News - 2025

കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം സഭയില്‍ സ്വീകരിക്കപ്പെട്ടതായി സര്‍വേ ഫലം

സ്വന്തം ലേഖകന്‍ 01-06-2016 - Wednesday

വത്തിക്കാന്‍: കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനുവരിയിലെ തീരുമാനത്തെ സഭ ശക്തമായി സ്വീകരിച്ചതായി സര്‍വേ ഫലം. ചെറിയ ഒരു വിഭാഗം ആളുകള്‍ മാത്രമാണ് ഇതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ കാത്തലിക് റിപ്പോർട്ടർ അഭിപ്രായപ്പെടുന്നു. ഈ വർഷം മുതല്‍ പെസഹ വ്യാഴാഴ്ച നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ശേഷം മാര്‍ച്ച് 28-ാം തീയതിയാണ് 620 പേര്‍ പങ്കെടുത്ത ഈ സര്‍വേ സംഘടിപ്പിച്ചത്.

മാര്‍പാപ്പയുടെ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെല്ലാമാണ് നിങ്ങളുടെ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നതായിരുന്നു ആദ്യത്തെ ചോദ്യം. 71.78 ശതമാനം ആളുകളും ഇതിനുള്ള ഉത്തരമായി സ്ത്രീകളേയും പുരുഷന്‍മാരേയും കുട്ടികളേയും തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചിരുന്നതായി പറഞ്ഞു. ഒരു ശതമാനം ആളുകള്‍ ചോദ്യത്തിനുള്ള ഉത്തരമായി സ്ത്രീകളെ മാത്രമാണ് തങ്ങളുടെ ദേവാലയത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിച്ചതെന്നും പറയുന്നു. എട്ടു ശതമാനം പേര്‍ പുരുഷന്‍മാരെ മാത്രമാണ് പങ്കെടുപ്പിച്ചതെന്നും ഉത്തരം നല്‍കി.

സര്‍വേയില്‍ പങ്കെടുത്ത 72.34 ശതമാനം പേരും ഇതിനു മുമ്പും തങ്ങളുടെ ദേവാലയങ്ങളില്‍ സ്ത്രീകളുടെ കാലും പെസഹാ വ്യാഴാഴിച്ച കഴുകിയിരുന്നതായി പറഞ്ഞു. ആറു ശതമാനം പേര്‍ പറഞ്ഞത് ആദ്യമായി ഈ വര്‍ഷമാണ് സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായതെന്നാണ്. 34.70 ശതമാനം പേരും തീരുമാനം മൂലം കാല്‍കഴുകല്‍ ശുശ്രൂഷയെ കുറിച്ച് ആളുകളില്‍ കൂടുതല്‍ അറിവ് നേടുവാന്‍ സാധിച്ചതായി പറയുന്നു. മാര്‍പാപ്പയുടെ ഈ തീരുമാനം വിവാദങ്ങളിലേക്ക് വഴിവച്ചോ എന്ന ചോദ്യത്തിനു 47 ശതമാനം പേരും തിരുമാനം വിവാദമായിട്ടില്ലെന്നും 'സ്ത്രീകളുടെ കാലു കഴുകാൻ പടില്ല' എന്ന വാദത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും പറഞ്ഞു.

വൈദികരോ മറ്റ് സഭാ അധികാരികളോ നേരിട്ട് സര്‍വേയില്‍ പങ്കെടുത്തതായി പറയുന്നില്ല. എന്നാല്‍ തങ്ങളുടെ കോണ്‍ഗ്രിഗേഷനുകള്‍ വഴി വൈദികരില്‍ ചിലര്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പാപ്പയുടെ തീരുമാനത്തെ അവരും സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വൈദികര്‍ തീരുമാനത്തെ എതിര്‍ക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകളാണ് പറഞ്ഞത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ശുശ്രൂഷയുടെയും പ്രതീകമായി ക്രിസ്തു ശിഷ്യരുടെ കാലുകളെ കഴുകിയ സംഭവത്തെ അനുസ്മരിച്ചാണു പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.