Christian Prayer - March 2025

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി

വണക്കമാസം 16-03-2023 - Thursday

"പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23).

ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം

'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു' എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്നത് കാണാം. ഇതിലൂടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വം അദ്ദേഹം പ്രകടമാക്കുകയാണ് ചെയ്തത്. പരിശുദ്ധ കന്യക ഗര്‍ഭിണിയായപ്പോള്‍ വന്ദ്യപിതാവ്‌, അവളെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിച്ചു. എന്നാല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായതെന്ന വിവരം അറിയിക്കുന്നു, കന്യകാമേരിയെ സ്വീകരിക്കുവാനുള്ള നിര്‍ദ്ദേശം ലഭിച്ച ഉടനെ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നു.

റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ തന്‍റെ സാമ്രാജ്യത്തിലുള്ള എല്ലാവരും അവരുടെ സ്വദേശങ്ങളില്‍ ചെന്ന്‍ പേരെഴുതിക്കണം എന്ന്‍ പ്രഖ്യാപിച്ചപ്പോള്‍ യൌസേപ്പ് പിതാവ് യാതൊരു മടിയും കൂടാതെ അതനുസരിച്ചു. ലൗകികയില്‍ വേരൂന്നിയിരിക്കുന്ന, ചക്രവര്‍ത്തിയുടെ കല്പനയിലും വിശുദ്ധ യൗസേപ്പ് ദൈവഹിതമാണ് ദര്‍ശിച്ചത്. അതിനാല്‍ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയോടുകൂടി താമസമന്യേ അദ്ദേഹം ബത്ലഹേമിലെക്ക് പുറപ്പെടുന്നു. വിശുദ്ധ യൗസേപ്പിന്‍റെ മാതൃക എത്ര അനുകരണീയമാണ്. നാം, നമ്മുടെ മേലധികാരികളില്‍ ദൈവത്തെ ദര്‍ശിച്ചുകൊണ്ട് അനുസരിക്കണം. ദൈവം നമുക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യസ്ഥാനത്ത് എത്തിച്ചേരുന്നത് അനുസരണത്തിലൂടെയത്രേ.

മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. സാമൂഹ്യ ജീവിതമുള്ളപ്പോള്‍ അധികാരികളും അധീനരുമുണ്ടായിരിക്കും. തന്നിമിത്തം ന്യായാധിപരായ അധികാരികളെ അനുസരിക്കേണ്ടത് കര്‍ത്തവ്യമാണ്. അത് പരിത്രാണ പരിപാടിയിലെ ഒരവശ്യഘടകമത്രേ. നമ്മുടെ അനുസരണം സ്വഭാവികവും സന്തോഷം നിറഞ്ഞതുമായിരിക്കണം. ജീവിതത്തില്‍ വിശുദ്ധി നിലനിര്‍ത്താന്‍ അത് വളരെ സഹായകമാണ്. അനുസരണത്തിലുള്ള ഓരോ ആഹ്വാനവും ദൈവക്യൈത്തിനുള്ള ആഹ്വാനമാണ്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് അപ്രകാരം, ദൈവതിരുമനസ്സിനോടുള്ള പരിപൂര്‍ണ്ണ വിധേയത്വത്തിലൂടെ അഥവാ അനുസരണത്തിലൂടെ ഉന്നതമായ വിധം ദൈവവുമായി ഐക്യപ്പെട്ടു ജീവിച്ചു. "കര്‍ത്താവേ, കര്‍ത്താവേ എന്ന്‍ വിളിക്കുന്നവനല്ല, പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്" എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകള്‍ നമുക്കും ദൈവഹിതാനുസരണം പ്രവര്‍ത്തിക്കുവാന്‍ പ്രചോദനമാകണം.

സംഭവം

1371-ല്‍ ഫ്രഞ്ചുകാരും പേര്‍ഷ്യക്കാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ഫ്രഞ്ചുകാരുടെ ഒരു പട്ടണം പേര്‍ഷ്യക്കാര്‍ കീഴടക്കി. പട്ടണത്തില്‍ കൊള്ളയും ആക്രമണവും നടത്തി. മാര്‍ യൗസേപ്പ് പിതാവിന്‍റെ, അതീവ ഭക്തയായ ഒരു സ്ത്രീ പ്രസ്തുത പട്ടണത്തില്‍ ജീവിച്ചിരുന്നു. അവര്‍ വിശുദ്ധ യൗസേപ്പിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചു. പടയാളികള്‍ തന്‍റെ ഭവനവും കയ്യേറുമെന്നും തനിക്ക് ജീവാപായം വരുത്തുമെന്നും അവള്‍ തീര്‍ച്ചയാക്കി. ഭയത്തോടെ ആ സ്ത്രീ വിലപിപിടിച്ച സാധനങ്ങളുമായി ഒരു രഹസ്യ സങ്കേതത്തില്‍ പ്രവേശിച്ചു. യൗസേപ്പ് പിതാവിന്‍റെ മാധ്യസ്ഥമല്ലാതെ മറ്റൊരു ശരണവും അവള്‍ക്കില്ലായിരുന്നു. എന്നാല്‍ ഒരു പടയാളി ആ രഹസ്യ സങ്കേതം കണ്ടുപിടിച്ചു. അവരോടു പുറത്തു വരുവാന്‍ ആവശ്യപ്പെട്ടു. ഭയചകിതയായി മരണം മുന്നില്‍ കണ്ട് പുറത്തു വന്ന സ്ത്രീയോട് ആ പടയാളി പറഞ്ഞു: "നിങ്ങളെ ഉപദ്രവിക്കാനല്ല ഞാന്‍ വന്നിട്ടുള്ളത് പ്രത്യുത നിങ്ങളുടെ ഭവനത്തെ സംരക്ഷിക്കുവാനാണ്". മാര്‍ യൌസേപ്പിനെ വിളിച്ചപേക്ഷിക്കുന്ന ഏതൊരാള്‍ക്കും അവിടുന്ന് പരിപാലകനായിരിക്കും.

ജപം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേപ്പേ എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുസരിച്ചു കൊണ്ട് ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ...)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ...)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ...)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ....(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

അനുസരണയുടെ മകുടമായ വിശുദ്ധ യൗസേപ്പേ, ദൈവഹിതമനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »