Daily Saints.

February 04: വിശുദ്ധ ജോണ്‍ ബ്രിട്ടോ

സ്വന്തം ലേഖകൻ 04-02-2024 - Sunday

പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു.

1662 ഡിസംബര്‍ പതിനേഴാം തിയതി ലിസ്ബണിലെ ഈശോ സഭ നവസന്യാസ മന്ദിരത്തിൽ ജോൺ പ്രവേശിച്ചു. 11 കൊല്ലങ്ങൾക്ക് ശേഷം മാതാപിതാക്കന്മാരുടെയും കൊട്ടാരത്തിന്റെയും എതിർപ്പുകൾ അവഗണിച്ചു മിഷൻ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് പുറപ്പെടാൻ തന്നെ അദ്ദേഹം നിശ്ചയിച്ചു. അമ്മ അത് കേട്ടപ്പോൾ ദുഖാർത്തയായി. ജോൺ പോർച്ചുഗൽ വിടാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നു പേപ്പൽ നുൺഷിയോട് അവൾ അഭ്യർത്ഥിച്ചു. "ലോകത്തിൽ നിന്നും സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക് എന്നെ വിളിക്കുന്നു" എന്നായിരിന്നു അദ്ധേഹത്തിന്റെ മറുപടി. " ദൈവവിളിക്ക് യഥാവിധം ഞാൻ ഉത്തരം നൽകാതിരിന്നാൽ ദൈവനീതിയെ എതിർക്കുകയായിരിക്കും ഞാൻ ചെയ്യുക. ജീവിച്ചിരിക്കുംകാലം ഇന്ത്യയിലേക്ക് പോകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും" ജോൺ കൂട്ടിച്ചേർത്തു.

14 കൊല്ലം അദ്ദേഹം തഞ്ചാവൂർ, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപോലെയാണ് അദ്ദേഹം ജീവിച്ചിരിന്നത്. സവർണ്ണ ഹിന്ദുക്കളെ നേടിയെടുക്കാൻ പാവയ്ക്കായും മറ്റുമാണ് പലപ്പോഴും ഭക്ഷിച്ചിരിന്നത്. അദ്ദേഹത്തിന്റെ വിജയകരമായ മിഷൻ പ്രവർത്തനങ്ങളാൽ രോഷാകുലനായ രാജാവ് അദ്ധേഹത്തെ നാടുകടത്തി. പോർച്ചുഗലിലേക്ക് മടങ്ങിപോകാൻ നിർബന്ധിതനായ ഫാദർ ജോൺ താമസിയാതെ തന്നെ തന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗത്തേക്ക് മടങ്ങി. സ്നാപക യോഹന്നാനെപോലെ ഒരു സ്ത്രീയുടെ കോപത്തിന് അദ്ദേഹം പാത്രമായി. മാനസാന്തരപെട്ട ഒരു ഹിന്ദു രാജാവ് അവളെ ബഹിഷ്കരിച്ചതായിരിന്നു. വേദനാസമ്പൂർണ്ണമായ ജയിൽ വാസത്തിനിടക്ക് അദ്ധേഹത്തിന്റെ തല വെട്ടപ്പെട്ടു. 1947 ജൂൺ 22നു അദ്ധേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.

ഇതര വിശുദ്ധര്‍

1. കര്‍മ്മലീത്താ സഭയിലെ ആന്‍ഡ്രൂ കൊരസീനി

2. മധ്യ ഇറ്റലിയിലെ അക്വിലിന്നൂസ്, ജെമിനൂസ്, ജെലാസിയൂസ്, മാഞ്ഞൂസ്,

ഡൊണാത്തൂസ്

3. ഇംഗ്ലണ്ടിലെ അല്‍ഡെയിറ്റ്

4. ശാര്‍ത്രേയിലെ അവെന്തിനൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »