India - 2024

മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സമ്പത്ത് ദൈവീക വിശ്വാസം: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 01-12-2018 - Saturday

കാഞ്ഞിരപ്പള്ളി: മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സമ്പത്താണ് ദൈവീക വിശ്വാസമെന്നും കുഞ്ഞുങ്ങള്‍ ഇന്നനുഭവിക്കുന്ന ദാരിദ്ര്യം ഇതാണെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കാഞ്ഞിരപ്പള്ളി രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാംദിവസം വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍. ദൈവത്തിന്റെ ശക്തി അറിയാത്തതുകൊണ്ടാണ് ഇന്നത്തെ തലമുറയ്ക്കു തെറ്റുപറ്റുന്നതെന്നും ഇത് മനസിലാക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വെന്‍ഷനുകളെന്നും മാര്‍ ജേക്കബ് മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങളില്‍ ദൈവത്തിന്റെ ശക്തിയില്ലെങ്കില്‍ വരുംതലമുറകള്‍ തകര്‍ന്നുപോകും. ദേവാലയങ്ങളിലെത്തുന്നവര്‍ വിശുദ്ധ കൂദാശകളാല്‍ വിശുദ്ധി നേടുകയും ദേവാലയത്തില്‍നിന്നു ദൈവത്തിന്റെ ശക്തിയുള്ളവരായി മടങ്ങുകയും ചെയ്യണം. ദേവാലയത്തിലെത്തുന്നവര്‍ കര്‍ത്താവിന്റെ വചനമാകുന്ന സന്പത്ത് സ്വീകരിച്ച് പാപാവസ്ഥയില്‍നിന്ന് മുക്തരാകണം. ദൈവീകശക്തി നമ്മളില്‍ ഉളവാകുന്‌പോള്‍ നന്മതിന്മകളെ തിരിച്ചറിയുവാന്‍ കഴിയും. പാരന്പര്യമായി കാത്തുസൂക്ഷിക്കുന്ന വിശ്വാസം ഇല്ലാതായാല്‍ അത് കുടുംബങ്ങളെയും സമൂഹങ്ങളെയും പിടിച്ചുലയ്ക്കുമെന്നും ദൈവത്തിന്റെ ശക്തി അറിയാത്തതുകൊണ്ടാണ് ഇന്നത്തെ തലമുറയ്ക്കു തെറ്റുപറ്റുന്നതെന്നും മാര്‍ ജേക്കബ് മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട, റാന്നി ഫൊറോനകളിലെ വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ഫാ. സാംസണ്‍ മണ്ണൂര്‍ വചനപ്രഘോഷണം നടത്തി. കണ്‍വന്‍ഷന്റെ നാലാം ദിവസമായ ഇന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. എരുമേലി ഫൊറോനയിലെ വൈദികര്‍ സഹകാര്‍മികരായിരിക്കും. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »