംബ ജീവിതം നയിക്കുവാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും, കുട്ടികളെ ദൈവഭയമുള്ളവരായി വളരുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ബൈബിള്‍ ക്യാംപെയിനില്‍ എങ്ങനെ പങ്കെടുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും സംഘടന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസ്തുത ബൈബിള്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഏതാണ്ട് 5,00,000 ത്തോളം കുട്ടികള്‍ സ്കൂളില്‍ ബൈബിള്‍ കൊണ്ടുവന്നിരുന്നു.