Videos

രക്ഷയുടെ വഴി FULL | Way of Salvation | മിശിഹായുടെ മനുഷ്യാവതാര ചരിത്രത്തിലൂടെ ഒരു പ്രാർത്ഥനായാത്ര

പ്രവാചക ശബ്ദം 20-12-2020 - Sunday

കാലഘട്ടത്തെ തന്നെ രണ്ടായി വിഭജിച്ച യേശുക്രിസ്തുവിന്റെ ജനനം ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണ്. ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ദൈവം മനുഷ്യനായി പിറന്നു. അത് മനുഷ്യന്റെ ദൈവിക സങ്കൽപങ്ങളെ മാറ്റിമറിച്ചു. അന്നുവരെ അദൃശ്യനായിരുന്ന ദൈവം ഈ ലോകത്തിന് ദൃശ്യനായി തീർന്നു. യേശുക്രിസ്തുവാണ് പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും കേന്ദ്രബിന്ദു. കാരണം, അതിന്റെ രചയിതാവും രചനയും അവിടുന്നിൽ സംയോജിക്കുന്നു . തന്റെ ദൈവത്വവും മനുഷ്യത്വവും തമ്മിൽ വേർപെടുത്താനാവാത്തവിധം യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്.

രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശു ഈ ഭൂമിയിൽ ജീവിച്ച മുപ്പത്തിമൂന്നു വർഷക്കാലം അനേകർ അവിടുത്തെ കാണുകയും, അവിടുത്തോട് മുഖാമുഖം സംസാരിക്കുകയും, അവിടുത്തെ സ്പർശിക്കുകയും, അവിടുത്തോടൊപ്പം ഭക്ഷിക്കുകയും, യാത്രചെയ്യുകയും ചെയ്തു. അനേകം മനുഷ്യരുടെ ഭവനങ്ങൾ അവിടുന്നു സന്ദർശിച്ചു. അനേകരുടെ കണ്ണീരൊപ്പാൻ അവിടുന്ന് അവരുടെ അടുത്തേക്കു ചെന്നു. അവിടുന്ന് തന്റെ കരങ്ങൾ നീട്ടി അനേകം രോഗികളെ സുഖപ്പെടുത്തി.

ഈ യേശുക്രിസ്തു, ഇന്ന് നമ്മുടെ ജീവിതത്തിലും നമ്മോടൊപ്പമുണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നുണ്ടോ? ഈ സത്യം തിരിച്ചറിയണമെങ്കിൽ യേശുക്രിസ്തു ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് എന്ന വസ്തുത നാം മനസ്സിലാക്കണം. ക്വിരിനിയോസ്, സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആരംഭിച്ച പേരെഴുത്തു പ്രകാരം ജനനം രേഖപ്പെടുത്തിയിട്ടുള്ളതും, തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെ ഭരണാധിപനും ആയിരിക്കേ, സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിച്ചവനുമായ യേശുക്രിസ്തു ഒരു ചരിത്രപുരുഷനായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ യഥാർത്ഥമായ ക്രിസ്തുഅനുഭവം സാധ്യമാകൂ.

മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നമ്മുക്ക് തിരുപ്പിറവിയുടെ മഹാരഹസ്യങ്ങളിലേക്ക് കടന്നുചെല്ലാം. അതിനു സഹായകമായ ഈ പ്രാർത്ഥനകളിലൂടെയും ഗാനങ്ങളിലൂടെയും യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുവാൻ നമ്മുക്കോരോരുത്തർക്കും കഴിയട്ടെ.


Related Articles »