Daily Saints.

March 21: വിശുദ്ധ സെറാപ്പിയോണ്‍

സ്വന്തം ലേഖകന്‍ 21-03-2024 - Thursday

അഗാധമായ പാണ്ഡിത്യവും, കുശാഗ്രബുദ്ധിയും, അറിവുമുണ്ടായിരുന്ന ഈജിപ്ത്കാരനായ ഒരു സന്യാസിയായിരുന്നു വിശുദ്ധ സെറാപ്പിയോണ്‍. വിശുദ്ധ അന്തോണീസിന്റെ ഒരു ശിഷ്യനായിരുന്നു ഈ വിശുദ്ധന്‍, തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ മരുഭൂമിയില്‍ വിശുദ്ധ അത്തനാസിയൂസിന്റെ ഒരു സുഹൃത്തും, സഹായിയുമായിരുന്നു. കുറച്ചു കാലങ്ങളോളം വിശുദ്ധന്‍ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ ഒരു വേദപാഠശാല നടത്തിയിരുന്നു, എന്നാല്‍ പിന്നീട് അനുതാപ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രാര്‍ത്ഥനക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി വിശുദ്ധന്‍ ഈ വേദപാഠശാലയില്‍ നിന്നും വിരമിച്ചു. വിശുദ്ധ സെറാപ്പിയോണ്‍ അന്തോണീസിനെ സന്ദര്‍ശിച്ചിരുന്നപ്പോള്‍ അന്തോണീസ്, വിശുദ്ധനോട് ഈജിപ്തില്‍ കുറച്ചകലെയായി മുന്‍പുണ്ടായ സംഭവങ്ങളെ കുറിച്ച് പറയുമായിരുന്നുവെന്ന് വിശുദ്ധ അത്തനാസിയൂസ് രേഖപ്പെടുത്തുന്നു. മാത്രമല്ല മുടികൊണ്ടുള്ള തന്റെ വസ്ത്രം വിശുദ്ധ സെറാപ്പിയോണിനായി അവശേഷിപ്പിച്ചിട്ടായിരുന്നു വിശുദ്ധ അന്തോണീസ്‌ ഇഹലോകവാസം വെടിഞ്ഞത്.

ഡയോപോളീസിന് സമീപമുള്ള നൈല്‍ നദീതടത്തിലെ മൂയീസിലെ മെത്രാനായി വിശുദ്ധന്‍ അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം സഭാപരമായ കാര്യങ്ങളില്‍ നേതൃനിരയിലേക്കുയര്‍ന്നു. അരിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ ശക്തനായ എതിരാളിയായിരുന്നു വിശുദ്ധന്‍. ഇക്കാരണങ്ങള്‍കൊണ്ട്, വിശുദ്ധ അത്തനാസിയൂസിന്റെ കടുത്ത അനുഭാവിയായിരുന്ന വിശുദ്ധ സെറാപ്പിയോണ്‍, ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്റിയൂസ് നാടുകടത്തി. വിശുദ്ധ ജെറോം ‘കുമ്പസാരകന്‍’ എന്നാണ് വിശുദ്ധ സെറാപ്പിയോനിനെ വിശേഷിപ്പിച്ചിരിന്നത്. ഇതിനിടെ പരിശുദ്ധാത്മാവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന മാസിഡോണിയാനിസം എന്ന മതനിന്ദ ഉടലെടുത്തപ്പോള്‍ വിശുദ്ധന്‍ അതിനെ ശക്തമായി എതിര്‍ക്കുകയും, ഇതിനേക്കുറിച്ച് ഒളിവിലായിരുന്ന വിശുദ്ധ അത്തനാസിയൂസിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനേ തുടര്‍ന്ന്‍ 359-ല്‍ മരുഭൂമിയിലെ തന്റെ ഒളിസ്ഥലത്ത് നിന്നും വിശുദ്ധ അത്തനാസിയൂസ് ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് നാലോളം എഴുത്തുകള്‍ വിശുദ്ധ സെറാപ്പിയോണിന് എഴുതുകയുണ്ടായി.

മാസിഡോണിയാനിസത്തിനെതിരായി ഒരു അമൂല്യമായ ഗ്രന്ഥം വിശുദ്ധ സെറാപ്പിയോണും രചിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഗ്രഹമനുസരിച്ച് നല്ല പ്രവര്‍ത്തികളും, തിന്മ പ്രവര്‍ത്തികളും ചെയ്യുന്ന ഒരുപകരണം മാത്രമാണ് നമ്മുടെ ശരീരമെന്നും, അതിനാല്‍ ദുഷ്ടന്‍മാരായ മനുഷ്യര്‍ പോലും ചിലപ്പോള്‍ നല്ലവരായി തീരാറുണ്ടെന്നും വിശുദ്ധന്‍ ഈ ഗ്രന്ഥത്തില്‍ ചൂണ്ടികാട്ടുന്നു. നമ്മുടെ ആത്മാവ് ദൈവം വഴിയും, എന്നാല്‍ നമ്മുടെ ശരീരം പിശാചിനാലും വന്നതാണെന്ന മാനിച്ചിസവാദത്തിനു നേരെ ഘടകവിരുദ്ധമായിരുന്നു വിശുദ്ധന്‍ തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്. ഈ ഗ്രന്ഥത്തെക്കൂടാതെ ഏതാനും വിജ്ഞാനപ്രദമായ എഴുത്തുകളും, സങ്കീര്‍ത്തനങ്ങളുടെ തലക്കെട്ടുകളെ ആസ്പദമാക്കി നിരവധി പ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടെന്ന് വിശുദ്ധ ജെറോം പറയുന്നു.

ഇതിനെല്ലാമുപരിയായി വിശുദ്ധ സെറാപ്പിയോണിനെ മറ്റ് വിശുദ്ധരില്‍ നിന്നും കൂടുതല്‍ അറിയപ്പെടുന്നവനാക്കിയത് വിശുദ്ധ കര്‍മ്മങ്ങളുടെയും, പ്രാര്‍ത്ഥനകളുടേയും ഒരു സമാഹാരമായ 'യൂക്കോളോജിയോണ്‍' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്‍റെ പേരിലാണ്. 1899-ലാണ് ഇത് കണ്ടെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. ആരാധനാപരമായ പ്രാര്‍ത്ഥനകളുടെ ഈ ശേഖരം, മുഖ്യമായും മെത്രാന്‍മാരുടെ ഉപയോഗത്തിനായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ പുരാതനമായ പൊതു ആരാധന സമ്പ്രദായത്തേക്കുറിച്ചറിയുന്നതിന് ഈ ഗ്രന്ഥം വളരെയേറെ ഉപയോഗപ്രദമാണ്.

വിശുദ്ധ സെറാപ്പിയോണിന്റെ അപേക്ഷ കണക്കിലെടുത്ത് വിശുദ്ധ അത്തനാസിയൂസ് അരിയാനിസത്തിനെതിരായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ അരിയൂസിന്റെ മരണത്തേപ്പറ്റി വിശുദ്ധനെഴുതിയ ഒരെഴുത്ത് ഇപ്പോഴും നിലവിലുണ്ട്. വിശുദ്ധ സെറാപ്പിയോണിനെക്കുറിച്ച് അത്തനാസിയൂസിന് നല്ല അഭിപ്രായമായിരുന്നു. പലപ്പോഴും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായവും തിരുത്തലുകളും ആരാഞ്ഞിരുന്നു. “ആത്മീയ അറിവിനാല്‍ അല്ലെങ്കില്‍ ധ്യാനവും പ്രാര്‍ത്ഥനകളും വഴി ശുദ്ധീകരിക്കപ്പെട്ട മനസ്സ്, കാരുണ്യപ്രവര്‍ത്തികള്‍ വഴിയുള്ള ആത്മീയ സഹനങ്ങള്‍, അനുതാപ പ്രവര്‍ത്തികളും നിരന്തരമായ ഉപവാസവും മൂലം വല്ലപ്പോഴുമുള്ള ഭക്ഷണം ഇതൊക്കെയാണ്" വിശുദ്ധ സെറാപ്പിയോനിന്‍റെ ജീവിതത്തിന് വ്യത്യസ്തതയേകുന്നത്. ഒളിവിലായിരിക്കുമ്പോള്‍ AD 365നും 370നും ഇടക്ക് ഈജിപ്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടഞ്ഞത്.

ഇതര വിശുദ്ധര്‍

1. റോമാക്കാരായ ഫിലമോണുംദോമ്നിനൂസും

2. കൊണ്ടാറ്റിലെ വി.റൊമാനൂസിന്‍റെ സഹോദരനായ ലുപ്പിസിനൂസു

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »