Faith And Reason - 2025
അബോര്‍ഷനും ദയാവധവുമില്ലാത്ത രാജ്യത്തിനായി പ്രാര്‍ത്ഥനയുമായി ചിലിയിൽ ദേശീയ പ്രായശ്ചിത്ത ദിനം
പ്രവാചക ശബ്ദം 27-01-2021 - Wednesday
സാന്‍റിയാഗോ: ജീവിത വെളിച്ചം കാണുന്നതിന് മുന്‍പേ തന്നെ കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രവും, ദയാവധമെന്ന നരഹത്യയുമില്ലാത്ത രാജ്യത്തിനായി പ്രാര്‍ത്ഥനയുമായി തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ദേശീയ പ്രായശ്ചിത്ത ദിനം ആചരിച്ചു. കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജനുവരി 23ന് വിര്‍ച്വലായാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണം നടത്തിയത്. സാന്റിയാഗോ അതിരൂപതയിലെ സാന്റാ ഗേമാ ഇടവക ദേവാലയത്തില്‍വെച്ച് ദിവ്യകാരുണ്യ ആരാധനയോടും വിശുദ്ധ കുര്‍ബാനയോടും കൂടിയാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണത്തിനു തുടക്കമിട്ടത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വരെ ചുരുങ്ങിയ നടപടിക്രമങ്ങള്‍ക്കുള്ളില്‍ ദയാവധം അനുവദിക്കുന്ന പദ്ധതിയെക്കുറിച്ചും, ഗര്‍ഭധാരണം മുതല്‍ 14 ആഴ്ചകള്‍ വരെ ഭ്രൂണഹത്യ അനുവദിക്കുന്നതിനെക്കുറിച്ചും ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പാര്‍ലമെന്റില്‍ ശക്തമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണം സംഘടിപ്പിക്കുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായത്. മാരകമായ ഈ തിന്മകള്‍ക്ക് അറുതിവരുത്തുവാന്‍ രാജ്യത്തിന്റെ വടക്ക്, മധ്യ, തെക്ക് ഭാഗങ്ങളിലുള്ള വിശ്വാസീ സമൂഹങ്ങള്‍ മാറിമാറി ഓരോ അരമണിക്കൂറും ഇടവിട്ട് വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയോട് പ്രാര്‍ത്ഥിച്ചു. നിലവില്‍ അമ്മയുടെ ജീവന് ഭീഷണി, ഭ്രൂണത്തിന് മാരകമായ വൈകല്യം, മാനഭംഗമൂലമുള്ള ഗര്‍ഭധാരണം എന്നീ സാഹചര്യങ്ങളില്‍ മാത്രം 12 ആഴ്ചവരെയുള്ള അബോര്‍ഷന് മാത്രമേ ചിലിയില്‍ അനുവാദമുണ്ടായിരിന്നുള്ളൂ. ഇതാണ് കൂടുതല്‍ ഉദാരവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നത്.
ചില സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കു പുറമേ, ജപമാലയും, സ്തുതി ഗീതങ്ങളും വിചിന്തനങ്ങളും സാക്ഷ്യങ്ങളും പ്രായശ്ചിത്ത ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അബോര്‍ഷനും, ദയാവധവും അനുവദിക്കുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പ് ഉണ്ടാകില്ലായെന്നും ജീവിതത്തെ സ്നേഹിക്കുകയും, വിലമതിക്കുകയും വേണമെന്നും സാന്റിയാഗോ അതിരൂപതയിലെ സാന്റാ ഫൌസ്റ്റീന ഇടവകയിലെ ഫാ. ജുവാന്‍ ഇഗ്നസിയോ സ്ക്രാം പറഞ്ഞു. പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനത്തില്‍ ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോം കണ്ടുപിടിച്ച കത്തോലിക്ക ശിശുരോഗവിദഗ്ദനും, ജനിതക ശാസ്ത്രജ്ഞനും, അബോര്‍ഷനെ നിരാകരിച്ചതിന്റെ പേരില്‍ നോബല്‍ പ്രൈസ് ലഭിക്കാതെ പോവുകയും ചെയ്ത ധന്യന്‍ ഡോ. ജെറോം ലെജിയൂണെയുടെ അനുസ്മരണവും വില്ലാരിക്കയിലെ നിത്യാരാധന ചാപ്പലില്‍ സംഘടിപ്പിച്ചിരിന്നു.
