Question And Answer

ദൈവാരാധനയ്ക്കായി കോടികള്‍ മുടക്കി ദേവാലയം നിര്‍മ്മിക്കുന്നത് യുക്തമാണോ?

വിനോദ് നെല്ലയ്ക്കൽ 29-10-2018 - Monday

ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാദേവാലയം ഇരുപത് കോടി രൂപ ചിലവില്‍ രാമപുരത്ത് ഒരുങ്ങുന്നു: ദൈവാരാധനയ്ക്കായി ഇത്രമാത്രം കോടികള്‍ മുടക്കി ദേവാലയം നിര്‍മ്മിക്കുന്നത് യുക്തമാണോ? ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും നമുക്കിടയില്‍ ഉയരുന്ന ചില ചോദ്യങ്ങളുടെ മാതൃകയാണിത്. സമാനമായ അനവധി സന്ദര്‍ഭങ്ങളില്‍ വിമര്‍ശനസ്വഭാവമുള്ള ചോദ്യശരങ്ങള്‍ ഉയരുകയും, തിരുസഭയും സഭാനേതൃത്വവും പലപ്പോഴും പ്രതികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത് പതിവാണ്. അനേകര്‍ക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വിഷയവുമാണ് ഇത് എന്നതിനാല്‍ ഒരു ആഴമുള്ള വിചിന്തനം ആവശ്യമാണെന്ന് കരുതുന്നു.

ദേവാലയ നിര്‍മ്മിതിയുടെ ചരിത്രത്തില്‍ നിന്നും ആരംഭിക്കാം. ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തില്‍, ദാവീദ് രാജാവിന്റെ ഭരണകാലത്ത് പദ്ധതിയിട്ട് തുടങ്ങി സോളമന്‍ രാജാവ് പണികഴിപ്പിച്ച ജറുസലേം ദേവാലയമാണ് ഏറ്റവും വലിയൊരു മാതൃകയായി ഇന്നും നമുക്ക് മുന്നിലുള്ളത്. അതാണ് ചരിത്രത്തിലെ ആദ്യ ദേവാലയം എന്ന് പറയപ്പെടുന്നു. വളരെ വര്‍ഷങ്ങള്‍ക്കൊണ്ട് അനേകായിരങ്ങള്‍ അധ്വാനിച്ച് പണികഴിച്ച ആ ദേവാലയത്തിന്റെ നിര്‍മ്മിതിയെക്കുറിച്ച് പഴയനിയമത്തിലും (1 രാജാക്കന്മാര്‍ 6, 7, 8, 9 അദ്ധ്യായങ്ങള്‍) ചരിത്രത്തിലും നാം വായിക്കുന്നു. ഇന്നത്തെ നമ്മുടെ ദേവാലയ സങ്കല്‍പ്പത്തില്‍ നിന്ന് ഒട്ടൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും, ദേവാലയ നിര്‍മ്മിതിയുടെ മനോഭാവവും ഒരു ജനതയുടെ വികാരവും നേതൃത്വം നല്‍കിയ രാജാവിന്റെ സമര്‍പ്പണവും ശ്രദ്ധേയമാണ്. ദേവാലയ നിര്‍മ്മിതിയെക്കുറിച്ചുള്ള ദൈവഹിതം എന്തെന്നും, അതിന്റെ ആദ്ധ്യാത്മിക തലവും ജറുസലേം ദേവാലയ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. പില്‍ക്കാലത്ത് യഹൂദരുടെ ആത്മീയത രൂപപ്പെട്ടിരുന്നതും, പരിപോഷിപ്പിക്കപ്പെട്ടിരുന്നതും ആ ദേവാലയത്തെ ആശ്രയിച്ചാണ് എന്ന് നമുക്കറിയാം.

ബിസി 539-ല്‍ ജറുസലേം ദേവാലയം ആക്രമിക്കപ്പെട്ടപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അഗ്‌നി അണയാതെ സൂക്ഷിച്ച യഹൂദര്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കഠിനാധ്വാനം ചെയ്ത് ആ ദേവാലയം പണിതുയര്‍ത്തുന്നതും നാം കാണുന്നു. പില്‍ക്കാലത്ത് ക്രൈസ്തവര്‍ രൂപം കൊള്ളുകയും, ലോകമെങ്ങും വ്യാപിക്കുകയും, സ്വാധീനശക്തിയാര്‍ജ്ജിക്കുകയും ചെയ്തപ്പോള്‍, ദേവാലയത്തിന്റെ ആദ്യ മാതൃകയായി കണ്ടത് ജറുസലേം ദേവാലയമായിരുന്നുവെങ്കിലും, കാഴ്ചപ്പാടുകളില്‍ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ടായിരുന്നു. ഏക ദേവാലയം എന്നതായിരുന്നില്ല അടിസ്ഥാന ആശയം. ചെറുതും വലുതുമായ സമൂഹങ്ങളായി ക്രൈസ്തവര്‍ രൂപപ്പെട്ടിടത്തെല്ലാം ഒരുമിച്ചുകൂടി ആരാധിക്കുവാന്‍ സൗകര്യപ്രദമായ ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു അവര്‍ ചെയ്തത്. പക്ഷേ ദൈവാരാധനയ്ക്കായി ഒരു ആലയം പണിയുമ്പോള്‍, അത് മഹത്തരമായിരിക്കണം എന്ന സോളമന്‍ രാജാവിന്റെ ആശയം അവിടെയും കഴിവതും പിന്തുടര്‍ന്നു പോന്നു.

പതിനാറാം നൂറ്റാണ്ട് മുതലുള്ള കാലങ്ങളില്‍ യൂറോപ്പില്‍ പണികഴിപ്പിക്കപ്പെട്ട അനവധി കൂറ്റന്‍ ദേവാലയങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും യൂറോപ്പിലെ ആത്മീയ അപചയത്തെയും ചേര്‍ത്തുവച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ഇവിടെ പതിവായി ഉയര്‍ന്നുകാണുന്നുണ്ട്. യൂറോപ്പ്യന്‍ ജനതയ്ക്കിടയിലുണ്ടായിരുന്ന വിശ്വാസം നശിക്കുവാന്‍ കാരണമാക്കിയ അനവധി സാഹചര്യങ്ങള്‍ ചില നൂറ്റാണ്ടുകള്‍ക്കിടയില്‍ സംഭവിച്ചിരുന്നു. ദേവാലയങ്ങളുടെ വലിപ്പവുമായി അവയ്‌ക്കൊന്നും ബന്ധമില്ല എന്ന് മനസിലാക്കുക. ഈടുറ്റ ദേവാലയങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവ കാലത്തെ അതിജീവിക്കുകയും, വിശ്വാസം പലകാരണങ്ങള്‍കൊണ്ടും ക്ഷയിക്കുകയുമാണ് അവിടെ സംഭവിച്ചതെങ്കില്‍, അതില്‍നിന്നും പാഠമുള്‍ക്കൊണ്ട്, നമ്മുടെ നിര്‍മ്മിതികള്‍ മാത്രമല്ല, വിശ്വാസവും കാലങ്ങളെ അതിജീവിക്കുവാനാവും വിധം ശക്തമായി തീരുവാനായി പ്രയത്‌നിക്കുകയാണ് നാം ചെയ്യേണ്ടത്; ദേവാലയം പണിയാതിരിക്കുകയല്ല.

ഈ അവസരത്തില്‍, ദൈവനാമത്തില്‍ ചെയ്യുന്ന നിര്‍മ്മിതികളുടെ ദൈവശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും യുക്തമായിരിക്കും. വാസ്തവത്തില്‍, ആധുനിക മനുഷ്യന്റെ ലോകസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പരമ്പരാഗതമായി കൈമാറി വരുന്ന ആദ്ധ്യാത്മിക നിലപാടുകളും, വിശ്വാസവും. പണമെറിഞ്ഞ് പണം നേടുന്ന ഇന്നത്തെ കച്ചവട മനസുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടേറിയ ഒരു തലം ഇത്തരം ചിലയിടങ്ങളിലുണ്ട്. സമ്പത്തും അധികാരവും സകല സൗഭാഗ്യങ്ങളും ദൈവത്തില്‍ നിന്ന് വരുന്നു എന്ന അടിസ്ഥാന ചിന്തയാണ് ഏറ്റവും ലളിതമായ ആത്മീയത.

അതിനാല്‍ തന്നെയാണ് ദൈവനാമത്തില്‍ കൊടുക്കുമ്പോള്‍ ഇന്നും പലരും കണക്കുകള്‍ സൂക്ഷിക്കാത്തത്. ദേവാലയ നിര്‍മ്മിതികളുടെ കാര്യവും നൂറ്റാണ്ടുകളായി അപ്രകാരമായിരുന്നു. കയ്യയച്ച് മിക്കവരും നല്‍കുകയും, ഏറ്റവും മഹത്തരമായി പണികഴിക്കപ്പെടണമെന്ന് സകലരും ആഗ്രഹിക്കുകയും ചെയ്തിരുന്ന ഒരു ചരിത്രമാണ് മിക്കവാറും ദേവാലയ നിര്‍മ്മിതികള്‍ക്കുമുള്ളത്. ഇന്നത്തെ സ്ഥിതിഗതികളും ഏറെയൊന്നും വ്യത്യസ്ഥമല്ല. എന്നാല്‍, ഇക്കാലഘട്ടത്തില്‍ ഉയര്‍ന്നു കാണുന്ന മനോഭാവങ്ങളില്‍ നാം തിരിച്ചറിയേണ്ട മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ട്.

സമ്പത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ മാറ്റം: തികഞ്ഞൊരു കച്ചവട ലോകത്ത് ജീവിക്കുന്ന ഇക്കാലത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്കിടയില്‍ സമ്പത്തിനെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. സമ്പത്തിന് ആധ്യാത്മികതയുടെ ഒരു തലം ഉണ്ട് എന്നുള്ളതും, അധ്വാനത്തിന് ദൈവികമായ ഒരു മഹത്വമുണ്ട് എന്നുള്ളതും ഇന്ന് പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ചിലതാണ്. ദശാംശം കര്‍ശനമായി കൊടുത്ത് ശീലിച്ച ചിലരെ കണ്ടുമുട്ടിയിട്ടുണ്ട്. അത്ഭുതകരവും, ഒരുപക്ഷെ, മേല്‍പ്പറഞ്ഞ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് അവരുടെ അനുഭവങ്ങള്‍. തന്റെ പോക്കറ്റില്‍ അപ്പോള്‍ ഉള്ളതെന്തോ, എണ്ണിനോക്കാതെ എടുത്ത് കൊടുത്ത് ശീലിച്ച ഒരു വ്യക്തിയുണ്ട്.

ചരിത്രത്തില്‍ ഇടം നേടിയ ഒരു ദേവാലയ നിര്‍മ്മിതിക്കായി കയ്യില്‍ കിടന്ന വളകള്‍ ഊരി നല്‍കിയ അനേകം സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അത്തരം അനേകരുടെ ജീവിതാനുഭവങ്ങള്‍ വ്യത്യസ്ഥവും മാതൃകാപരവുമാണ്. അനേകരുടെ സ്വപ്നമായ ഒരു ദേവാലയ നിര്‍മ്മാണത്തിനായി അവര്‍ പണം ചെലവഴിക്കുന്നു എന്ന് കേട്ടാല്‍ വിറളിപിടിച്ച് ഉറഞ്ഞുതുള്ളുന്ന അനേകരുടെ വാദമുഖങ്ങള്‍ കേട്ടിട്ടുണ്ട്. 'ഇതിനു പകരം നൂറു പാവങ്ങള്‍ക്ക് ഭവനങ്ങള്‍ പണിതു കൂടേ, അത്തരം ഭവനങ്ങളിലാണ് ദൈവം വസിക്കുക...' എന്നിങ്ങനെയൊക്കെയാണ് വാദങ്ങള്‍. ഇത്തരമൊരു ചോദ്യം ക്രിസ്തുവിന് മുന്നില്‍ ഉയര്‍ന്നത് നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. ആ ചോദ്യം ചോദിച്ചത് പിന്നീട് ഒറ്റുകാരനായി മാറിയ യൂദാസ് സ്‌കറിയോത്തയായിരുന്നു (യോഹന്നാന്‍ 12. 4-,5).

സുവിശേഷകന്‍ തുടര്‍ന്ന് പറയുന്നു, അവന്‍ ഇത് പറഞ്ഞത് അവന് ദരിദ്രരോട് പരിഗണനയുണ്ടായിരുന്നത് കൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നത്‌കൊണ്ടും, പണസഞ്ചി അവന്റെ കയ്യിലായിരുന്നത് കൊണ്ടും, അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നത് കൊണ്ടുമാണ് (12. 6). ഇന്നും, അന്യരുടെ പണത്തെക്കുറിച്ച് അമിതമായി ആശങ്കയുള്ള ഒരു വിഭാഗത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തലവും, ദൈവത്തോടുള്ള മനോഭാവത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങളും തീരെയും ഉള്‍ക്കൊള്ളാന്‍ കഴിയത്തവരോട് എന്തു മറുപടി പറയാന്‍ കഴിയും? ഈ ലോകത്തിലെ സമ്പത്ത്, കാലങ്ങള്‍ക്ക് മുമ്പേ എണ്ണിത്തിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നത്ര പരിമിതമാണെന്നും, ദൈവത്തിന്റെ പേരില്‍ ചെലവഴിച്ചാലും അത് തീര്‍ന്നുകൊണ്ടിരിക്കുമെന്നും കരുതുന്ന ചിന്താശൂന്യരോട് സഹതപിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അളവില്ലാത്ത നന്മകളുടെയും സമ്പത്തിന്റെയും ഉറവിടമായ സത്യദൈവത്തിലുള്ള വിശ്വാസമാണ് ഉത്തമ ക്രൈസ്തവന്റെ യഥാര്‍ത്ഥ സമ്പത്ത്. ഇതാണ് യഥാര്‍ത്ഥ ക്രൈസ്തവ ആത്മീയതയുടെ അടിത്തറയും.

ഈ കാലഘട്ടത്തിലെ മാറിയ താത്പര്യങ്ങള്‍: സുവിശേഷത്തില്‍ വിവരിക്കുന്ന ഏറ്റവും വിപ്ലവകരമായ സംഭവങ്ങളിലൊന്നാണ് ജറുസലേം ദേവാലയത്തില്‍ വച്ച് ക്രിസ്തു ചാട്ടവാര്‍ കയ്യിലെടുക്കുന്നത് (മത്തായി 21, മാര്‍ക്കോസ് 11, ലൂക്കാ 19). ജറുസലേം ദേവാലയത്തിന്റെ പതനത്തെക്കുറിച്ച് അവിടുന്ന് പ്രവചിക്കുന്നുമുണ്ട് (മത്തായി 24/2, മര്‍ക്കോസ് 13/2, ലൂക്കാ 21/6). ക്രിസ്തുവിന്റെ പരസ്യജീവിത കാലമായപ്പോഴേയ്ക്കും ജറുസലേം ദേവാലയം വലിയൊരു കച്ചവടസ്ഥലം പോലെ ആയിത്തീര്‍ന്നിരുന്നതായി ചരിത്രകാരന്‍മാരും പറയുന്നു. ഒരു വര്‍ഷം രണ്ടരലക്ഷം ആടുകളെ അക്കാലത്ത് ദേവാലയത്തില്‍ ബലികഴിച്ചിരുന്നു എന്ന് ചില കണക്കുകളില്‍ പറയുന്നു. മുന്നൂറു കോടിയോളം രൂപയ്ക്ക് തുല്യമായ നാണയങ്ങള്‍ അവിടെ നേര്‍ച്ചയായി വീണിരുന്നത്രേ. ഇത്രമാത്രം ധനം ഒഴുകിയിരുന്ന ആ ദേവാലയത്തെ അക്കാരണത്താല്‍ തന്നെ കാലക്രമേണ അപചയങ്ങള്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ജറുസലേം ദേവാലയത്തിന്റെ ചരിത്രം ഒരു മുന്നറിയിപ്പാണ്. ചിലപ്പോഴെങ്കിലും, ദേവാലയ നിര്‍മ്മാണവും, ദേവാലയത്തിലെ ആചാരാനുഷ്ഠാനങ്ങളും ഇത്തരത്തില്‍ കച്ചവടമുഖമുള്ളതായി മാറുന്നുവോ എന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ചില സാഹചര്യങ്ങളില്‍ ചിലയിടങ്ങളില്‍നിന്നും അപ്രകാരമുള്ള തിക്താനുഭവങ്ങള്‍ ഉയരുന്നത്, നാം മുമ്പ് ചര്‍ച്ച ചെയ്തത് പോലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട് എന്നതും വാസ്തവമാണ്. അതുപോലെ മറ്റൊന്നാണ് മത്സരബുദ്ധിയും. പണവും പ്രാപ്തിയും ആള്‍ബലവും ഉണ്ട് എന്ന കാരണത്താല്‍ മത്സരബുദ്ധിയോടെ ദേവാലയ നിര്‍മ്മാണത്തെ കാണുന്ന പ്രവണതയും, അതിനായി നിര്‍ബ്ബന്ധ ബുദ്ധിയോടെ ഇടവകാംഗങ്ങളെ സമീപിക്കുന്ന ശൈലിയും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഇതിനപ്പുറം, ഇടവകാ ജനങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ആരാധനയിലും ദിവ്യബലിയിലും പങ്കുകൊള്ളുന്നതിനുള്ള ആലയം നിര്‍മ്മിക്കുകയും, അത് തങ്ങളുടെ കഴിവിനൊത്തവിധം മനോഹരമായി പണികഴിക്കുകയും ചെയ്യുന്നതിനെ അന്ധമായി വിമര്‍ശിക്കുന്നത് ദൈവനിന്ദയും, അടിസ്ഥാനരഹിതവുമാണ്.

ആത്മീയ സത്യങ്ങളെ വിലകുറച്ച് കാണിക്കുവാനുള്ള പ്രവണത: തികച്ചും കച്ചവട സ്വഭാവമുള്ളതായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് ആത്മീയ ചിന്തകളും, ആഴമുള്ള ദൈവവിശ്വാസവും പ്രതിബന്ധങ്ങളാണ്. പണത്തിന്റെയും അധികാരത്തിന്റെയും മാത്രം പിന്നാലെ ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം മറ്റെല്ലാത്തിനെയും മൂല്യം കുറഞ്ഞതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാത്തിനെയും പണത്തിന്റെ അളവുകോല്‍ വച്ച് അളക്കുവാന്‍ സമൂഹത്തെ പഠിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. പണം കൊണ്ട് അളക്കാന്‍ കഴിയുന്ന നേട്ടങ്ങളാണ് പ്രധാനം എന്ന് ഒരു ജനതയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍, എല്ലാ മൂല്യങ്ങളും അപ്രസക്തങ്ങളായി മാറുമെന്ന് തീര്‍ച്ച. ദൈവവിശ്വാസത്തിനും നിസ്വാര്‍ത്ഥമായ ആത്മീയ ലക്ഷ്യങ്ങള്‍ക്കും വിലയുണ്ട് എന്നുവന്നാല്‍, ഇക്കാലഘട്ടത്തില്‍ പണിതുകൊണ്ടിരിക്കുന്ന മഹാസൗധങ്ങളെല്ലാം തകര്‍ന്നുവീഴും. ഇക്കാരണങ്ങളാല്‍, നിര്‍മ്മാണ ചെലവിന്റെ കണക്കുപറഞ്ഞ് ദേവാലയങ്ങളുടെ മഹത്വം കെടുത്തുവാനുള്ള ശ്രമങ്ങളെ നാം ജാഗരൂകതയോടെ കാണേണ്ടതുണ്ട്. നല്ല ലക്ഷ്യങ്ങളോടെ ദേവാലയ നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങുന്ന സമൂഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം.

എന്തായിരിക്കണം ഒരു ദേവാലയം സമൂഹത്തിന് നല്‍കേണ്ടത് എന്ന ചോദ്യത്തിന് മനോഹരമായ ഒരു വിശദീകരണം കേട്ടിട്ടുണ്ട്. CHURCH എന്ന വാക്കിന്റെ ആറക്ഷരങ്ങളുമായി ബന്ധപ്പെടുത്തിയാണ് അത്. ആദ്യ അക്ഷരമായ സി, ക്രൈസ്റ്റിനെ സൂചിപ്പിക്കുന്നു. എച്ച്, ഹോളി, അഥവാ വിശുദ്ധി എന്ന വാക്കിനെയും, യു, യൂണിറ്റിയെയും, ആര്‍, റിഡംഷന്‍ അഥവാ, നിത്യരക്ഷയെയും സൂചിപ്പിക്കുന്നു. അഞ്ചാമത്തെ അക്ഷരമായ സി, ചാരിറ്റിയെ സൂചിപ്പിക്കുന്നു. ആറാമത്തെ അക്ഷരമായ എച്ച്, ഹോം അഥവാ കുടുംബത്തെ സൂചിപ്പിക്കുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദേവാലയം കാണുമ്പോള്‍ അഭിമാനിക്കുക.

വിശുദ്ധവും, ദൈവികമായ ഐക്യമുള്ളതുമായ ഒരു ഭവനമാണ് അത്. അവിടെ ക്രിസ്തു ജീവിക്കുന്നു. അവിടെ കടന്നുവരുന്നവര്‍ നിത്യരക്ഷ അവകാശമാക്കുന്നു. കരയുന്ന അനേകായിരങ്ങളുടെ കണ്ണീര് അവിടെ തുടയ്ക്കപ്പെടുന്നു. പ്രൗഡഗംഭീരമായി ഉയര്‍ന്നുനില്‍ക്കുന്ന ഓരോ ദേവാലയങ്ങളും ദൈവികസാന്നിധ്യത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അടയാളമാണ്. അതിനായി ആഗ്രഹിക്കുന്നവര്‍ സന്തോഷത്തോടെയും സംതൃപ്തിയോടെയും അത് പണിതുയര്‍ത്തട്ടെ. നമുക്ക് പ്രയത്‌നംകൊണ്ടോ പ്രാര്‍ത്ഥന കൊണ്ടോ സഹകരിക്കാന്‍ സാധിക്കുമെങ്കില്‍ സഹകരിക്കാം; അല്ലാത്ത പക്ഷം അവരെ നിരുല്‍സാഹപ്പെടുത്താതെയും കുറ്റപ്പെടുത്താതെയുമെങ്കിലുമിരിക്കാം.


Related Articles »