News - 2025
ഫാ. അഗസ്റ്റിന് ഊക്കനെ ധന്യപദവിയിലേക്കു ഉയര്ത്തി
സ്വന്തം ലേഖകന് 23-12-2018 - Sunday
വത്തിക്കാന് സിറ്റി: തൃശൂർ അതിരൂപതയിലെ വൈദികനും ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായിരുന്ന ദൈവദാസനായ അഗസ്റ്റിന് ജോണ് ഊക്കന്റെ വീരോചിത പുണ്യങ്ങള് ഫ്രാന്സിസ് മാര്പാപ്പ അംഗീകരിച്ചു. ഫാ. അഗസ്റ്റിനെ ധന്യപദവിയിലേക്കുയര്ത്തിക്കൊണ്ടുള്ള ഡിക്രിയില് മാര്പാപ്പ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്. 1880 ഡിസംബര് 19ന് തൃശൂര് ജില്ലയിലെ പറപ്പൂരില് പുന്നപ്പറമ്പില് ഊക്കന് അന്തപ്പന്-ചാലക്കല് അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായാണ് ജനനം.
ചെറുപ്പത്തില് തന്നെ മാതാപിതാക്കള് നഷ്ടപ്പെട്ട അദ്ദേഹം 1895 ല് തൃശൂര് രൂപതയുടെ മൈനര് സെമിനാരിയില് ചേര്ന്നു. ശ്രീലങ്കയിലെ കാന്ഡിയിലായിരുന്നു 1898 മുതല് വൈദിക പരിശീലനം. 1907 ഡിസംബര് 21ന് പൗരോഹിത്യം സ്വീകരിച്ച ഫാ. അഗസ്റ്റിന്, തൃശൂരിലെ സെന്റ് തോമസ് കോളേജിന്റെ അസിസ്റ്റന്റ് മനേജര്. മനേജര്, തൃശൂര് മൈനര് സെമിനാരിയുടെ റെക്ടര്, തൃശൂര് ബിഷപ്പിന്റെ സെക്രട്ടറി, ഇടവക വികാരി തുടങ്ങിയ നിലകളില് സേവനമനുഷ്ഠിച്ചു.
1944 നവംബര് 21നാണ് അന്നത്തെ തൃശൂര് മെത്രാപ്പോലിത്തയായിരുന്നു ആര്ച്ചുബിഷപ്പ് ജോര്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ ആതുര ശുശ്രൂഷയെ കേന്ദ്രീകരിച്ചുള്ള “ഉപവിയുടെ സഹോദരികള്” എന്ന സന്ന്യാസിനി സമൂഹത്തിന് തുടക്കം കുറിച്ചത്. 1956 ഒക്ടോബര് 13 ന് ചൊവ്വന്നൂരില് വച്ച് അദ്ദേഹം വിടവാങ്ങി. ദൈവദാസന് അഗസ്റ്റിനെ കൂടാതെ 11 പേരുടെ നാമകരണ നടപടികള്ക്ക് കൂടി ഫ്രാന്സിസ് പാപ്പ അനുമതി നല്കിയിട്ടുണ്ട്.