News - 2024

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികൾ മോചിതരായി

പ്രവാചക ശബ്ദം 08-09-2020 - Tuesday

മാപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് സന്യാസിനികൾക്കു മോചനം. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സഭയിലെ ബ്രസീൽ വംശജരായ സിസ്റ്റര്‍ ഇനേസ് റാമോസ്, സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ എന്നീ രണ്ട് സന്യാസിനികളാണ് തിരികെ മടങ്ങിയെത്തിയത്. പെമ്പ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ഡലിസ്ബോയയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 24 ദിവസം തടവറയിൽ കഴിഞ്ഞ സന്യാസിനികൾ തിരികെയെത്തിയെന്നും അവർ സുരക്ഷിതരാണെന്നും അദ്ദേഹം ഏജൻസിയ ഫിഡെഡ് മാധ്യമത്തിന് നൽകിയ കുറിപ്പിൽ പറഞ്ഞു.

കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മസിംബോയ ഡാ പ്രേയ എന്ന സ്ഥലത്ത് ഓഗസ്റ്റ് ഓഗസ്റ്റ് അഞ്ചു മുതല്‍ പന്ത്രണ്ടാം തീയതി വരെ ഐ‌എസിന് പിന്തുണയുള്ള അൽ ഷബാബ് ഇസ്ലാമിക തീവ്രവാദി സംഘം കനത്ത അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സാധിക്കാതെ പോലീസും സൈന്യവും പിന്മാറി. ഈ സമയത്താണ് സന്യാസിനികളെയും കാണാതാകുന്നത്. അന്താരാഷ്ട്ര തലത്തിലും, ദേശീയതലത്തിലും നടന്ന ചർച്ചകളിലൂടെ തട്ടിക്കൊണ്ടുപോയ ആൾക്കാരിൽ നിന്നും മോചനം സാധ്യമാകയായിരുന്നു.

ഏതാനും വർഷം മുമ്പ് ദുർബലമായ ആയുധങ്ങളുമായി പോരാടിയിരുന്ന തീവ്രവാദി സംഘത്തിന് ഇപ്പോൾ ആധുനിക ആയുധങ്ങളാണ് കൈവശമുള്ളത്. എന്നാൽ ആരാണ് ഇതെല്ലാം അവർക്ക് നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ജിഹാദി സംഘങ്ങളുമായി കലാപകാരികൾക്ക് ഉള്ള ബന്ധത്തേക്കാൾ, മയക്കുമരുന്ന് സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന നിരീക്ഷണവും ശക്തമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ നൂറുകണക്കിന് ആളുകളാണ് പ്രദേശ് നിന്നും പലായനം ചെയ്തത്.

2003 മുതൽ സെന്റ് ജോസഫ് ഓഫ് ചെമ്പേരി സന്യാസിനി സഭയിലെ അംഗങ്ങൾ സാധാരണക്കാര്‍ക്കിടയില്‍ സജീവ സേവനവുമായി രംഗത്തുണ്ട്. നിരവധി നഴ്സറി വിദ്യാലയങ്ങളും, സാമൂഹ്യസേവന സ്ഥാപനങ്ങളും സന്യാസികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സന്യാസിനികളുടെ ക്രിയാത്മകമായ ഇടപെടല്‍ മൂലം പ്രദേശത്തെ കുട്ടികളുടെ സാക്ഷരതാനിരക്ക് വലിയ തോതിൽ ഉയർന്നിരിന്നു. എന്നാൽ തുടർച്ചയായ കലാപങ്ങളെ തുടർന്ന് ചില വിദ്യാലയങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »