News - 2024
ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് വ്യക്തി പ്രകടനമാകരുത്, ദൈവാരൂപിയായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 28-11-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് ദൈവാരൂപിയായിരിക്കണമെന്നും മറിച്ച് വ്യക്തികളുടെ പ്രകടനമാകരുതെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഏഴായിരത്തോളം ഗായകസംഘങ്ങളുടെ പ്രതിനിധികളോട് സംസാരിക്കുകയായിരിന്നു പാപ്പ. സഭയുടെ ഹൃദയത്തിലെ ദൈവാരൂപിയുടെ സാന്നിധ്യവും അതിന്‍റെ അടയാളവുമാകണം ആരാധനക്രമത്തിന്‍റെയും ആരാധനക്രമഗീതങ്ങളുടെയും സജീവമായ ജനപങ്കാളിത്തമുള്ള ആഘോഷങ്ങളെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
വ്യക്തികളുടെയും സമൂഹത്തിന്‍റെയും സംസ്കാരത്തെ വളര്‍ത്തുന്ന ഘടകമാണ് സംഗീതം. എന്നാല്‍ അത് ദൈവസ്തുതിയായി നാം ഉപയോഗിക്കുമ്പോള്‍ സഭയുടെ അസ്തിത്വത്തിന്‍റെ മനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ ഭാഗമായി ആരാധനക്രമ സംഗീതം പരിണമിക്കുന്നു. സന്തോഷത്തിന്‍റെയും ചിലപ്പോള്‍ ദുഃഖത്തിന്‍റെയും വികാരങ്ങള്‍ ഉണര്‍ത്തുന്ന ആരാധനക്രമഗീതികള്‍ ക്രൈസ്തവ ജീവിതത്തിന്‍റെ വിശ്വാസപ്രയാണത്തില്‍ ഓര്‍മ്മകള്‍ വിരിയിക്കുന്ന ഘടകം തന്നെയാണ്. ഗായക സംഘങ്ങള്‍ ദൈവജനത്തെ ഒരുമിച്ചു പാടാനും പ്രാര്‍ത്ഥിക്കാനും സഹായിക്കുമ്പോള്‍ നാം ക്രിസ്തുവില്‍ ഒന്നാവുകയും, ഏകദൈവത്തിലുള്ള ഒരേ വിശ്വാസം പ്രഘോഷിക്കുകയുമാണ് ചെയ്യുന്നത്.
ആരാധനക്രമ ശുശ്രൂഷയില്‍ വിശ്വാസത്തോടെയും സജീവമായും പങ്കെടുക്കുന്ന സാധാരണക്കാരും ബഹുഭൂരിപക്ഷം വരുന്നവരുമായ വിശ്വാസ സമൂഹത്തെ തരംതാഴ്ത്തുകയും, അവരുടെ വിശ്വാസപ്രഘോഷണത്തെ മറികടക്കുകയും ചെയ്യുന്ന വിധത്തില്‍ ദേവാലയശുശ്രൂഷയിലെ മുഖ്യകഥാപാത്രങ്ങളാകാന്‍ ദേവാലയ ഗാനശുശ്രൂഷകര്‍ ഒരിക്കലും പരിശ്രമിക്കരുത്. ജനങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട്, നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന വേറിട്ട സംഗീതസംഘങ്ങളായി ദേവാലയഗാന ശുശ്രൂഷകര്‍ മാറുന്ന അപകടം ലോകമെമ്പാടും ഇന്നു സഭയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് ഖേദകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തുവാന്‍ സഭാദ്ധ്യക്ഷന്മാര്‍ പ്രത്യേകം ശ്രമിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നവംബര്‍ 22നു ആരംഭിച്ച ദേവാലയ ഗാനശുശ്രൂഷകരുടെ രാജ്യാന്തര സംഗമം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സമാപിച്ചത്.