News - 2024

ഹാഗിയ സോഫിയ: റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഗ്രീക്ക് പ്രധാനമന്ത്രിയും ഫോണില്‍ ചര്‍ച്ച നടത്തി

പ്രവാചക ശബ്ദം 23-07-2020 - Thursday

മോസ്കോ: ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ വികാരവും, അഭിമാനവുമായ പുരാതന ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയുടെ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി. നാളെ കത്തീഡ്രല്‍ ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കു തുറന്നു കൊടുക്കുവാനിരിക്കെയാണ് ഇരുനേതാക്കളും അടിയന്തര ചര്‍ച്ച നടത്തിയെന്നത് ശ്രദ്ധേയമാണ്. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോര്‍ഗന്റെ നടപടി ആഗോളതലത്തില്‍ വന്‍ വിമര്‍ശനത്തിനും, പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്.

ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഹാഗിയ സോഫിയയുടെ സാംസ്കാരികവും, ചരിത്രപരവും, മതപരവുമായ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട്, ഹാഗിയ സോഫിയയെ ലോക പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് റഷ്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മേഖലകളിലുള്ള ഇരുരാഷ്ട്രങ്ങളുടേയും ഭാവി സഹകരണത്തെക്കുറിച്ചും സാമ്പത്തിക, വ്യാവസായികം ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംയുക്ത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനെക്കുറിച്ചും സംഭാഷണത്തില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നുവെങ്കിലും, ഹാഗിയ സോഫിയ തന്നെയായിരുന്നു ചര്‍ച്ചയുടെ കാതല്‍.

എഡി 532നും 537നും ഇടയില്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമന്റെ ഉത്തരവ് പ്രകാരമാണ് ഹാഗിയ സോഫിയ കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെടുന്നത്. 1453-ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു ഇത് മോസ്ക്കാക്കി മാറ്റുകയായിരിന്നു. പിന്നീട് 1935-ല്‍ മതേതര നിലപാട് സ്വീകരിച്ച മുസ്തഫ കെമാല്‍ അതാതുര്‍ക്കിന്റെ ഉത്തരവ് പ്രകാരമാണ് മ്യൂസിയമാക്കിയത്. 1985-ല്‍ ഈ ചരിത്രസ്മാരകം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയിരിന്നു. 1935-ലെ ഉത്തരവിനെ മറികടന്നുകൊണ്ടാണ് ഏവര്‍ക്കും പ്രവേശിക്കാവുന്ന മ്യൂസിയമായിരുന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി ഏര്‍ദ്ദോഗന്‍ ഭരണകൂടം പരിവര്‍ത്തനം ചെയ്തിരിക്കുന്നത്. നാളെ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ വിലാപദിനമായി ആചരിക്കുവാനാണ് അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും കത്തോലിക്ക സഭയും ആഹ്വാനം നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »