News - 2024

നവംബര്‍ മാസത്തിലെ ദണ്ഡ വിമോചനം: കോവിഡ് പശ്ചാത്തലത്തില്‍ ഇളവുകളുമായി വത്തിക്കാന്‍

പ്രവാചക ശബ്ദം 28-10-2020 - Wednesday

വത്തിക്കാന്‍: ലോകമെമ്പാടും കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുന്ന സാഹചര്യത്തില്‍ മരണം മൂലം വേര്‍പിരിഞ്ഞ് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കള്‍ക്കുള്ള പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നവംബര്‍ മാസത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ വത്തിക്കാന്‍ ഇളവ് വരുത്തി. മരിച്ചവരുടെ മാസമായ നവംബര്‍ മാസം മുഴുവനും പൂര്‍ണ്ണ ദണ്ഡവിമോചനം സാധ്യമാണെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി ഇക്കഴിഞ്ഞ 23ന് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്. ഇതുവഴി ദേവാലയങ്ങളിലേയും, സെമിത്തേരികളിലേയും തിരക്ക് ഒഴിവാക്കുവാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൌറോ പിയാസെന്‍സാ പ്രസ്താവനയില്‍ കുറിച്ചു.

കോവിഡ് പശ്ചാത്തലത്തിലുള്ള നവംബര്‍ ഒന്നിലെ സകലവിശുദ്ധരുടെ ദിനാചരണത്തിന്റേയും,പിറ്റേദിവസത്തിലെ സകല മരിച്ച വിശ്വാസികളുടെയും ദിനാചരണത്തിന്റേയും പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള കാലയളവ് നീട്ടണമെന്ന മെത്രാന്‍മാരുടെ അപേക്ഷ പരിഗണിച്ചാണ് ദണ്ഡവിമോചനത്തിന്റെ കാലയളവ് നവംബര്‍ മാസം മുഴുവനും നീട്ടിയിരിക്കുന്നതെന്നു വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പിയാസെന്‍സാ വ്യക്തമാക്കി. പകര്‍ച്ചവ്യാധി കാരണം വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം സാധ്യമാക്കുവാന്‍ കഴിയുമെന്ന്‍ അറിയിപ്പിലുണ്ട്. പുറത്തുപോകുവാന്‍ കഴിയുന്നവര്‍ കൂടുതലായി കുര്‍ബാനകളില്‍ പങ്കുകൊള്ളുവാനും, കുമ്പസാരിക്കുവാനും, സെമിത്തേരി സന്ദര്‍ശനം നടത്തുവാനും ശ്രമിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നവംബര്‍ മാസത്തില്‍ സാധ്യമായത്ര കൂദാശകള്‍ നല്‍കുവാന്‍ ശ്രമിക്കണമെന്നു വൈദികരോടും വത്തിക്കാന്‍ ആഹ്വാനം നല്കിയിട്ടുണ്ട്.

നല്ല കുമ്പസാരം, യോഗ്യമായ രീതിയിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങി പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള പതിവ് വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. വിശ്വാസികൾക്ക്‌ സകല മരിച്ചവരുടെയും ഓർമദിവസമായ നവംബർ രണ്ടിലെ പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം നവംബർ രണ്ടിന് മുമ്പുള്ളതോ കഴിഞ്ഞ് വരുന്നതോയായ ഞായറാഴ്ചകളോ, അല്ലെങ്കിൽ നവംബർ ഒന്നിലെ സകല പുണ്യവാൻമാരുടെയും തിരുനാൾ ദിനത്തിലും നേടാൻ സഭ ഈ സാഹചര്യത്തിൽ അവസരം നൽകുന്നുണ്ട്.

അതിന് പള്ളിയോ, തിരുകർമങ്ങൾക്ക്‌ അവസരം ഉള്ള മറ്റെവിടെയെങ്കിലുമോ സന്ദര്‍ശനം നടത്തി ഒരു സ്വർഗ്ഗസ്ഥനായ എന്ന പ്രാർത്ഥനയും, ഒരു വിശ്വാസപ്രമാണവും ചൊല്ലി കാഴ്ചവക്കണം. വയോധികര്‍ക്കും, രോഗാവസ്ഥ ഉള്ളവർക്കും ദേവാലയത്തില്‍ പോയി കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച്, മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കാനും സാധിക്കാത്തത് കൊണ്ട് ആയിരിക്കുന്ന ഭവനത്തിൽ തന്നെ കർത്താവിന്റെയോ, പരിശുദ്ധ അമ്മയുടെയോ ചിത്രത്തിന് മുമ്പിൽ മരിച്ചുപോയ വിശ്വാസികൾക്ക് വേണ്ടിയുള്ള നമസ്കാരമോ, ജപമാലയോ, കരുണകൊന്തയോ ചൊല്ലി പ്രാർത്ഥിച്ചാൽ മതിയാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാന ചൊല്ലി വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത് ഉചിതമാണെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »