News - 2025

ദിവ്യബലിയിൽ വചന സന്ദേശം നല്കാൻ സ്ത്രീകളെയും അനുവദിക്കുമോ? വത്തിക്കാനിൽ നിന്നും ഉയരുന്ന മാറ്റത്തിന്റെ ശബ്ദം

സ്വന്തം ലേഖകന്‍ 11-03-2016 - Friday

ഈയടുത്ത് വത്തിക്കാന്റെ അർദ്ധ-ഒൗദ്യോഗിക ദിനപത്രമായ L'Osservatore Romano-ൽ ചിന്തിപ്പിക്കുന്ന ഒരു ലേഖന പരമ്പര പ്രത്യക്ഷപ്പെട്ടു. ദിവ്യബലിയുടെ വചന സന്ദേശ വേളയിൽ സ്ത്രീകൾക്ക് പ്രസംഗപീഠത്തിൽ നിന്നും വചന പ്രഘോഷണം നടത്താനുള്ള അവസരം നൽകണമെന്നായിരുന്നു ഈ ലേഖനങ്ങളുടെ അടിസ്ഥാന പ്രമേയം.

കഴിഞ്ഞ 800 വർഷങ്ങളായി ദേവാലയത്തിലെ പ്രസംഗപീഠം, ദിവ്യബലി മദ്ധ്യേ പുരോഹിതർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതാണ്.

800 വർഷങ്ങളായി തുടരുന്ന സഭാപാരമ്പര്യത്തിന് മാറ്റം വരുത്തണമെന്ന് ഇപ്പോൾ വത്തിക്കാന്റെ അർദ്ധ - ഔദ്യോഗിക മാദ്ധ്യമം തന്നെ ആവശ്യപ്പെടുകയാണ്. വരാൻ പോകുന്ന മാറ്റങ്ങളുടെ സൂചനയാണോ ഇത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സഭാ കാര്യങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ പലപ്പോഴായി അഭിപ്രായപെട്ടിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് പൗരോഹിത്യവൃത്തിയിലേക്കുള്ള വിലക്ക് പിതാവ് പല തവണ ആവർത്തിച്ചിട്ടുമുണ്ട്.

ദിനപത്രത്തിലെ ലേഖന പരമ്പര ആവശ്യപ്പെടുന്ന മാറ്റം സഭയെ ആധുനിവൽക്കരിക്കുന്നതിനല്ല: പ്രത്യുത, ആയിരം വർഷങ്ങൾക്കു മുമ്പുള്ള പാരമ്പര്യത്തിലേക്ക് സഭയെ തിരിച്ചു കൊണ്ടുപോകാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു. ആയിരം വർഷങ്ങൾക്കു മുമ്പ് സഭയിൽ സ്ത്രീകൾ വേദപ്രസംഗം നടത്താറുണ്ടായിരുന്നു. പുരോഹിതരും മെത്രാന്മാരും മാത്രമല്ല, ചില അവസരങ്ങളിൽ മാർപാപ്പമാർ പോലും ആ പ്രസംഗങ്ങൾക്ക് ശോതാക്കളായിരുന്നു.

മഗ്ദലനമറിയം, അപ്പോസ്തലന്മാരുടെ അപ്പോസ്തലയായി കരുതപ്പെടുന്നു. കർത്താവ് ഉയിർത്തെഴുന്നേറ്റ് തനിക്ക് പ്രത്യക്ഷപ്പെട്ട വിവരം, അപ്പോസ്തലന്മാർക്ക് മുന്നിൽ ആദ്യമായി വിളമ്പരം ചെയ്തത് മഗ്ദലന മറിയമാണ് എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.

13-ാം നൂറ്റാണ്ടിൽ ഗ്രെഗറി IX.-മൻ മാർപാപ്പയാണ് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അൽമേയർ വേദപ്രസംഗം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. 1973-ൽ എട്ടു വർഷത്തെ പരീക്ഷണമെന്ന നിലയിൽ ജർമ്മനിയിൽ അൽമേയർക്ക് വേദ പ്രസംഗം നടത്താനുള്ള അനുമതി വത്തിക്കാൻ നൽകുകയുണ്ടായി. അനുവാദം ലഭിച്ച അൽമേയരിൽ കൂടുതലും വനിതകളായിരുന്നു. സുവിശേഷത്തിൽ അവഗാഹം കുറവുള്ളവർ കൂടി പങ്കെടുത്തതോടെ പരീക്ഷണം പൂർണ്ണമായും വിജയിച്ചില്ല.

ജോൺ പോൾ II- മൻ മാർപാപ്പ ഈ കാര്യത്തിൽ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവന്നു. 1993-ൽ അദ്ദേഹം സഭാ നിയമത്തിൽ മാറ്റം വരുത്തി. ദിവ്യബലി സമയത്തെ വേദപ്രസംഗം പുരോഹിതർക്കും ശെമ്മാശ്ശന്മാർക്കും മാത്രമാക്കി നിജപ്പെടുത്തി. 1997-ൽ അൽമേയർ ദിവ്യബലി മദ്ധ്യേ വേദപ്രസംഗം നടത്തുന്നത് വത്തിക്കാന്റെ ഒരു ഉത്തരവ് മൂലം നിരോധിച്ചു. അതേ സമയം അൽമേയർ കൂടുതലായി പ്രാർത്ഥനകളിൽ പങ്കെടുക്കാൻ ഇതേ രേഖയിൽ തന്നെ ആവശ്യപ്പെടുന്നു. തുടര്‍ന്ന് പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ അൽത്താരബാല സഖ്യത്തിൽ സജീവമായി തീർന്നു.

ദിവ്യബലി സമയത്തെ വചന സന്ദേശങ്ങൾ പ്രത്യേകിച്ച് ഞായറാഴ്ചകളിൽ, ചിലപ്പോഴൊക്കെ ആഴം കുറഞ്ഞതായി അനുഭവപ്പെടാറുണ്ട്. നല്ല വേദപ്രസംഗങ്ങൾ ധാരാളം ഉണ്ടാകുന്നുണ്ട്. എന്നാൽ ചിലതെങ്കിലും ഒരുക്കമില്ലാത്തവയായി അനുഭവപ്പെടുന്നു. ചിലത് ഇന്റർനെറ്റിൽ നിന്നും പകർത്തി വളരെ വികലമായി ആവർത്തിക്കപ്പെടുന്നു. ചിലത് വളരെ വിരസമായ ധർമ്മോപദേശമായി അനുഭവപ്പെടുന്നു. ചെറുപ്പക്കാർ പലരും ദേവാലയത്തിൽ പോകാതിരിക്കാൻ തന്നെ, കഴമ്പില്ലാത്ത പ്രസംഗങ്ങൾ കാരണമാകുന്നു.

ഫ്രാൻസിസ് മാർപാപ്പ രണ്ടു വർഷം മുമ്പ് ഇതിന് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. (Apostolic Exhortation Evangelii Gaudium) പക്ഷേ, അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

പ്രസംഗപീഠത്തിൽ വനിതകൾക്ക്, സുവിശേഷത്തിൽ അധിഷ്ഠിതമായ പുതിയ വീക്ഷണകോണുകൾ തുറക്കാനാവുമെന്ന് L'Osservatore Romano- ലെ ലേഖന പരമ്പരയിൽ സൂചിപ്പിക്കുന്നു.


Related Articles »