India - 2024
മാര്‍ ജോസഫ് ചേന്നോത്തിന്റെ സംസ്കാരം കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍
പ്രവാചക ശബ്ദം 10-09-2020 - Thursday
കൊച്ചി: തിങ്കളാഴ്ച ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) സംസ്കാര ശുശ്രൂഷകള്‍ മാതൃ ഇടവകയായ എറണാകുളംഅങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കോക്കമംഗലം വികാരി ഫാ. തോമസ് പെരേപ്പാടനും ആര്‍ച്ച്ബിഷപ്പിന്റെ സഹോദരന്‍ സി.ജെ. ജെയിംസും അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്.
എന്ന് എത്തിക്കാനാകുമെന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. വത്തിക്കാന്റെ ഉത്തരവാദിത്തത്തിലാകും കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. ഡല്‍ഹി വിമാനത്താവളത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള ക്രമീകരണവും ആലോചിക്കുന്നുണ്ട്. കൊച്ചിയില്‍ ഭൗതികദേഹം ഏറ്റുവാങ്ങുന്നയാളുടെ വിശദാംശങ്ങള്‍ ടോക്കിയോയിലെ നയതന്ത്ര കാര്യാലയത്തിനു കൈമാറി. കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാകും ജന്മനാടായ കോക്കമംഗലത്തേക്കു കൊണ്ടുപോവുക. ഭൗതികദേഹം എത്തുന്നതു സംബന്ധിച്ചു വ്യക്തത വന്നാല്‍ സംസ്കാരത്തിനായി പള്ളിക്കകത്ത് പ്രത്യേകം കല്ലറ നിര്‍മിക്കുമെന്നു ഫാ. പെരേപ്പാടന്‍ അറിയിച്ചു.