India - 2025

ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പുരസ്‌കാരം ഫാ. ഡേവിസ് ചിറമ്മലിന്

പ്രവാചകശബ്ദം 02-04-2025 - Wednesday

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സോഷ്യൽ എക്‌സലൻസ് പുരസ്‌കാരം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിന്. ആറിന് കൊച്ചി ഐഎംഎ ഹൗസിൽ നടക്കുന്ന ഹൃദയസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. സ്വന്തം വൃക്ക ദാനം ചെയ്‌തത് ഉൾപ്പെടെ ഫാ. ചിറമ്മൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

'വൃക്ക പുരോഹിതൻ' എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മൽ തന്റെ വൈദിക കടമകളിൽ നിന്ന് ഒരു പടി മുന്നോട്ട് പോയി, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച സംഘടനയിലൂടെ വൃക്കരോഗികൾക്കു വൃക്ക ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. ആക്സ് (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ്) എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ചിറമ്മൽ. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയ സംഗമത്തില്‍ പുരസ്കാരം സമ്മാനിക്കും. ഹൃദയാരോഗ്യത്തെ സംബന്ധിച്ചു വിദഗ്‌ധർ നയിക്കുന്ന ക്ലാസ്, പാനൽ ചർച്ച എന്നിവയും ഉണ്ടാകും.


Related Articles »