News - 2025
ലോക യുവജന സംഗമത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാർപാപ്പാ
സ്വന്തം ലേഖകന്‍ 22-03-2016 - Tuesday
1986 മുതല്‍ എല്ലാ ഓശാന ഞായറാഴ്ചകളിലും റോമില്‍ വെച്ച് ലോക യുവജന-ദിനത്തിന്റെ സ്മരണപുതുക്കുക പതിവാണ്. 2016ലെ ഓശാന ഞായര്‍ ദിവസം വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തിൽ, 31-മത്തെ ലോക യുവജന-ദിനത്തെ പറ്റി ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു. 1987 മുതല്‍ അന്താരാഷ്ട്രീയ തലത്തിലുള്ള നിരവധി ലോക യുവജനദിന സംഗമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ജൂലൈ മാസത്തില്‍.
ഈ വരുന്ന ജൂലൈയില്‍ ക്രാക്കോവില്‍ വെച്ച് നടത്തപ്പെടുന്ന ലോക യുവജന സംഗമത്തെക്കുറിച്ച് സെന്റ് പീറ്റേഴ്സ് സ്കൊയറില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികളോടായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു “ജൂലൈ അവസാനത്തില്‍ ക്രാക്കോവില്‍ വെച്ച് നടത്തപ്പെടുന്ന ലോക യുവജന സംഗമത്തോട് കൂടി ഈ വർഷത്തെ ലോക യുവജന-ദിന ആഘോഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. 'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും' (മത്തായി 5:7) എന്നതായിരിക്കും പ്രധാന ചിന്താവിഷയം”
“ലോക യുവജന ദിനങ്ങളുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാടായ ക്രാക്കോവിലേക്ക് നിങ്ങളില്‍ നിന്നും നിരവധിപേര്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ തീര്‍ത്ഥാടനത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നമുക്ക് അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലേക്ക് സമര്‍പ്പിക്കാം. കാരുണ്യ വര്‍ഷത്തിന്റെ പാശ്ചാത്തലത്തിലായിരിക്കും, ആഗോള സഭാതലത്തിലുള്ള യുവജനങ്ങളുടെ ഈ വാര്‍ഷികാഘോഷം നടത്തപ്പെടുക” പാപ്പാ കൂട്ടിച്ചേര്‍ത്തു.
