Life In Christ
ഉത്തരമില്ലാതെ ഡോക്ടര്‍മാര്‍; യേശുവില്‍ അത്ഭുത സൗഖ്യം പ്രാപിച്ച് കാലിഫോര്‍ണിയ സ്വദേശി
സ്വന്തം ലേഖകന്‍ 13-11-2018 - Tuesday
കാലിഫോര്‍ണിയ: അമേരിക്കയിലെ ഡോക്ടര്‍മാരെ സ്തബ്ദരാക്കി യേശു നാമത്തില്‍ അത്ഭുത സൗഖ്യം പ്രാപിച്ച കാലിഫോര്‍ണിയ സ്വദേശിയുടെ ജീവിതസാക്ഷ്യവുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയിലി മെയില്‍. തലച്ചോറില്‍ ‘മുഴ’യുമായി (ബ്രെയിന്‍ ട്യൂമര്‍) ജീവിച്ച കാലിഫോര്‍ണിയയിലെ ലോഡി സ്വദേശിയായ പോള്‍ ഡോക്ടര്‍മാരുടേയോ, ചികിത്സയുടേയോ സഹായമില്ലാതെ നേടിയ രോഗശാന്തി ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുകയാണ്. യേശുവിലുള്ള വിശ്വാസത്തെ പ്രതി രോഗശാന്തി നേടിയ സാക്ഷ്യമാണ് പോള്‍ വുഡ്ഢിനു പറയാനുള്ളത്.
കടുത്ത തലവേദനയുമായി ഭിത്തിയില്‍ പിടിക്കാതെ ഒരടിപോലും മുന്നോട്ട് വെക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ മാസങ്ങളോളമാണ് പോള്‍ രോഗശയ്യയില്‍ ചിലവഴിച്ചത്. പോളിന്റെ രോഗത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തലച്ചോറിലെ രക്തസ്രാവമാണ് വുഡ്ഢിന്റെ രോഗകാരണമെന്ന് യു.സി സാന്‍ഫ്രാന്‍സിസ്കോയിലെ ന്യൂറോ സര്‍ജ്ജന്‍ വിധിയെഴുതിയപ്പോള്‍, ഒരു റേഡിയോളജിസ്റ്റ് അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ തലച്ചോറില്‍ മുഴയുണ്ടെന്നാണ്.
പിന്നീട് ജൂലൈ മാസം എടുത്ത എക്സ് റേയില്‍ തലച്ചോറില്‍ മുഴയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന്‍ ഓപ്പറേഷന് തയാറായി വരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച പോള്‍ മുന്നോട്ടുള്ള ദിവസങ്ങള്‍ ഏറ്റവും അനുഗ്രഹമാക്കുകയായിരിന്നു. യേശുവില്‍ ആഴമായ വിശ്വസിച്ചു അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു. ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ തലേദിവസം എടുത്ത എക്സ് റേ ഡോക്ടര്‍മാരെ അടക്കം ഞെട്ടിച്ചു കളഞ്ഞു. പോളിന്റെ തലയില്‍ നിന്നും മുഴ അപ്രത്യക്ഷമായിരിക്കുന്നു. പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.
പോളിന്റെ അസുഖത്തിന്റെ ഒരടയാളം പോലും ഇപ്പോള്‍ ഇല്ല. തങ്ങള്‍ക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് ഡോക്ടര്‍ റിച്ചാര്‍ഡ് യീ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആഴമായ വിശ്വാസവും, കൂട്ടായ്മയില്‍ നിയോഗം വെച്ചുള്ള പ്രാര്‍ത്ഥനയുമാണ് പോള്‍ വുഡ്ഢിനു സൗഖ്യം നല്‍കിയതെന്ന് ഗ്രാവിറ്റി ചര്‍ച്ചിലെ പാസ്റ്ററായ ജാസണ്‍ മക്ഈച്ച്രോണും സമ്മതിക്കുന്നു.
യേശുവിലുള്ള തന്റെ വിശ്വാസമാണ് തനിക്ക് സൗഖ്യം നല്‍കിയതെന്നു പോള്‍ വുഡ് അടിവരയിട്ടു പറയുന്നു. അത്ഭുത രോഗശാന്തിയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാര്‍. അതേസമയം വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം യേശു നല്‍കിയ സൗഖ്യത്തെ കുറിച്ചു നവ മാധ്യമങ്ങളിലൂടെയും മറ്റും അനേകരെ അറിയിക്കുകയാണ് പോള്‍ വുഡ്.