News - 2024
ഓസ്തിക്ക് ഗോതമ്പ് തന്നെ: യുക്ക കൊണ്ടുവരുമെന്ന പ്രചരണത്തെ നിഷേധിച്ച് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 11-03-2019 - Monday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിയ്ക്കുന്ന ഗോതമ്പ് ഓസ്തിക്കു പകരം യുക്ക കൊണ്ടുവരുമെന്ന പ്രചരണത്തെ നിഷേധിച്ച് വത്തിക്കാന്‍. വിശുദ്ധ കുർബാനയ്ക്ക് ഗോതമ്പ് അപ്പം തന്നെ ഉപയോഗിക്കുമെന്നും പകരമായി യുക്ക കൊണ്ടു വരുന്നതിനെ പറ്റി ആമസോൺ സിനഡിൽ ചർച്ച നടക്കുമെന്നുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വത്തിക്കാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ഗോതമ്പ് അപ്പത്തിന് പകരമായി മറ്റൊന്ന് ഉപയോഗിക്കുന്നതിനെപ്പറ്റി ആമസോൺ സിനഡിനായുള്ള കരടുരേഖയിൽ പരാമർശങ്ങൾ ഒന്നുമില്ലെന്നും മെത്രാൻ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിൽ, അണ്ടർ സെക്രട്ടറി പദവി വഹിക്കുന്ന ബിഷപ്പ് ഫാബിനോ ഫാബിനി വ്യക്തമാക്കി.
കഴിഞ്ഞ മാസം ഗോതമ്പ് ഓസ്തിക്ക് പകരം, ആമസോൺ മേഖലകളിൽ സുലഭമായ യുക്കാ ഉപയോഗിക്കുന്നതിനെപ്പറ്റി ഒക്ടോബറിൽ നടക്കുന്ന ആമസോൺ സിനഡിൽ ചർച്ചയുണ്ടാകുമെന്ന് ജസ്യൂട്ട് വൈദികനായ ഫാ. ഫ്രാൻസിസ്കോ തബോർഡാ പറഞ്ഞിരുന്നു. ഗൗരവകരമായ ഈ വിഷയത്തില്‍ വത്തിക്കാൻ വ്യക്തത വരുത്തുകയായിരിന്നു. വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന അപ്പത്തിനെ പറ്റിയും വീഞ്ഞിനെ പറ്റിയും കത്തോലിക്കാസഭയിൽ കർശനമായ നിർദ്ദേശങ്ങളുണ്ട്.
തബോർഡാ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആയിരിക്കുമെന്ന് സിനഡിന്റെ മറ്റൊരു വക്താവ് കത്തോലിക്കാ മാധ്യമമായ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കാനൻ നിയമം 924 പ്രകാരം വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം ഗോതമ്പിൽ നിന്നും ഉണ്ടാക്കിയതായിരിക്കണം. ഇതിന്‍ സമാനമായി കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് മുന്തിരിയിൽ നിന്നും ഉണ്ടാക്കിയതായിരിക്കണം. വീഞ്ഞിൽ വെള്ളമല്ലാതെ മറ്റൊന്നും ചേർക്കാൻ പാടില്ല. ആമസോൺ മേഖലയിലെ കാര്യങ്ങൾ ചർച്ചചെയ്യാനായി നടത്തുന്ന പ്രത്യേക ആമസോൺ സിനഡ് ഈ വർഷം ഒക്ടോബർ മാസം ആറാം തീയതി മുതൽ ഇരുപത്തിയെഴാം തീയതിവരെ വത്തിക്കാനിലാണ് നടക്കുന്നത്.