News - 2024

വത്തിക്കാനിലെ ഉന്നത പദവികള്‍ വഹിച്ച കർദ്ദിനാൾ ഗ്രൊച്ചൊലെവ്സ്ക്കി ദിവംഗതനായി

പ്രവാചക ശബ്ദം 20-07-2020 - Monday

റോം: കത്തോലിക്ക വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിന്റെ മുന്‍ അധ്യക്ഷനും അപ്പസ്തോലിക കോടതിയുടെ കാര്യദർശിയുമായിരിന്ന പോളിഷ് കർദ്ദിനാൾ സെനോൺ ഗ്രൊച്ചൊലെവ്സ്ക്കി ദിവംഗതനായി. 81 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (17/07/20) റോമിൽവെച്ചാണ് മരണമടഞ്ഞത്. 1939 ഒക്ടോബർ 11ന് ജനിച്ച അദ്ദേഹം 1963 മെയ് 27ന് പൗരോഹിത്യം സ്വീകരിച്ചു. 1983 ജനുവരി 6ന് മെത്രാനായി അഭിഷിക്തനായി. 2001 ഫെബ്രുവരി 21ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. തന്റെ ജീവിതത്തിന്റെ പകുതിയിലേറെ ഭാഗവും അദ്ദേഹം സേവനം ചെയ്തത് വത്തിക്കാന് വേണ്ടിയായിരിന്നു.

കർദ്ദിനാൾ സെനോണിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ദൗത്യ നിർവ്വഹണ മേഖലകളിലെല്ലാം പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സാക്ഷ്യം നല്കിയ ശുശ്രൂഷകനാണ് കർദ്ദിനാൾ സെനോണെന്ന് പാപ്പ സ്മരിച്ചു. ഏല്‍പ്പിച്ച മേഖലകളിലെല്ലാം തന്നെ വലിയ പ്രതിബദ്ധത കാണിച്ച അദ്ദേഹം സഭയെ കെട്ടിപ്പടുക്കുന്നതിനു സാക്ഷ്യമേകിയെന്നും അനുശോചന സന്ദേശത്തില്‍ പാപ്പ രേഖപ്പെടുത്തി. അതേസമയം കർദ്ദിനാൾ സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 221 ആയി താണു. ഇതില്‍ പാപ്പയെ തിരഞ്ഞെടുക്കാൻ സമ്മതിദായകവകാശമുള്ളവർ 80 വയസ്സിന് താഴെയുള്ള 122 കര്‍ദ്ദിനാളുമാര്‍ മാത്രമാണ്.