News
"സഭയല്ല; യേശുവാണ് ശ്രദ്ധാകേന്ദ്രവും ലക്ഷ്യവും" മാർപാപ്പയ്ക്കു വേണ്ടിയുള്ള നോമ്പുകാല ധ്യാനത്തിൽ നിന്ന്
സ്വന്തം ലേഖകന്‍ 09-03-2016 - Wednesday
ഫ്രാൻസിസ് മാർപാപ്പയ്ക്കും റോമൻ കൂരിയയ്ക്കും വേണ്ടിയുള്ള നോമ്പുകാല ധ്യാനത്തിൽ ഫാദർ ഇർമീസ് റോഞ്ചി, ചൊവ്വാഴ്ച്ച നടത്തിയ ധ്യാന പ്രഭാഷണത്തിൽ, നമ്മുടെ എല്ലാ ആത്മീയ പ്രവർത്തികളുടെയും കേന്ദ്രം യേശുവാണെന്നും, സഭയിലെ ആഘോഷങ്ങളോ ആചാരങ്ങളോ അല്ലെന്നും വ്യക്തമാക്കി. സഭയിലെ ഇതര പ്രവർത്തനങ്ങൾ യേശുവിലേക്കുള്ള നമ്മുടെ വഴി മാത്രമാണ് എന്ന് നാം ഓർത്തിരിക്കണം, അദ്ദേഹം പറഞ്ഞു.
പിതാവും റോമൻ കൂരിയയും നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കുന്ന തെക്കൻ റോമിലെ അരീഷ്യ പട്ടണത്തിലെ ‘Divin Maestro’ Centre -ൽ ചൊവ്വാഴ്ച്ച രാവിലത്തെ പ്രഭാഷണത്തിലാണ് ഫാദർ ഇർമീസ് റോഞ്ചി, ക്രൈസ്തവരുടെ ആത്മീയ പ്രവർത്തനത്തെ പറ്റിയുള്ള തന്റെ ധ്യാനചിന്ത പങ്കുവച്ചത്.
യേശു ദൈവപുത്രനാണെന്നുള്ള തന്റെ വിശ്വാസം യേശുശിഷ്യനായ പത്രോസ് ലോകത്തോടു പ്രഖ്യാപിക്കുന്ന സുവിശേഷ ഭാഗം ഓർമ്മപ്പെടുത്തി കൊണ്ടാണ് ഫാദർ റോഞ്ചി വചന സന്ദേശം നല്കിയത്. യേശുവിന്റെ ഒരു ചോദ്യത്തിന് മറുപടിയായാണ് പത്രോസ് തന്റെ വിശ്വാസ പ്രഖ്യാപനം നടത്തുന്നത്.
'മറ്റുള്ളവർ തന്നെ പറ്റി എന്തു പറയുന്നു എന്നതല്ല, തന്റെ ശിഷ്യർ തന്നെ പറ്റി എന്തു കരുതുന്നു' എന്നാണ് യേശു അവരോടു ചോദിച്ചത്. തന്റെ ശിഷ്യരുടെ ഹൃദയത്തിൽ നിന്നുമുള്ള മറുപടികളാണ് യേശു ആവശ്യപ്പെടുന്നത്. "ഓരോരുത്തരിലും ദൈവം ജനിക്കുന്ന സ്ഥലമാണ് അവരുടെ ഹൃദയം." ഫാദർ റോഞ്ചി പറഞ്ഞു.
"മറ്റുള്ളവരെയല്ല, തന്നെത്തന്നെയാണ് യേശു കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുക്കുന്നത്; മറ്റുള്ളവരുടെയല്ല, സ്വന്തം രക്തമാണ് യേശു ലോകത്തിനു വേണ്ടി ചിന്തിയത്."
തിരുസഭയുടെ പ്രസക്തിയെ പറ്റി ഫാദർ റോഞ്ചി പറയുന്നു: "ദൈവത്തിനും മനുഷ്യനുമിടയ്ക്കുള്ള മദ്ധ്യസ്ഥയാണ് തിരുസഭ. സ്നാപക യോഹന്നാൻ ചെയ്തതുപോലെ, മനുഷ്യർക്കു വേണ്ടി ദൈവത്തിലേക്ക് പാതയൊരുക്കുക. എന്നിട്ട് നമ്മൾ ഒതുങ്ങി നിൽക്കുക."
"നമ്മുടെ എല്ലാ പ്രവർത്തികളുടെയും ശ്രദ്ധാകേന്ദ്രം യേശുവായി മാറുമ്പോൾ തിരുസഭയ്ക്കുണ്ടാകുന്ന ശോഭയെ പറ്റി ഓർത്തുനോക്കുക. തീരുസഭയ്ക്ക് ആ ശോഭ ലഭിക്കാൻ, അല്പം കൂടി നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു." പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് ഫാദർ ഇർമീസ് റോഞ്ചി പറഞ്ഞു.
