Faith And Reason - 2025
പാപ്പായുടെ പ്രവചനം തെറ്റിയില്ല: മുന്‍ ഡിസ്നി താര ദമ്പതികള്‍ക്ക് ആദ്യ കണ്‍മണി 'ഫ്രാന്‍സെസ്കാ'
സ്വന്തം ലേഖകന്‍ 21-03-2019 - Thursday
വാഷിംഗ്ടണ്‍ ഡിസി: ഫ്രാന്‍സിസ് പാപ്പയുടെ പ്രവചനത്തിന്റെയും മകളുടെ അത്ഭുതകരമായ ജനനത്തിന്റെയും കഥ വെളിപ്പെടുത്തിക്കൊണ്ട് മുന്‍ ഡിസ്നി താരവും അമേരിക്കന്‍ നടനുമായ ഡേവിഡ് ഹെന്‍റിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തങ്ങള്‍ക്ക് മകള്‍ പിറന്ന വിവരം ഹെന്‍റി-മരിയ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുകയാണ്.
‘റെയിന്‍ബോ ബേബി’യായ 'പിയാ ഫിലോമിനാ ഫ്രാന്‍സെസ്കാ ഹെന്‍റി' എന്ന തങ്ങളുടെ മകളുടെ കത്തോലിക്ക നാമത്തിന്റെ പിന്നിലെ കഥയും, ഫ്രാന്‍സിസ് പാപ്പയോടൊപ്പമുള്ള തങ്ങളുടെ ഫോട്ടോയുടെ പിന്നിലെ കഥയും ഹെന്‍റിയുടെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനയും അനുഗ്രഹവും വഴിയാണ് തങ്ങള്‍ക്ക് തങ്ങളുടെ മകളെ ലഭിച്ചതെന്നാണ് ഹെന്‍റി സാക്ഷ്യപ്പെടുത്തുന്നത്. 2017-ലായിരുന്നു ഇവരുടെ വിവാഹം.
നിരവധി യാതനകളിലൂടെ കടന്നു പോയതിനു ശേഷമാണ് തനിക്കും മരിയക്കും തങ്ങളുടെ മകളെ ലഭിച്ചത്. ‘പിയാ’യുടെ ജനനത്തിന് മുന്‍പ് തുടര്‍ച്ചയായി 3 പ്രാവശ്യം മരിയയുടെ ഗര്‍ഭം അലസിയതാണ്. ഇത് തങ്ങളെ ഒരുപാട് ദുഖിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടായിരിന്നു. എങ്കിലും ഇത് തങ്ങളുടെ ദാമ്പത്യത്തെ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. ദുഃഖത്തിന്റെ വേളയിലാണ് പാപ്പയെ സന്ദര്‍ശിച്ചത്. തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.
പാപ്പ തങ്ങള്‍ ഇരുവരുടേയും കൈകള്‍ ചേര്‍ത്ത് പിടിച്ച് പ്രത്യേകം അനുഗ്രഹിച്ചുകൊണ്ട് “വിഷമിക്കേണ്ട കുട്ടി ജനിക്കും” എന്ന് പ്രവചിക്കുകയായിരിന്നു. 9 മാസങ്ങള്‍ക്ക് ശേഷം പാപ്പയുടെ പ്രവചനം പൂര്‍ത്തിയാക്കിക്കൊണ്ട് പിയാ ജനിച്ചു. തങ്ങളുടെ മകളുടെ നടുവിലത്തെ പേര് ‘ഫ്രാന്‍സെസ്കാ’ എന്ന്‍ നല്‍കിയതിന്റെ കാരണവുമിതാണെന്നാണ് ഹെന്‍റി പറയുന്നത്. പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവര്‍ നിരാശപ്പെടേണ്ടായെന്നും പ്രാര്‍ത്ഥനയോടെ പ്രത്യാശ കണ്ടെത്തുക എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവസാനിക്കുന്നത്. ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
