India - 2024

വിശുദ്ധ എവുപ്രാസ്യമ്മയുടെ ദൃശ്യാവിഷ്ക്കാരം ഇനി കൊക്കൂണ്‍ പ്ലാനറ്റേറിയത്തില്‍

സ്വന്തം ലേഖകന്‍ 31-10-2018 - Wednesday

തൃശൂര്‍: ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യയെ കുറിച്ചു കൂടുതല്‍ അറിയാന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മ്യൂസിയത്തില്‍ അത്യപൂര്‍വമായ 'കൊക്കൂണ്‍ പ്ലാനറ്റേറിയം' സജ്ജമായി. എവുപ്രാസ്യമ്മ വിശുദ്ധയായതിന്റെ ദൃശ്യാവിഷ്‌കാരം തീര്‍ത്ഥാടകര്‍ക്ക് ഇവിടെ കാണാം. പതിനഞ്ചു മിനിറ്റാണ് പ്രദര്‍ശനസമയം. ശലഭത്തിന്റെ കൊക്കൂണ്‍ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാലാണ് 'കൊക്കൂണ്‍ പ്ലാനറ്റേറിയം' ഈ പേരു ലഭിച്ചത്. പുറന്തോട് കണ്ണാടിച്ചില്ലുകൊണ്ടാണ്. ഉള്ളില്‍ 30 പേര്‍ക്ക് ഇരിക്കാം. ജലധാരകള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്ന ചില്ലുതറയ്ക്കു മുകളിലൂടെയാണ് പ്ലാനറ്റേറിയത്തിലേക്കുള്ള പാതയെന്നതും ശ്രദ്ധേയമാണ്.

കൊച്ചി പാലാരിവട്ടത്തു നിയോ മാട്രിക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന പ്രശസ്ത ഛായാഗ്രാഹകന്‍ ജെയിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രണ്ടര വര്‍ഷമെടുത്താണ് ഇതു സജ്ജമായത്. ലോകത്തില്‍ വേറെ എങ്ങും ഇത്തരമൊരു നിര്‍മിതിയില്ലെന്നതാണ് പ്രത്യേകത. സര്‍വ്വതും ത്യജിച്ചും ത്യാഗ, പീഡകള്‍ സഹിച്ചും കൊക്കൂണിലെന്നപോലെ ജീവിച്ചാണ് ഏവൂപ്രാസ്യാമ്മ അമ്മ വിശുദ്ധിയിലേക്കു പ്രവേശിച്ചതെന്നും അതിനാലാണ് പ്ലാനറ്റേറിയത്തിനു 'കൊക്കൂണ്‍' എന്നു പേരിട്ടതെന്നും സിസ്റ്റര്‍ ക്രിസലോഗ പറഞ്ഞു. പ്ലാനറ്റേറിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


Related Articles »