India - 2024
ജപമാല ശില്പങ്ങള്‍ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒരുങ്ങി
സ്വന്തം ലേഖകന്‍ 08-01-2019 - Tuesday
ചേര്‍ത്തല: സന്തോഷത്തിന്റെ ആദ്യ രഹസ്യമായ മംഗളവാര്‍ത്തയില്‍ തുടങ്ങി പ്രകാശത്തിന്റെ അവസാന രഹസ്യത്തില്‍ അവസാനിപ്പിക്കുന്ന രീതിയില്‍ യേശു ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ സ്മരിച്ചുകൊണ്ട് 20 ശില്പങ്ങള്‍ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒരുങ്ങി. പള്ളിയുടെ ചുറ്റുമായി മുന്പില്‍ വലതു വശത്തുനിന്ന് ആരംഭിച്ച് അള്‍ത്താരയുടെ പിന്നിലൂടെ മുന്‍വശത്ത് ഇടതു ഭാഗത്ത് അവസാനിക്കുന്ന രീതിയിലാണു ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എറണാകുളം പിഴല ഈരത്തറയില്‍ അമല്‍ ഫ്രാന്‍സിസാണു ശില്പി. ഏതു ദിശയില്‍ നോക്കിയാലും ശില്പങ്ങളുടെ പൂര്‍ണരൂപം കാണാമെന്നതും ശില്പങ്ങള്‍ക്കു സമീപം അതതു രഹസ്യങ്ങളുടെ ശബ്ദങ്ങളും കേള്‍ക്കാമെന്നതും ശ്രദ്ധേയമാണ്. തിരുനാള്‍ കൊടിയേറ്റ് ദിനമായ പത്തിന് ശില്‍പ്പങ്ങളുടെ ആശീര്‍വാദകര്‍മം ആലപ്പുഴ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വ്വഹിക്കും.