News - 2024
പാപ്പയുടെ ബലിയില്‍ ഉപയോഗിച്ച ഓസ്തി നിര്‍മ്മിച്ചത് തൃശൂരില്‍
സ്വന്തം ലേഖകന്‍ 07-02-2019 - Thursday
തൃശൂര്‍: ഇക്കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയിലെ അബുദാബിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കു ഉപയോഗിച്ച ഓസ്തി നിര്‍മ്മിച്ചത് തൃശൂരില്‍. മലബാര്‍ മിഷ്ണറി ബ്രദേഴ്‌സിന്റെ (എംഎംബി) തൃശൂര്‍ മരിയാപുരത്തെ മിഷന്‍ ഹോമില്‍ തയാറാക്കിയ ഓസ്തിയാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂര്‍ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനില്‍ നിന്നു പ്രത്യേക പേടകത്തിലാക്കി ഓസ്തി അബുദാബിയിലേക്ക് കൊണ്ടുപ്പോയത്.
സാധാരണയായി യുഎഇയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകള്‍ക്കായി തൃശൂര്‍ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനില്‍നിന്നാണു തിരുവോസ്തി കൊണ്ടുപോകാറുള്ളത്. ചെറിയ തിരുവോസ്തികളാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും പാപ്പയുടെ ബലിക്കായി പ്രത്യേകം വലിയ ഓസ്തി നിര്‍മ്മിക്കുകയായിരിന്നു. തൃശൂര്‍ അതിരൂപത അടക്കം പല രൂപതകളിലേക്കും മലബാര്‍ മിഷ്ണറി ബ്രദേഴ്സ് ഓസ്തി നിര്‍മ്മിച്ചു നല്കുന്നുണ്ട്.