Christian Prayer - March 2025
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി
വണക്കമാസം 12-03-2024 - Tuesday
"ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു" (ലൂക്കാ 1:27).
കഷ്ടങ്ങളില്‍ ആലംബമായ വിശുദ്ധ യൗസേപ്പ്
വി. യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകന്‍ എന്നു വിളിക്കുന്നതിനു കാരണമുണ്ട്. തിരുസഭയുടെ ആരംഭമെന്ന് പറയുന്നത് അതിന്‍റെ ആദ്യ പ്രതിരൂപമായ തിരുക്കുടുംബത്തിലാണല്ലോ. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ സംരക്ഷകനായിരുന്നു എന്ന കാരണത്താല്‍ തന്നെ സാര്‍വത്രിക സഭയുടെയും സംരക്ഷകനാണ്. വന്ദ്യപിതാവ് അദ്ദേഹത്തിന്‍റെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിനെയും ദിവ്യശിശുവിനെയും സംരക്ഷിച്ചു പോന്നു. കൂടാതെ ഉണ്ണിമിശിഹായുടെ ജീവന്‍ അപകടത്തിലായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പിതൃസഹജമായ വാത്സല്യ സ്നേഹാദരങ്ങളോടെ വി. യൗസേപ്പ് ദൈവകുമാരനെ സംരക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തി.
ഈശോമിശിഹായുടെ ജനനാവസരത്തില്‍, ദിവ്യശിശുവിനു വേണ്ട എല്ലാ സംരക്ഷണവും ദരിദ്രനായ വിശുദ്ധ യൗസേപ്പ് തന്‍റെ കഴിവിന്‍റെ പരമാവധി നിര്‍വഹിച്ചു. ഹേറോദേസ് ദൈവകുമാരനെ ഭീഷണിപ്പെടുത്തിയപ്പോള്‍ വത്സല പിതാവ് തീക്ഷ്ണതയോടും ആത്മാര്‍പ്പണത്തോടും കൂടിയാണ് ഈജിപ്തിലേക്ക് പ്രയാണം ആരംഭിക്കുന്നത്. മാര്‍ഗ്ഗമദ്ധ്യേ പല അപകടങ്ങളും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഈജിപ്തിലെ പ്രവാസകാലം ദുരിത പൂര്‍ണ്ണമായിരിന്നു. അജ്ഞാതമായ സ്ഥലത്ത് അവിശ്വാസികളുടെ മദ്ധ്യത്തിലാണ് തിരുക്കുടുംബം ജീവിതം നയിക്കേണ്ടിവന്നത്. പ്രസ്തുത സന്ദര്‍ഭങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പിന്‍റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ ദിവ്യശിശുവിന്‍റെ ജീവിതം സുരക്ഷിതമാക്കിത്തീര്‍ത്തു. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനത്തിനു, പരമദുഷ്ടനായ അര്‍ക്കലാവോസ് ഹേറോസെസിന്‍റെ സ്ഥാനത്ത് ഭരണസാരഥ്യം വഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം അസ്വസ്ഥതനായി. ദൈവദൂതന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അദ്ദേഹം നസ്രസില്‍ പോയി വസിക്കുകയാണ് ചെയ്തത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ ദൈവാലയത്തില്‍ വച്ച് കാണാതായ അവസരത്തില്‍ വന്ദ്യപിതാവ് ദുഃഖത്തോടുകൂടി അന്വേഷിച്ചതായി പ. കന്യക തന്നെ പ്രസ്താവിക്കുന്നു (വി. ലൂക്കാ. 2). നസ്രസിലെ അവസാന കാലത്തും വിശുദ്ധ യൗസേപ്പ് തിരുക്കുടുംബത്തിന്‍റെ എല്ലാവിധമായ സുരക്ഷിതത്വത്തിലും ദത്തശ്രദ്ധനായിരുന്നുയെന്ന് അനുമാനിക്കാം.
വിശുദ്ധ യൗസേപ്പിന്‍റെ പൈതൃക പരിലാളന ഇന്നു തിരുസഭയ്ക്കും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ നാഥനായിരുന്നതുപോലെ ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ സുരക്ഷിതത്തിലും സുസ്ഥിതിയിലും പുരോഗമനത്തിലും വളര്‍ച്ചയിലും കാതലായ പങ്ക് വഹിക്കുന്നുണ്ട്. തിരുസഭാ ചരിത്രം അതിനുള്ള തെളിവുകള്‍ നല്‍കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, വി. യൗസേപ്പിന്‍റെ സംരക്ഷണയ്ക്കാണ് സമര്‍പ്പിച്ചത്.
സംഭവം
1750-ല്‍ ഫ്രാന്‍സില്‍ ഒരു വലിയ യുദ്ധമുണ്ടായി. മെറ്റ്സ് പട്ടണം ശത്രുക്കള്‍ വളഞ്ഞു. ഏറ്റവുമധികം കഷ്ടപ്പടുണ്ടായത് മെറ്റ്സ് പട്ടണത്തിലെ ഒരു കന്യകാലയത്തിനാണ്. പട്ടാളക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി തങ്ങളുടെ മഠവും സ്തുത്യര്‍ഹമായ നിലയില്‍ നടത്തിയിരുന്ന സ്ക്കൂളും അവര്‍ക്ക് വിട്ടൊഴിയേണ്ടി വന്നു. സ്വന്തം വസതി വെടിഞ്ഞ അവര്‍ പിന്നീട് താമസിച്ചത് നേരത്തെ പട്ടാളക്കാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരു ഗാരേജിലാണ്. ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ലഭിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം സന്യാസസഭ തന്നെ നിറുത്തിക്കളയേണ്ട പരിസ്ഥിതി പോലും അവര്‍ക്കുണ്ടായി. എങ്കിലും ആവശ്യ സമയങ്ങളില്‍ ആര്‍ക്കും സഹായമരുളുന്ന മാര്‍യൗസേപ്പിന്‍റെ സന്നിധിയില്‍ അവര്‍ കൂട്ടപ്രാര്‍ത്ഥന നടത്തി.
തിരുക്കുടുംബത്തിന്‍റെ പാലകനായ യൗസേപ്പ് അവരെ കാരുണ്യപൂര്‍വ്വം കടാക്ഷിച്ചു. കന്യകമാര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്ന്‍ 31 മൈല്‍ അകലെയുള്ള യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഒരു ഇടവകപ്പള്ളിയിലുള്ള ജനങ്ങള്‍ ഈ കന്യാസ്ത്രീമാരുടെ കഷ്ടപ്പാടുകള്‍ അറിയുകയും പിരിവെടുത്ത് അവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചുകൊടുക്കുവാന്‍ മുന്നോട്ട് വരികയും ചെയ്തു. യുദ്ധം കഴിഞ്ഞ് പടയാളികള്‍ മഠവും സ്കൂളും വിട്ടൊഴിയുന്നത് വരെ യൗസേപ്പിതാവിന്‍റെ ഭക്തദാസികളായ ആ കന്യകമാര്‍ കഴിഞ്ഞു കൂടിയത് ആ വിശുദ്ധ പിതാവിന്‍റെ നാമധേയത്തിലുള്ള ഇടവകയിലെ ജനങ്ങളുടെ ഔദാര്യപൂര്‍ണ്ണമായ സംരക്ഷണയിലാണ്.
ജപം
തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ 1 ത്രിത്വ.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ...)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ...)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ...)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ...)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ...)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ....(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക