News - 2025
മനുഷ്യമനസ്സിൽ നിന്നും ഉയരുന്ന നിരവധിയായ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേയുള്ളു: ദൈവത്തിൽ വിശ്വസിക്കുക
സ്വന്തം ലേഖകന്‍ 15-03-2016 - Tuesday
ജീവിതത്തിൽ ഇരുട്ടു വീഴ്ത്തുന്ന സംഭവങ്ങളും സന്ദർഭങ്ങളും ഉണ്ടാകുമ്പോൾ നാം സ്വയം നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. തിങ്കളാഴ്ച്ച കാസാ സാന്താ മരിയയിലെ ദിവ്യബലിയിലെ പ്രഭാഷണ വേളയിൽ ഫ്രാൻസിസ് മാർപാപ്പ അത്തരം സന്ദർഭങ്ങളെ പ്രതിപാദിച്ചാണ് സംസാരിച്ചത്.
ഭവനരഹിതനായ ഒരാൾ റോമിലെ തെരുവിൽ തീവ്രശൈത്യത്തിൽ മരിച്ചുവീണു; യെമനിലെ ആക്രമണത്തിൽ, നന്മ മാത്രം ചെയ്തു ജീവിച്ചിരുന്ന കന്യാസ്ത്രീകൾ കൊല്ലപ്പെട്ടു; ഇറ്റലിയിലെ 'Triangle of Death'-ൽ വൻതോതിൽ വിഷവസ്തുക്കൾ കത്തിച്ചുണ്ടാകുന്ന പുക ശ്വസിച്ച് കാൻസറും മറ്റു ദുരിതങ്ങളുമായി ജനങ്ങൾ ജീവിക്കുന്നു.
"ഇവരൊന്നും സ്വന്തം തെറ്റുകൾ കൊണ്ടല്ല ദുരിതത്തിനും മരണത്തിനും ഏൽപ്പിച്ചു കൊടുക്കപ്പെടുന്നത്. ഇവിടെയെല്ലാം 'എന്തുകൊണ്ട്?' എന്ന ചോദ്യം ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. ദൈവത്തിൽ വിശ്വസിക്കുക!" പിതാവ് പറഞ്ഞു.
ദാനിയേലിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായത്തിലെ സൂസന്നയുടെ കഥ അദ്ദേഹം ആവർത്തിച്ചു. ധർമ്മിഷുയായ ഒരു സ്ത്രീയായിരുന്നു അവൾ. രണ്ട് ന്യായാധിപന്മാർ അവളെ മോഹിച്ചു. ന്യായം ലഭിക്കാൻ വേണ്ടി അവർക്ക് വഴങ്ങി കൊടുക്കാൻ അവൾ തയ്യാറായില്ല. പകരം അവൾ ദൈവത്തിൽ ആശ്രയിച്ചു. ദൈവത്തിന്റെ കരങ്ങളിൽ നമ്മെ ഏൽപ്പിച്ചു കൊടുത്താൽ നമുക്ക് തിന്മയെ ഭയപ്പെടേണ്ട കാര്യമില്ല, പിതാവ് പറഞ്ഞു.
ഭക്ഷണമില്ലാതെ മനുഷ്യർ മരിക്കുന്നു; യുദ്ധത്തിന്റെ കെടുതികൾ; അംഗഭംഗം വന്ന കുട്ടികൾ; ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന മനുഷ്യൻ ചോദിക്കുന്നു: 'ദൈവം എവിടെ?' സൂസന്ന ചോദിച്ചു; നമ്മൾ ചോദിക്കുന്നു; ലോകത്തിന് സ്നേഹ സാന്തനങ്ങളേകി ജീവിച്ചിട്ടും വിദ്വേഷത്തിന്റെ മതഭ്രാന്തന്മാരാൽ കൊല ചെയ്യപ്പെട്ട ആ കന്യാസ്ത്രീകളും ചോദിക്കുന്നു; പട്ടിണിയം ശൈത്യവും സഹിച്ച് അടഞ്ഞ വാതിലിനു പുറത്തു നിൽക്കുന്ന അഭയാർത്ഥികളും ചോദിക്കുന്നു, 'ദൈവമെ, അങ്ങെവിടെ?'
നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ സഹനത്തിന് ന്യായീകരണം ഉണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണവ.
ദൈവപുത്രൻ മനുഷ്യനായി പിറന്നുകൊണ്ടാണ് പീഠനങ്ങളും കുരിശുമരണവും നേരിട്ടത്. മനുഷ്യനായി തന്നെയാണ് തന്റെ പിതാവായ ദൈവത്തിൽ വിശ്വസിച്ചത്. ആ സഹനം എന്തിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ നമുക്ക് മനസിലാകുന്നു.
സഹനവും തിന്മയും ഒന്നിന്റെയും അന്ത്യമല്ലെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. 'ദൈവത്തിന് സ്വയം ഏൽപ്പിച്ചു കൊടുക്കുന്നവർക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല.' നമ്മുടെ ജീവിതം ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ നമ്മെ സ്വയം ദൈവത്തിന് ഏൽപ്പിച്ചു കൊടുക്കുക. 'നിങ്ങളുടെ സഹനവും നിങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ പെട്ടതാണ് എന്ന് മനസിലാക്കുക.'
നമുക്ക് ദൈവത്തോട് ഇപ്രകാരം പറയാം "ദൈവമമെ! അവിടുത്തെ നീതി എനിക്കു മനസിലാകുന്നില്ല. അത് മനസിലാക്കാതെ തന്നെ, ഞാൻ എന്നെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു.!" പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.
(Source: Vatican Radio)
