News - 2024

ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഭ്രൂണഹത്യ നിയമവിരുദ്ധം: പ്രോലൈഫ് നിയമവുമായി യു‌എസ് സംസ്ഥാനം

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

ഒഹിയോ: അമ്മയുടെ ഉദരത്തിലെ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ സെനറ്റ് പാസാക്കി. പതിമൂന്നിനെതിരെ പതിനെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. കഴിഞ്ഞ മാസം മുപ്പത്തിയഞ്ചിനെതിരെ അന്‍പത്തിയെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ സംസ്ഥാനത്തിലെ ജനസഭയും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബില്ലിലെ മാർഗനിർദേശങ്ങളിൽ സെനറ്റ് ഏതാനും മാറ്റങ്ങൾ വരുത്തി. ഇനി ഒഹിയോ സംസ്ഥാനത്തിലെ ഗവർണർക്കു ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയോ ബില്ല് വിറ്റോ ചെയ്യുകയോ ചെയ്യാം.

അബ്ഡോമിനൽ അൾട്രാസൗണ്ട് അടക്കമുള്ള ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചാണ് ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നത്. ഏഴാഴ്ച മുതലുള്ള ഭ്രൂണത്തിന്റെ ഹൃദയമിടിപ്പുകൾ ഈ രീതിയിൽ കണ്ടെത്താനാകും. ഇത് പാലിക്കാതെ ഭ്രൂണഹത്യ ചെയ്യുന്ന ഡോക്ടർമാരുടെ പ്രവർത്തനാനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. നേരത്തെ ഇപ്രകാരമുള്ള ഒരു ബില്ല് ഗവർണർ ജോൺ കാസിക്ക് വിറ്റോ ചെയ്തിരുന്നു. എന്നാൽ ഒഹിയോ സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡിവൈൻ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.

അതിനാൽ പുതിയ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സെനറ്റിനു വേണമെങ്കിൽ ബില്ല് ഗവർണർ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാം. ഇതിനുമുമ്പും ഗർഭഛിദ്ര വിരുദ്ധ ബില്ലുകൾ ഗവർണർ ജോൺ കാസിക്ക് വിറ്റോ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അമേരിക്കയിൽ ഏറ്റവും ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിയമം ഉള്ള സംസ്ഥാനമാണ് ഒഹിയോ. ഡൗൺ സിൻഡ്രം ബാധിച്ച ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന നിയമം സംസ്ഥാനം നേരത്തെ പാസാക്കിയിരുന്നു. ഇതിന് സമാനമായി 20 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമവും ഒഹിയോ സംസ്ഥാനത്തുണ്ട്.


Related Articles »