News - 2024

ഫാ. ജോർജ്ജ് കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

സ്വന്തം ലേഖകൻ 29-08-2020 - Saturday

കോട്ടയം: കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി 2019 മുതല്‍ ശുശ്രൂഷ ചെയ്‌തുകൊണ്ടിരിക്കുന്ന ഫാ. ജോർജ്ജ് കുരിശുംമൂട്ടില്‍ അതിരൂപതയുടെ സഹായമെത്രാനായി ഫ്രാന്‍സിസ്‌ പാപ്പ നിയമിച്ചു. കറ്റോട്‌ സെന്റ്‌ മേരീസ്‌ മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടില്‍ പരേതരായ അലക്‌സാണ്ടര്‍-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്‌ നിയുക്ത മെത്രാൻ. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുന്‍ വികാരി ജനറല്‍ പരേതനായ തോമസ്‌ കുരിശുംമൂട്ടില്‍ അച്ചന്‍ അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്‌.

1961 ഓഗസ്റ്റ്‌ 9ന്‌ ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്ല എസ്‌.സി.എസ്‌. ഹൈസ്‌കൂളിലും മൈനര്‍ സെമിനാരി പരിശീലനം എസ്‌.എച്ച്‌.മൗണ്ട്‌ സെന്റ്‌ സ്റ്റനിസ്ലാവൂസ്‌ മൈനര്‍ സെമിനാരിയിലും, തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും മംഗലാപുരം സെന്റ്‌ ജോസഫ്‌സ്‌ സെമിനാരിയിലും പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 28-ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍വച്ച്‌ കുന്നശ്ശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന്‌ അതിരൂപതാ മൈനര്‍ സെമിനാരി വൈസ്‌ റെക്‌ടര്‍, ബാംഗ്ലൂര്‍ ഗുരുകുലം വൈസ്‌ റെക്‌ടര്‍ എന്നീ ചുമതലകളിലും തുരുത്തിക്കാട്‌, ഇരവിപേരൂര്‍, ചിങ്ങവനം, കുറ്റൂര്‍, ഓതറ, തെങ്ങോലി, റാന്നീ എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്‌തവ കലാകേന്ദ്രത്തിന്റെ ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ലെബനോനിലെ (ക്ലാസിക്‌) മാരോണൈറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. ജോർജ്ജ് കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസ്‌, വടവാതൂര്‍ സെമിനാരി, തിരുവല്ല സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങള്‍ തുടങ്ങിയവയില്‍ വരച്ചിട്ടുള്ള ഐക്കണുകള്‍ പ്രശസ്‌തമാണ്‌. ഗീവര്‍ഗസ്‌ മാര്‍ അപ്രേം എന്ന പേര്‌ സ്വീകരിച്ചിരിക്കുന്ന നിയുക്ത മെത്രാന്റെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട്‌ തീരുമാനിക്കുന്നതാണ്‌.