News - 2025

വിവാഹമോചിതരുടെ വിശുദ്ധകുർബ്ബാന സ്വീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങൾ യഥാർത്ഥ കുടുംബ പ്രശ്നങ്ങൾ കാണാതെ പോകുന്നു: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 18-04-2016 - Monday

സിവിൽ നിയമപ്രകാരം വിവാഹമോചിതരായി പിന്നീട് രജിസ്റ്റർ വിവാഹം ചെയ്യുന്നവർ വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ അർഹരാണോ എന്ന വിഷയത്തിന്, മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം നിമിത്തം യഥാർത്ഥ കുടുംബ പ്രശ്നങ്ങൾ വിസ്മരിക്കപ്പെട്ടു പോകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.

ഗ്രീക്ക് ദ്വീപിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള മടക്കയാത്രയിൽ, വിമാനത്തിൽ വെച്ച് പത്രപ്രവർത്തകരുമായി സംസാരിക്കവേയാണ്, മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

കുടുംബത്തെപ്പറ്റി 2014ലും 2015ലും നടന്ന ബിഷപ്പ് സിനഡുകളുടെ വെളിച്ചത്തില്‍ 'സ്നേഹത്തിന്‍റെ സന്തോഷം' (Amoris Laetitia) എന്ന അപ്പസ്തോലിക ആഹ്വാനം ഏപ്രിൽ 8ന് പുറത്തിറക്കിയിരുന്നു. ഇതിൽ കുടുംബങ്ങൾ ഇന്ന് നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്‌. എന്നാൽ അവയിൽ നിന്നെല്ലാം മുഖം തിരിച്ചു കൊണ്ട് വിവാഹമോചിതർക്ക് വിശുദ്ധകുർബ്ബാന സ്വീകരിക്കാമോ എന്നുള്ള വിഷയത്തിനാണ് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്കിയത്. കുടുംബസിനിഡിന്റെ സമയത്തും മാധ്യമങ്ങൾ ഈ വിഷയത്തിനാണ് കൂടുതൽ പ്രാധാന്യം നല്കിപോന്നത്.

'Amoris Laetitia'-ൽ, വിവാഹമോചിതരായി രജിസ്റ്റർ വിവാഹം ചെയ്യുന്നവർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്ന വിഷയം അടിക്കുറിപ്പിൽ മാത്രം പരാമർശിച്ചതിനെ പറ്റി, ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോളാണ് പിതാവ് ഇങ്ങനെ മറുപടി പറഞ്ഞത്.

"സിനിഡ് വിളിച്ചു ചേർത്തപ്പോൾ ശ്രദ്ധ മുഴുവനും പുനർവിവാഹിതരുടെ പ്രശ്നങ്ങളിലായിരുന്നു. മാധ്യമങ്ങളുടെ തെറ്റായ ഈ നടപടിയിൽ ഞാൻ വളരെ ഖേദിച്ചിരുന്നു." അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ് കുടുംബം. എന്നാൽ ഇന്ന്, കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. യുവജനങ്ങൾ വിവാഹം വേണ്ടെന്ന് തീരുമാനമെടുക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. ഒരു അമ്മയ്ക്ക് കുടുംബം നടത്തികൊണ്ടു പോകാൻ രണ്ടിടങ്ങളിൽ ജോലിക്കു പോകേണ്ടി വരുമ്പോൾ കുഞ്ഞുങ്ങളുടെ ഗതി എന്താകും? യൂറോപ്പിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നു. സമൂഹം എങ്ങനെ നിലനിൽക്കും? അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ഈ പ്രശ്നങ്ങൾ വിസ്മരിച്ചു കൊണ്ടാണ് പുനർവിവാഹിതരുടെ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത്."

സഭയുടെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹമോചിതരുടെ പ്രശ്നമാണ് എന്ന് വരുത്തി തീർക്കുന്നത് ഒരു കെണിയാണ് എന്ന് മാർപാപ്പ പറഞ്ഞു.

"Amoris Laetitia' -യുടെ വായനയിൽ നമ്മെ നയിക്കുന്നത് പാവപ്പെട്ടവരുടെ അനുഭവങ്ങളാണ്. സുഖലോലുപതയിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങളെക്കാൾ ഈ ചെറിയ കുടുംബങ്ങളുടെ ജീവിത പ്രശ്നങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്" മാർപാപ്പ പറഞ്ഞു.