Monday Mirror - 2024

കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു

അരവിന്ദാക്ഷ മേനോൻ 01-01-1970 - Thursday

(അരവിന്ദാക്ഷ മേനോൻ എഴുതുന്നു: നാലാം ഭാഗം)

"യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല." ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്റെ ഈ വാക്കുകൽ കേട്ടുകൊണ്ട് ഞാനെന്‍റെ വീട്ടിലേക്കു മടങ്ങിവന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1992 ജൂണ്‍ 27, അന്ന് രാത്രി ജീവിതത്തിലാദ്യമായി സവര്‍ണ്ണ ഹൈന്ദവനായ ഞാന്‍ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിച്ചു. എനിക്ക് പ്രാര്‍ത്ഥിക്കാനറിയില്ലായിരുന്നു. എനിക്ക് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" ചൊല്ലാനും അറിയില്ലായിരുന്നു. പതിനെട്ടു വര്‍ഷം എന്‍റെ ഭാര്യ പ്രാര്‍ത്ഥിച്ചിട്ടും എന്നെ കേള്‍ക്കെ പ്രാര്‍ത്ഥിച്ചിട്ടില്ല. അതു കൊണ്ടു യേശുവേ എന്നെ കൈക്കൊള്ളണമേ. എന്നെ രക്ഷിക്കണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- എന്‍റെ ഭാര്യ ഇതറിയരുത്. പതിനെട്ടു വര്‍ഷം അവള്‍ പറഞ്ഞിട്ടു ഞാന്‍ ചെയ്യാതിരുന്ന കാര്യം ഇപ്പോള്‍ ഞാന്‍ സ്വയം ചെയ്യുന്നത് അവളറിയരുത് എന്നു കരുതി വളരെ രഹസ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. കുറെ നേരം പ്രാര്‍ത്ഥിച്ചിട്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ അതുവരെ എന്‍റെ സമീപത്തു കിടന്നു ശാന്തമായി ഉറങ്ങുകയാണെന്നു ഞാന്‍ വിചാരിച്ചിരുന്ന എന്‍റെ ഭാര്യ എഴുന്നേറ്റു. അവള്‍ ഉറങ്ങുകയായിരുന്നില്ല. എന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. അവള്‍ അടുത്ത മുറിയിലേക്കു പോയി. അവിടെ അവള്‍ പ്രാര്‍ത്ഥനയ്ക്കു വച്ചിരുന്ന ഒരു ചെറിയ മരക്കുരിശുണ്ടായിരുന്നു. മുമ്പു ഞാന്‍ പറഞ്ഞതുപോലെ അവളുടെ കൂടെ പഠിച്ച ഏതോ ഒരു പെണ്‍കുട്ടി കന്യാസ്ത്രീയായി. റോമിലേക്കു പോയി, മടങ്ങി വന്നപ്പോള്‍ അവള്‍ക്കു കൊണ്ടുവന്നു കൊടുത്തതാണ്. "മാര്‍പാപ്പ വെഞ്ചരിച്ചതാണ്" എന്നു പറഞ്ഞൊരു കുരിശ്. ആ കുരിശിന്‍റെ മുന്നില്‍ മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച്, മുട്ടിന്മേല്‍ നിന്ന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുക്കിക്കൊണ്ട് അവള്‍ കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി.

ആ സ്തുതിപ്പിന്‍റെ അര്‍ത്ഥം എനിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈ പാവം സ്ത്രീ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുടെ നിമിഷങ്ങളില്‍ അവളെന്തിനാണു കര്‍ത്താവിനെ സ്തുതിക്കുന്നതെന്നറിയാന്‍ ജ്യോത്സ്യന്‍റെ അടുത്തു പോകേണ്ട കാര്യമില്ല; എനിക്ക് മനസ്സിലായി. പിന്നീടെനിക്കടങ്ങി കിടക്കാന്‍ കഴിഞ്ഞില്ല. ഞാനുമെഴുന്നേറ്റു പോയി എന്‍റെ ഭാര്യയുടെ വലത്തു ഭാഗത്തു മുട്ടുകുത്തി. കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ കുടുംബത്തിലെ ആദ്യത്തെ കുടുംബ പ്രാര്‍ത്ഥന.

ഈ പ്രാര്‍ത്ഥനയുടെ ഫലം, മറുപടി, ഒരു കുടുംബത്തിന്‍റെയാകെ രക്ഷയുടെ, വീണ്ടെടുപ്പിന്‍റെ കഥയാണ്‌. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍, എന്‍റെ ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞ ഒരു കുടുംബ സുഹൃത്തിന്‍റെ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി ഞന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തു. ധ്യാനത്തിന്‍റെ അവസാന ദിവസം- വെള്ളിയാഴ്ച, അന്നുവരെ എനിക്കു തികച്ചും അപരിചിതനായിരുന്ന, ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് പനക്കല്‍, അന്നു മുതല്‍ എന്‍റെ ആദ്ധ്യാത്മിക ഗുരുനാഥനും ആത്മീയ പിതാവുമായ പനയ്ക്കലച്ചന്‍ പേരു പറഞ്ഞു വിളിച്ച് എന്നോടു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിന്‍റെ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു."

അന്നു മുതല്‍ ഇന്നു വരെ, കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കര്‍ത്താവിനു സാക്ഷിയായി. ദൈവത്തിന്‍റെ വചന പ്രഘോഷകനായി ദൈവ ശുശ്രൂഷ ചെയ്യുന്നു. "ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കും എന്ന്‍ കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിനകത്തും പുറത്തും, ഇടവക ദേവാലയങ്ങളില്‍ ധ്യാനങ്ങളും, കണ്‍വെന്‍ഷനും നയിച്ചുകൊണ്ട് ഞാന്‍ ദൈവശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യക്കു വെളിയില്‍ വിദേശരാജ്യങ്ങളില്‍ യേശുവിനു സാക്ഷിയായി ദൈവത്തിന്‍റെ വചന പ്രഘോഷകനായി ഞാന്‍ സഞ്ചരിക്കുന്നു.

അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16:31-ൽ നാമിങ്ങനെ വായിക്കുന്നു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എനിക്കു ബോധ്യമായി. എനിക്കു വിശ്വാസമായി. ഞാന്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. ഞാന്‍ രക്ഷ പ്രാപിക്കുന്നു! ഞാന്‍ രക്ഷ പ്രാപിക്കുമ്പോള്‍ സ്വാഭാവികമായി എന്‍റെ കുടുംബവും രക്ഷ പ്രാപിക്കും. ദൈവം പൂര്‍ണ്ണ വിശ്വസ്തതയോടെ വാഗ്ദാനം പാലിക്കുന്നു. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ദൈവം മറ്റൊരു ബോധ്യം കൂടി എനിക്കു തന്നു. ദൈവം വാഗ്ദാനം പാലിക്കുന്നത് അക്ഷരാര്‍ത്ഥത്തിലാണ്. "നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം "നീയും നിന്‍റെ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കും" എന്നാണെന്നെന്നെ ബോധ്യപ്പെടുത്തി തന്നു.

എന്‍റെ കുടുംബത്തിലെ, രണ്ടാമത്തെ അംഗം എന്‍റെ ഭാര്യ! പത്താം ക്ലാസ് രണ്ടു പ്രാവശ്യം എഴുതി തോറ്റതാണ്. അവളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂര്യനു താഴെ ഒരു ജോലിക്കും അവള്‍ക്കര്‍ഹതയില്ല. ഒരു ജോലിക്കും പോയിട്ടുമില്ല. എന്‍റെ ഭാര്യയായി വെറുമൊരു വീട്ടമ്മയായിക്കഴിഞ്ഞവള്‍! എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് ആരോ പറഞ്ഞു പ്രേരിപ്പിച്ച് അവള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ ഒരു ഏജന്‍സി എടുത്തു. പഠിപ്പും പ്രാപ്തിയുമില്ലാതെ ഫലപ്രദമായി ആ ജോലി ചെയ്യാന്‍ അവള്‍ക്കു കഴിയില്ല. അവള്‍ പ്രതീക്ഷിച്ചത് അവളുടെ പേരില്‍ ഞാന്‍ ആ ജോലി ചെയ്തു കൊള്ളുമെന്നാണ്. പക്ഷെ ഞാന്‍ ആ ജോലി ചെയ്തില്ല. എന്‍റെ ജോലിയും പദവിയുമുപയോഗിച്ച് ഞാന്‍ സമ്പാദിച്ച എന്‍റെ സുഹൃത്തുക്കളുടെ അടുത്തുപോയി "എന്‍റെ ജോലിയും വരുമാനവുമൊക്കെ പോയി എന്നെ സഹായിക്കണം ഇന്‍ഷുറന്‍സില്‍ ഒരു പോളിസി എടുക്കണം" എന്നപേക്ഷിക്കാന്‍ എന്‍റെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് ഞാനാ ജോലി ചെയ്തില്ല.

ജോലി നഷ്ടപ്പെട്ടതിന് ശേഷം ആറു വര്‍ഷം ഞങ്ങള്‍ ജീവിച്ചത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഭൗതിക സമ്പത്തു മുഴുവന്‍ വിറ്റുകൊണ്ടാണ്. അങ്ങനെ വിറ്റു വിറ്റ് ഇനി വില്‍ക്കാന്‍ ഒന്നും ബാക്കിയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ഞാനെന്‍റെ ഭാര്യയോടു പറഞ്ഞു: "ഇനിയെന്തു ചെയ്യും? ഒരു കാര്യം ചെയ്യാം. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങിയിരുന്ന ഇന്‍ഷുറന്‍സ് ഏജന്‍സി തുടരാം. ഞാന്‍ സഹായിക്കാം." അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ ആ ജോലി ചെയ്യാന്‍ തുടങ്ങി. ഇന്ന്‍ ആ ജോലിയില്‍ നിന്നുതന്നെ ഞങ്ങളുടെ കുടുംബത്തിന് സുഖമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാള്‍ എത്രയോ കൂടുതല്‍ വരുമാനം ഇന്ന് ലഭിക്കുന്നു!

കുടുംബത്തിലെ മൂന്നാമത്തെ അംഗം എന്‍റെ മൂത്ത മകള്‍. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരാശുപത്രിയിലാണ് ജനിച്ചത്. അന്ന്‍ ഞങ്ങള്‍ താമസം അതിനടുത്തായിരുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ എന്‍റെ ഭാര്യയുടെ കൂടെ പഠിച്ച ചില പെണ്‍കുട്ടികള്‍ പിന്നീടു കന്യാസ്ത്രീകളായി. ഇവരില്‍ ചിലര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ കന്യാസ്ത്രീകളാണ് എന്‍റെ മകളെ വളര്‍ത്തിയത്. അവളുടെ ബുദ്ധിയും ഓര്‍മ്മയും ഉറയ്ക്കുന്ന ബാല്യകാലം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ കണ്ടുകൊണ്ടാണ് അവള്‍ വളര്‍ന്നത്. അതുകൊണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. 92 ഏപ്രില്‍ മാസത്തില്‍, ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു രണ്ടു മാസം മുന്‍പ്, പ്രീ ഡിഗ്രീ പാസ്സായിക്കഴിഞ്ഞപ്പോള്‍ എന്‍റെ മകള്‍ എന്നോടു പറഞ്ഞു: "എനിക്ക് നേഴ്സിംഗ് പഠിക്കണം, നേഴ്സ് ആകണം" ഞാന്‍ പറഞ്ഞു: വേണ്ട. എനിക്കിഷ്ടമല്ല. നേഴ്സിന്‍റെ ജോലി നല്ല ജോലിയല്ല. നീ പഠിച്ചാല്‍ മതി. വേറെ നല്ല ജോലി കിട്ടും."

പക്ഷെ അവള്‍ക്ക് വലിയ ആഗ്രഹം! വലിയ നിര്‍ബന്ധം! അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. (നേഴ്സിംഗ്)ന് അഡ്മിഷന്‍ കിട്ടാന്‍; പക്ഷെ അഡ്മിഷന്‍ കിട്ടിയില്ല. 78-മത്തെ റാങ്കില്‍ അവള്‍ എന്‍ട്രന്‍സ് പരീക്ഷ പാസ്സായി. പക്ഷെ കോഴിക്കോട്ടും കോട്ടയത്തും തിരുവനന്തപുരത്തുമായി ഈ കോഴ്സിനു 75 സീറ്റേയുള്ളൂ. അവള്‍ക്കു പ്രവേശനം കിട്ടിയില്ല.

പിന്നീട് 8 മാസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടുന്നത്. ധ്യാനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നു വന്ന ഒരു കത്ത് വീട്ടില്‍ കിടപ്പുണ്ട്. മകള്‍ക്ക് ബി.എസ്.സി. (നേഴ്സിംഗ്) പ്രവേശനം നല്‍കിയിരിക്കുന്നു. ഉടനെ ചേര്‍ക്കണം. കോഴ്സ് തുടങ്ങി എട്ടുമാസം കഴിഞ്ഞു. അദ്ധ്യയന വര്‍ഷം തീരാറായി വര്‍ഷത്തിന്‍റെ അവസാനം പ്രവേശനം നല്‍കാന്‍ എന്താണു കാരണം? ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി പ്രിന്‍സിപ്പലിനോടു ചോദിച്ചു. പ്രിന്‍സിപ്പല്‍ പറഞ്ഞു: "എന്താ ‍കാരണമെന്നെനിക്കറിയില്ല. കഴിഞ്ഞ ആഴ്ചയില്‍ ഗവണ്മെന്‍റില്‍ നിന്ന്‍ ഒരു ഓര്‍ഡര്‍ വന്നു, 75 സീറ്റ് 80 സീറ്റാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു." പ്രിന്‍സിപ്പലിനറിയില്ല, എന്താണു കാരണം. പക്ഷെ എനിക്കറിയാം, കാരണം വീണ്ടെടുക്കുവാന്‍ ദൈവം തിരുമനസ്സായ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കുവാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത് ദൈവമാണ്.

മകള്‍ക്ക് ഈ കോഴ്സിന് പ്രവേശനം കിട്ടിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവളുടെ ഭാവി സുരക്ഷിതമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് കോഴ്സു പൂര്‍ത്തിയായാലുടന്‍ തന്നെ അതെ നേഴ്സിംഗ് കോളേജില്‍ ടൂട്ടര്‍ ആയി നിയമനം അല്ലെങ്കില്‍ വിദേശത്തും ഇന്ത്യയിലുമുള്ള വലിയ വലിയ ആശുപത്രികളില്‍ ജോലിസാദ്ധ്യത. 1997 ജനുവരി 31 ന് അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. പതിനഞ്ചു ദിവസത്തിനകം എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്സിംഗ് കോളേജില്‍ ജോലി കിട്ടി. തുടര്‍ന്ന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ, ഏഷ്യയിലെ ഏറ്റവും വലിയ, സൂപ്പര്‍ സ്പെഷ്യാലിറ്റി, ഹൃദ്രോഗ ആശുപത്രി - മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അവള്‍ സ്റ്റാഫ് നേഴ്സായി നിയമിക്കപ്പെട്ടു.

99 ഏപ്രില്‍ 28-ാം തീയതി അവള്‍ വിവാഹിതയായി. ജീസസ് യൂത്ത് എന്ന അന്തര്‍ദേശീയ ആത്മീയ സംഘടനയുടെ പ്രവര്‍ത്തകനും റെക്സ് ബാന്‍ഡ് എന്ന സുവിശേഷ ഗായക സംഘത്തിലെ ഗായകനും സംഗീത സംവിധായകനായ ശ്രീ ഹെക്ടര്‍ ലൂയിസ് ആണ് അവളെ വിവാഹം കഴിച്ചത്. അയാള്‍ ഷാര്‍ജ എന്ന ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ആളായതു കൊണ്ടും അയാള്‍ക്ക് ഫാമിലിവിസ ഉണ്ടായിരുന്നതു കൊണ്ടും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ മകളും ഗള്‍ഫിലേക്കു പോയി, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് അല്‍ റാഷിദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ജോലി ലഭിച്ചു. ഇന്നു ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം വളരെ സന്തോഷവതിയായി അവള്‍ ദുബായില്‍ ജീവിക്കുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല ജോലിക്കു വേണ്ടി അവള്‍ കുടുംബസമേതം അമേരിക്കയിലേക്കു പോവുകയാണ്.

കുടുംബത്തിലെ അവസാനത്തെ അംഗം എന്‍റെ ഇളയ മകള്‍ കണക്കു പഠിക്കുവാന്‍ മിടുക്കിയായിരുന്നു. ബാക്കി പല വിഷയങ്ങള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്കാണെങ്കിലും കണക്കിന് എല്ലാ പരീക്ഷയിലും വളരെ ഉയര്‍ന്ന മാര്‍ക്ക്, പലപ്പോഴും നൂറില്‍ നൂറ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സമയമാകുമ്പോള്‍ അവളെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷെ എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു പോയപ്പോള്‍ അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയി. അവള്‍ 7-ാംക്ലാസിലെത്തിയപ്പോള്‍ തന്നെ എന്‍റെ സാമ്പത്തിക നില അമ്പേ തകര്‍ന്നു കഴിഞ്ഞിരുന്നു.

അങ്ങനെ ആകെ നിരാശയും ആശങ്കയുമൊക്കെയായി കഴിയുന്ന സമയത്ത് '92 മേയ് മാസത്തില്‍ കേന്ദ്ര ഗവണ്മെന്‍റ് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 7-ാം ക്ലാസ്സ്‌ പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന്‍ ഒരു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പ്രത്യേക വിദ്യാലയത്തില്‍ പോസ്റ്റ്‌ ഗ്രാജ്വേറ്റ് തലം വരെ കമ്പ്യൂട്ടര്‍ സയന്‍സ് മാത്രം പഠിപ്പിക്കുന്നു. മാത്രമല്ല ഈ കോഴ്സ് പരിപൂര്‍ണ്ണമായി സൗജന്യമാണ്. അതും മാത്രമല്ല ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം കേന്ദ്ര ഗവണ്മെന്‍റിന്‍റെ മാനവവിഭവശേഷി വികസന വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ ജോലിയും ഉറപ്പാണ്‌. വലിയ പ്രതീക്ഷയോടെ എന്‍റെ മകളെ പഠിപ്പിച്ച് ആ പ്രവേശന പരീക്ഷ എഴുതിച്ചു. പരീക്ഷയില്‍ റാങ്ക് കിട്ടിയാല്‍ ഭാവി സുരക്ഷിതമായി. പരീക്ഷയില്‍ റാങ്കു കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റുപോയി! 'പൂജ്യം' മാര്‍ക്ക്! ഇപ്പോഴുള്ള പരീക്ഷയൊക്കെ അങ്ങനെയാണ് 'ഒബ്ജക്ടീവ് ടൈപ്പ്' ചോദ്യങ്ങളും കമ്പ്യൂട്ടര്‍ വാലുവേഷനും ശരിയുത്തരങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കില്‍ നിന്ന്‍ തെറ്റിപ്പോയ ഉത്തരങ്ങളുടെ ആകെ മാര്‍ക്കു കുറച്ചു കളയും. അങ്ങനെയാണു നിയമം. അപ്പോള്‍ എന്‍റെ മകള്‍ക്കു കിട്ടിയത് പൂജ്യം. പൂജ്യം മാര്‍ക്ക്‌ കിട്ടിയത് കൊണ്ട് ആ ആഗ്രഹമുപേക്ഷിച്ചു. ആ കാര്യം മറന്നുപോയി.

പിന്നീട് ഏഴു മാസം കൂടി കഴിഞ്ഞാണ് ഡിവൈനില്‍ ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയതിന്‍റെ നാലാം ദിവസം ആ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന്‍ ഒരോര്‍ഡര്‍ വന്നു: "പൂജ്യം മാര്‍ക്കു കിട്ടിയ നിങ്ങളുടെ മകളെയും തെരഞ്ഞെടുത്തിരിക്കുന്നു;. വേഗം കൊണ്ടുവന്നു ചേര്‍ക്കുക." ഇത്തവണ എനിക്കത്ഭുതമൊന്നും തോന്നിയില്ല. ഇന്‍സ്റ്റിറ്റൂട്ട് അധികാരികള്‍ക്ക് തെറ്റു പറ്റിയതായിരിക്കും. ആളുമാറിപ്പോയതായിരിക്കും എന്നു തന്നെ വിചാരിച്ചു. എങ്കിലും ഞാനാ സ്ഥാപനത്തിലൊന്നു പോയി. അതിന്‍റെ പ്രിന്‍സിപ്പലിനെക്കണ്ടു ചോദിച്ചു. "പൂജ്യം മാര്‍ക്കു കിട്ടിയ കുട്ടിക്കെങ്ങനെ പ്രവേശനം കൊടുത്തു?" പ്രിന്‍സിപ്പല്‍ പറഞ്ഞു: "അത് വലിയൊരു കഥയാണ്." ഞാന്‍ താമസിക്കുന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇന്‍സ്റ്റിറ്റൂട്ട്. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഈ വലിയ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലേക്കു കൊണ്ടുവരാന്‍ വേണ്ടി വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവസാനം സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി കൊടുത്തതു പുതുപ്പള്ളി പഞ്ചായത്താണ്. എന്നാല്‍ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ പഞ്ചായത്തില്‍ നിന്ന്‍ ഒരു കുട്ടിക്കുപോലും അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ പഞ്ചായത്തു പറഞ്ഞു: "അതു പാടില്ല. സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി നല്‍കിയത് പഞ്ചായത്താണ്. അതുകൊണ്ട് പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നു കുറച്ചു കുട്ടികളെ കൂടി എടുക്കണം." ഒരു ന്യായവുമില്ല. നിയമവുമില്ല. അങ്ങനെ പറയാന്‍. പരീക്ഷ നടത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പക്ഷെ പഞ്ചായത്ത് ജനകീയ സമിതിയാണ്. അവര്‍ നിവേദനം തയ്യാറാക്കി. ആ നിവേദനവും കൊണ്ട് ഞങ്ങളുടെ എം.എല്‍.എ.അന്ന് നമ്മുടെ ധനകാര്യ മന്ത്രിയും ഇന്നു നമ്മുടെ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിയെ കണ്ടു ശുപാര്‍ശ ചെയ്ത്, അവസാനം അദ്ദേഹത്തിന്‍റെ സ്വാധീനത്തിനു വഴങ്ങി കേന്ദ്ര മന്ത്രി ഓര്‍ഡര്‍ കൊടുത്തു: "ഈ പ്രാവശ്യം മാത്രം, ഇനിയില്ല. ഈ പ്രാവശ്യം മാത്രം പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പത്ത് കുട്ടികളെക്കൂടി എടുത്തു കൊള്ളുവാന്‍"

ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പ്രിന്‍സിപ്പല്‍ പഴയ റാങ്ക് ലിസ്റ്റ് എടുത്തു. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയ പത്തുപേരെ തെരഞ്ഞെടുക്കണം. അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും ആകെ പത്തു പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ. അങ്ങനെ പത്താമത്തെ ആളായി എന്‍റെ മകള്‍ക്കും അഡ്മിഷന്‍ കൊടുത്തു. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്കു വാങ്ങിയ എന്‍റെ മകള്‍ രണ്ടു വര്‍ഷം മുമ്പ് 72% മാര്‍ക്കോടു കൂടി, കോഴ്സു പൂര്‍ത്തിയാക്കി അവസാന പരീക്ഷയില്‍ വിജയിച്ചു. പരീക്ഷയ്ക്ക് മുമ്പു തന്നെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി അവര്‍ക്കു ജോലിയും ലഭിച്ചു.

2004 ഒക്ടോബര്‍ 20-ന് അവളും വിവാഹിതയായി. അവളെ വിവാഹം കഴിച്ച ശ്രീ അല്‍ഫോന്‍സും ജീസസ് യൂത്തിലും റെക്സ്ബാന്‍ഡിലും ഗായകനും സംഗീത സംവിധായകനുമായി പ്രവര്‍ത്തിക്കുന്നു. മലയാള ചലച്ചിത്രരംഗത്തും സംഗീത സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ സ്ഥാനം നേടി. 'ജലോത്സവം വെള്ളിത്തിര, മഞ്ഞുപോലെ ഒരു പെണ്‍കുട്ടി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ അല്‍ഫോന്‍സ് ആണ്.

ഈ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തു ദു:ഖിച്ച്, കുട്ടികളുടെ ഭാവിക്കുവേണ്ടി ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയാത്തതിലുള്ള ദു:ഖത്തില്‍ നിരാശയില്‍ ആറു വര്‍ഷം ഞാന്‍ ഉറക്കം വരാതെ കിടന്നു. എന്നാല്‍ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ ഭാവി മാത്രമല്ല എന്‍റെ ഭാവി, എന്‍റെ ഭാര്യയുടെ ഭാവി, കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഭാവി, തന്‍റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ട് "നീയും കുടുംബവും രക്ഷ പ്രാപിക്കും." എന്നുള്ള വാഗ്ദാനം അവിടുന്നു പാലിച്ചു.

കർത്താവായ യേശു സകല മനുഷ്യർക്കുമുള്ള രക്ഷകനാണ്‌. അവനിലൂടെ നമുക്ക് എല്ലാം സാധ്യമാണ് എന്ന വലിയ സത്യം നാം തിരിച്ചറിയാൻ വൈകരുത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തുതന്നെയാകട്ടെ; ദൈവം നമ്മുക്ക് ഉറപ്പു തരുന്നു: "ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറമിയാ 23:27)

(ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക)

ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക

ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു

ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല #repost


Related Articles »