News - 2025

യേശുവിനു മാറ്റുവാനും സൗഖ്യപ്പെടുത്തുവാനും കഴിയാത്തതായി യാതൊന്നുമില്ല: ഫ്രാന്‍സിസ്‌ മാർപാപ്പ

സ്വന്തം ലേഖകന്‍ 15-04-2016 - Friday

തിരുസഭ പരിപൂര്‍ണ്ണരായ വ്യക്തികളുടെ ഒരു സമൂഹമല്ലന്നും, യേശുക്രിസ്തുവിനെ പിന്തുടരുന്ന നിരവധി ബലഹീനരായ മനുഷ്യരുടെ സമൂഹമാണന്നും, എന്നാൽ യേശുവിനു മാറ്റുവാനും സൗഖ്യപ്പെടുത്തുവാനും കഴിയാത്തതായി ഒന്നുമില്ലന്നും ഫ്രാന്‍സിസ്‌ മാർപാപ്പ അഭിപ്രായപ്പെട്ടു. ബുധനാഴ്ച, സെന്റ്‌ പീറ്റേഴ്സ് സ്കൊയറിലെ പൊതു അഭിസംബോധനയില്‍, തനിക്ക്‌ മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികളോടാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

ചുങ്കക്കാരനും, പാപിയുമായിരുന്ന മത്തായിയെ, യേശു തന്റെ ശിക്ഷ്യനാക്കി മാറ്റിയ സുവിശേഷ ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രബോധനം.

ചുങ്കക്കാരുടേയും, പാപികളുടേയും ഒപ്പം ഭക്ഷണം കഴിച്ചു കൊണ്ട് എപ്രകാരം അവരെ തന്റെ ശിക്ഷ്യന്‍മാരാക്കി മാറ്റാമെന്ന് യേശു കാണിച്ചുതന്നതായി പാപ്പാ പറഞ്ഞു. “തിരുസഭ പരിപൂര്‍ണ്ണരായ വ്യക്തികളുടെ ഒരു സമൂഹമല്ല, തങ്ങള്‍ പാപികളാണെന്നും, തങ്ങള്‍ക്ക് പാപമോചനം ആവശ്യമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് നമ്മള്‍ കര്‍ത്താവിനെ പിന്തുടരുന്നു.

അനീതിപ്രവര്‍ത്തിക്കുന്നവരും അഹങ്കാരികളുമായ ആളുകള്‍, തങ്ങള്‍ക്ക് മോക്ഷം ആവശ്യമാണെന്ന കാര്യം തിരിച്ചറിയുന്നില്ല, അതിനാല്‍ അവര്‍ ദൈവത്തിന്റെ കാരുണ്യമാര്‍ന്ന മുഖം ദര്‍ശിക്കുന്നതിനോ, കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനോ തയ്യാറാകുന്നില്ല. എന്നിരുന്നാലും, യേശു ഒരു ‘നല്ല വൈദ്യനാണ്”, യേശുവിനു മാറ്റുവാൻ കഴിയാത്തതായി ഒന്നുമില്ല." മാർപാപ്പ പറഞ്ഞു.

"ദൈവത്തിന്റെ വചനം, അഗാധമായി നമ്മുടെ ഉള്ളിലേക്ക് തുളച്ചു കയറുന്ന, ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്തിപോലെയാണ്; അത് നമ്മുടെ ജീവിതത്തില്‍ പതിയിരിക്കുന്ന തിന്മയില്‍ നിന്നും നമ്മെ മോചിതരാക്കുന്നു.

ചില സമയങ്ങളില്‍ വചനം വേദനാജനകമാണ്, കാരണം അത് നമ്മുടെ കാപട്യത്തെ മുറിവേല്‍പ്പിക്കുന്നു, നമ്മുടെ വ്യാജ ഒഴിവുകഴിവുകളുടെ മുഖം മൂടി വലിച്ചു കീറുന്നു, ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ പുറത്ത്‌ കൊണ്ടുവരുന്നു. എന്നിരുന്നാലും അത് നമുക്ക്‌ തിളക്കമേകുകയും, നമ്മെ ശുദ്ധീകരിക്കുകയും, നമുക്ക്‌ ശക്തിയും പ്രതീക്ഷയും നല്‍കുകയും ചെയ്യുന്നു, മാത്രമല്ല അത് നമ്മെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു” പാപ്പാ കൂട്ടിച്ചേര്‍ത്തു.

മാമ്മോദീസായിലൂടെ നമുക്ക്‌ ലഭിച്ച അനുഗ്രഹത്തെ പുതുക്കുവാനുള്ള ശക്തമായ ഒരു മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബ്ബാനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“വിശുദ്ധ കുര്‍ബ്ബാനയോട് കൂടുതല്‍ അടുക്കുന്നതു വഴി, യേശുവിന്റെ ശരീരവും രക്തവും വഴി, നാം നമ്മെ തന്നെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മളിലേക്കിറങ്ങി വന്നുകൊണ്ട് യേശുതന്നെയാണ് അവന്റെ ശരീരവുമായി നമ്മെ ബന്ധിപ്പിക്കുന്നത്!”

ബലിക്ക് പകരം കരുണാർദ്രമായ സ്നേഹമാണ് ദൈവം അര്‍ഹിക്കുന്നതെന്ന്, ഹോസിയാ പ്രവാചകന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: "ഫരിസേയര്‍ ദൈവത്തിന്റെ ഹൃദയം തിരിച്ചറിഞ്ഞില്ല, നിയമത്തിനു പകരം കാരുണ്യം കൊണ്ട് ശാന്തിയും, നവീകരണവും സാദ്ധ്യമാണെന്ന വസ്തുത അവര്‍ മനസ്സിലാക്കിയില്ല".

“ഒരാള്‍ നമുക്ക് ഒരു സമ്മാനപ്പോതി നല്‍കുന്നുവെന്നിരിക്കട്ടെ, നാം അതിനകത്തെ സമ്മാനം നോക്കുന്നതിനു പകരം അത് പൊതിഞ്ഞിരിക്കുന്ന കടലാസിന്റെ മോടിയിലാണ് നോക്കുന്നതെങ്കിലോ?, നമുക്കെല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള സമ്മാനത്തിന്റെ ബാഹ്യമായ മോടിയിലാണ് നമ്മുടെ ശ്രദ്ധ, അകത്തുള്ള അനുഗ്രഹത്തിലല്ല!” പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 16ന് അഭയാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തുന്നതിനായി ലെസ്ബോസിലേക്കുള്ള തന്റെ യാത്രക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാർപാപ്പ തന്റെ പൊതു പ്രസംഗം ഉപസംഹരിച്ചു.