News - 2025
മദർ തെരേസയോടൊപ്പം നാലുപേർ കൂടി വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 15-03-2016 - Tuesday
മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് സെപ്തംബര്‍ 4-ന് ആയിരിക്കും എന്ന് മാർപാപ്പ പ്രഖ്യാപിച്ചപ്പോൾ അതോടൊപ്പം മറ്റു നാലു പേരുടെ, വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന തീയതികളും അദ്ദേഹം പ്രഖ്യാപിച്ചു. പോളണ്ടിൽ നിന്നുള്ള വാഴ്ത്തപ്പെട്ട സ്റ്റാൻസി ലാവൂസ് ഓഫ് ജീസസ് ആന്റ് മേരിയാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമൻ. പിയാറിസ്റ്റ് സഭാംഗമായിരുന്ന അദ്ദേഹം 'Marians of the Immaculate Conception' എന്ന സഭയുടെ സ്ഥാപകന്‍ കൂടിയാണ്.
വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തി സ്വീഡനിൽ നിന്നുമുള്ള 'മരിയ എലിസബത്ത് ഹെസ്ൽ ബ്ലാഡ്' ആണ്. കഴിഞ്ഞ 600 വർഷങ്ങൾക്കുള്ളിൽ ആദ്യമായാണ് സ്വീഡനിൽ നിന്നും ഒരു വ്യക്തി വിശുദ്ധരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. ലൂഥറൻ സഭ വിട്ട് കത്തോലിക്കാ സഭയിലെത്തിച്ചേർന്ന മരിയ, ബ്രിജറ്റൈൻ സിസ്റ്റേർസിന്റെ ഒരു വിഭാഗം സ്ഥാപിച്ച് സ്കാൻഡിനേവിയൻ ക്രൈസ്തവരുടെ ഒരുമയ്ക്കു വേണ്ടി ഏറെ പ്രയത്നിച്ച ഒരു വ്യക്തി കൂടിയാണ്. വടക്കൻ യൂറോപ്പിൽ നിന്നുള്ള ഈ രണ്ടു പേരും ജൂൺ 5-ാം തിയതി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും.
ഫ്രാന്‍സിസ് പാപ്പയുടെ രാജ്യമായ അർജൻറീനയിൽ നിന്നും ഗൗച്ചോ പ്രീസ്റ്റ് (Gaucho Priest) എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട വൈദികന്‍ 'ജോസ് ഗാബ്രിയൽ ഡെൽ റോസാരിയോ' ആണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന നാലാമൻ. ഒരു കോവർകഴുതയുടെ പുറത്തു കയറി തന്റെ വിശാലമായ ഇടവക മുഴുവൻ ചുറ്റി നടന്ന് വിശ്വാസികള്‍ക്ക് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്‍റെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിച്ചത്.
ഒക്ടോബർ 16-ാം തിയതിയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. അന്നുതന്നെയാണ് മെക്സിക്കോയിൽ നിന്നുമുള്ള വാഴ്ത്തപ്പെട്ട 'ജോസ് ലൂയിസ് സാഞ്ചസ് ഡെൽ റിയോയും' വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത്. റിയോ 14- മത്തെ വയസിലാണ് രക്തസാക്ഷിയായത്. വിശ്വാസം ഉപേക്ഷിക്കാനുള്ള മെക്സിക്കൻ അധികൃതരുടെ നിർബന്ധത്തിനും പീഡനങ്ങൾക്കും വഴങ്ങാതെ ആ ബാലൻ മരണം വരിക്കുകയായിരുന്നു.
