India - 2024

മുൻ സാ​ഗർ ബിഷപ്പ് മാർ ജോസഫ് പാസ്റ്റര്‍ നീലങ്കാവിൽ കാലം ചെയ്തു

പ്രവാചക ശബ്ദം 17-02-2021 - Wednesday

മുൻ സാ​ഗർ ബിഷപ്പും തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാം​ഗവുമായ മാർ ജോസഫ് പാസ്റ്റര്‍ നീലങ്കാവിൽ അന്തരിച്ചു. 91 വയസ്സായിരിന്നു. 19 കൊല്ലം സാ​ഗർ രൂപതയെ നയിച്ച അദ്ദേഹം 2006 മുതൽ തൃശൂർ കുറ്റൂരിലെ സാ​ഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1930 മാര്‍ച്ച് 19നു അരണാട്ടുക്കരയിലായിരിന്നു ജനനം. 1960 മെയ് 17ന് ബാ​ഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിയമനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു.

തൊഴിലാളികളുടെ ഇടയിലായിരിന്നു പ്രവര്‍ത്തനം. ഇടവകകള്‍തോറും തൊഴിലാളികളുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കാവശ്യമായ ധ്യാനപരമ്പര സംഘടിപ്പിച്ചു. ധ്യാനത്തിനുള്ള നോട്ടുകള്‍ തയാറാക്കി യഥാസമയം എത്തിക്കുക, വചനപ്രഘോഷകരെ കണ്ടുപിടിച്ച് ചുമതല ഏല്‍പിക്കുക, ധ്യാനങ്ങളോട് അനുബന്ധിച്ചുള്ള കുമ്പസാരങ്ങള്‍ക്ക് ആവശ്യമായ വൈദികരെ കണ്ടെത്തുക തുടങ്ങിയ ജോലികളാണ് ഫാ. ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന് അക്കാലത്ത് ലഭിച്ചത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചാപ്ലിനായി സേവനം ചെയ്തു. ജയില്‍വിമുക്തര്‍ക്ക് ചെറിയ ജോലികളും പെട്ടിക്കടകള്‍പോലുള്ള ചെറിയ വ്യാപാരമാര്‍ഗങ്ങളും സംഘടിപ്പിച്ചു കൊടുക്കാന്‍ അദ്ദേഹം ഇടപെടല്‍ നടത്തിയിരിന്നു.

വിയ്യൂര്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വാര്‍ഷികധ്യാനം സംഘടിപ്പിച്ചത് അദ്ദേഹമായിരിന്നു. ചാവറയച്ചന്റെ ജീവചരിത്ര പുസ്തകങ്ങള്‍ വിവിധ ഭാഷകളില്‍ അച്ചടിച്ചിറക്കുന്ന കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച അദ്ദേഹം മറിയം ത്രേസ്യയുടെ നാമകരണത്തിലും കാര്യമായ ഇടപെടല്‍ നടത്തി. 1987 ഫെബ്രുവരി 22ന് സാ​ഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. 19 കൊല്ലം സാ​ഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. മൃത്സംസ്കാരം സംബന്ധിച്ച വിവരങ്ങളില്‍ തീരുമാനമായിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »