Social Media

'ഞങ്ങള്‍ വര്‍ഗീയതയുടെ നിറം അണിഞ്ഞിട്ടില്ല, തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല, ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്': വൈകാരികമായ കുറിപ്പുമായി സിസ്റ്റര്‍ ആന്‍സി പോള്‍

പ്രവാചക ശബ്ദം 25-03-2021 - Thursday

കൊച്ചി: ഉത്തര്‍പ്രദേശില്‍ കത്തോലിക്ക സന്യാസിനികള്‍ക്കും സന്യാസാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ വൈകാരികമായ കുറിപ്പുമായി സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ആന്‍സി പോള്‍. ഇന്നത്തെ ദീപിക ദിനപത്രത്തിലാണ് സന്യാസ സമൂഹത്തിന്റെ പി‌ആര്‍‌ഓ കൂടിയായ സിസ്റ്റര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന്റെ നേട്ടമോ വിജയമോ നിങ്ങള്‍ ആരോപിക്കുന്നതു പോലെ മതപരിവര്‍ത്തനമോ അവരുടെ ലക്ഷ്യമല്ലായെന്നും ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമര്‍പ്പിതയ്ക്കും ഉത്തമ ബോധ്യമുണ്ടെന്നും അക്രമത്തിന് ഇരയായവര്‍ വര്‍ഗീയതയുടെ കടുത്ത നിറം അണിഞ്ഞിട്ടില്ലായെന്നും ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ലായെന്നും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലായെന്നും കുറിപ്പില്‍ പറയുന്നു.

അസമത്വങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടാന്‍ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോള്‍ 1995ല്‍ സിസ്റ്റര്‍ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായതും, കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും 1999 ജനുവരി 22ന് ചുട്ടുകൊന്നതുമെല്ലാം സിസ്റ്റര്‍ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദത്തോളമായി സത്യപ്രകാശമിന്നും ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്ക് പരന്നൊഴുകിക്കൊണ്ടിരിക്കുകയാണെന്നും അതിനെ എന്നെന്നേക്കുമായി തമസ്കരിക്കാൻ ഒരു വർഗീയ ശക്തിക്കും കഴിയില്ല എന്ന വാക്കുകളോടെയാണ് സിസ്റ്റര്‍ ആന്‍സി പോളിന്റെ കുറിപ്പ് അവസാനിക്കുന്നത്. നൂറുകണക്കിനാളുകളാണ് സിസ്റ്ററുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീസഹോദരന്മാരാണ്. ഈ പ്രതിജ്ഞാവാചകം ചൊല്ലിയാണ് ഓരോ ഇന്ത്യൻ പൗരനും അറിവിൻ്റെ ലോകത്തേക്ക് ആദ്യമായി പിച്ച വയ്ക്കുന്നത്.അക്ഷരം പഠിക്കുന്നതിന് മുൻപു തന്നെ ഒരുവൻ നെഞ്ചോടു ചേർത്തു പിടിക്കുന്ന പ്രതിജ്ഞാവാചകം. ജാതിമതഭേദമെന്യേ സർവ്വരെയും സഹോദരങ്ങളായി കാണുവാൻ പഠിപ്പിച്ച മഹാരഥന്മാരുടെ ഭാരതീയ സങ്കല്പങ്ങളിൽ നിന്നും എത്രയോ കാതം അകലെയാണ് ആധുനിക ഹിന്ദുത്വ തീവ്രവാദികളുടെ ഒരൊറ്റ ഇന്ത്യ എന്ന സങ്കല്പം.

ഇക്കഴിഞ്ഞ മാർച്ച് 19 ന് ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് ട്രെയിനിൽ 3 rd AC കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന നാലു യുവ സന്യാസിനിമാരെ മതപരിവർത്തന നിയമത്തിൻറെ മറപിടിച്ച് ബജ്റംഗദൾ പ്രവർത്തകർ അവരുടെ യാത്ര തടസ്സപ്പെടുത്തി സംഘം ചേർന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ബലമായി അപരിചിതമായ സ്റ്റേഷനിൽ ഇറക്കി റെയിൽവേ പോലീസിൻ്റെ ഒത്താശയോടെ ഭീതിദമായ ആൾക്കൂട്ട ആക്രോശങ്ങൾക്കു നടുവിലൂടെ സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകൾ ചോദ്യംചെയ്യുകയും പിന്നീട് അർദ്ധരാത്രിയോടെ വിട്ടയക്കുകയും ചെയ്ത സംഭവം പതിവുപോലെ നടപടികളൊന്നുമില്ലാതെ കെട്ടടങ്ങി തുടങ്ങി.

ഒഡിഷയിലേക്കുള്ള യാത്രക്കാരായിരുന്നു അവർ. സന്യാസസഭാ വസ്ത്രധാരികളായ രണ്ടു പേരോടൊപ്പം ക്രൈസ്തവ വിശ്വാസികളായ രണ്ടു യുവതികളുമുണ്ടായിരുന്നു .സന്യാസാർത്ഥിനികളായ ഇവരെ മതം മാറ്റാൻ കൊണ്ടുപോയതാണ് എന്നാണ് വർഗീയവാദികളുടെ ആരോപണം. ജന്മനാ ക്രൈസ്തവ വിശ്വാസികളായ അവരുടെ കൈവശം ആധാർകാർഡ് ഉൾപ്പെടെ മതിയായ രേഖകൾ ഉണ്ടായിരുന്നു. അതൊന്നും അവരുടെ വിഷയമേയല്ല. അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി ആർത്തുവിളിക്കുന്ന തീവ്ര വർഗ്ഗീയ മുദ്രാവാക്യങ്ങളിൽ ഈ സ്ത്രീകളുടെ മറുപടികൾ വെള്ളത്തിലെ കുമിള പോലെയായി. ആൾക്കൂട്ട വിചാരണ നടത്തി മതപരിവർത്തന നിയമക്കുരുക്കിൽ പെടുത്തി അവരെ ജയിലിൻ്റെ ഇരുട്ടറയിൽ അടയ്ക്കാമെന്ന തീവ്രവാദ സംഘത്തിൻ്റെ വ്യാമോഹം സമയോചിതമായ ഇടപെടലുകൾ കൊണ്ട് തകർക്കാൻ കഴിഞ്ഞത് ദൈവത്തിൻറെ പരിപാലനയൊന്നു മാത്രം.

ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം അടുത്തകാലത്തായി കൂടിവരികയാണ്. എന്താണ് സമർപ്പിതർ ചെയ്യുന്ന അപരാധമെന്നു മനസ്സിലാകുന്നില്ല.സ്വയം മറന്ന് ലോകത്തിനു നന്മ ചെയ്യുന്ന വരെയൊക്കെ മുച്ചൂടും ഇല്ലാതാക്കുന്ന തിന്മയുടെ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. നന്മയെ തമസ്കരിച്ചാലേ ദുഷ്ട ശക്തികൾക്ക് നിലനിൽപ്പുള്ളൂവെന്നത് പകലു പോലെ യാഥാർത്ഥ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് സമർപ്പിതരാണ് നാടും വീടും ഉപേക്ഷിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജാതി മത വർഗ വർണ ഭേദമെന്യേ സകല മനുഷ്യർക്കും നന്മയുടെ സുവിശേഷ വെളിച്ചം പകരുന്നത്.

കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരുഹൃദയ സന്യാസിനി സമൂഹത്തിൻറെ ജീവജ്യോതി പ്രോവിൻസ് ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ശുശ്രൂഷ ചെയ്തു വരുന്നു. കേരളത്തിൽ നിന്നും മിഷണറിമാരാ യി കടന്നു ചെന്ന് ദേശത്തിൻ്റെ ഭാഷയും സംസ്കാരവും സ്വന്തമാക്കി അവരിലൊരാളായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സിസ്റ്റേഴ്സ് ഇന്നും അവിടെയുണ്ട്. വർഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. നിങ്ങളുടെ ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ഇതേവരേ അവരാരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്.

ഇന്നു നിങ്ങൾ സംഘബോധം ഉള്ളവരാ യെങ്കിൽ അത് ക്രൈസ്തവ സന്യാസികൾ പകർന്നുതന്ന ആത്മാവ ബോധത്തിൻ്റെ പ്രതിഫലനമാണ്. തെരുവിൽ നിങ്ങളുടെ ശബ്ദം ഉയരുന്നു ണ്ടെങ്കിൽ അവർ ഉള്ളിൽകൊളുത്തി വച്ച അക്ഷര ബോധത്തിൽ നിന്നാണ്. ഇന്നോളം ഒരു ക്രൈസ്തവ സ്ഥാപനത്തിൽ നിന്നും ജാതിയുടെ പേരിൽ ആർക്കും പടിയിറങ്ങി പോകേണ്ടി വന്നിട്ടില്ല. ആർക്കും ചികിത്സ നിഷേധിച്ചിട്ടുമില്ല. എന്നും മനുഷ്യനാകാനും മനുഷ്യത്വമുള്ളവരാ കാനും പരിശീലിപ്പിച്ചിട്ടേയുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ

സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയിൽ നിസ്തുലമായ സേവനം നൽകിയവരാണ് ക്രൈസ്തവ സന്യാസിനികൾ. ഉത്തരേന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് ക്രൈസ്തവ സമർപ്പിത സാന്നിധ്യമുണ്ട്. ലോകത്തിൻ്റെ നേട്ടമോ വിജയമോ നിങ്ങൾ ആരോപിക്കുന്നതു പോലെ മതപരിവർത്തനമോ ഞങ്ങളുടെ ലക്ഷ്യമല്ല. നന്മ ചെയ്ത് കടന്നുപോയ ക്രിസ്തുവിൻ്റെ സ്നേഹ പ്രവാചകരാകുവാൻ കേരളത്തിൻറെ മണ്ണിൽ നിന്ന് അതിസാഹസികയോടെ യാത്രതിരിച്ച് സമൂഹ നന്മയ്ക്കായി ജീവിതം മുഴുവൻ സമർപ്പിച്ചവരാണ് ക്രൈസ്തവ സന്യാസികൾ. ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമർപ്പിതയ്ക്കും ഉത്തമ ബോധ്യവുമുണ്ട്. അസമത്വങ്ങൾക്കെതിരെ വിരൽ ചൂണ്ടാൻ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോൾ 1995-ൽ സിസ്റ്റർ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. കുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷ്ണറിയായ ഗ്രഹാം സ്റ്റെയ്ൽസിനെയും അദ്ദേഹത്തിൻറെ രണ്ടു ആൺകുട്ടികളെയും 1999 ജനുവരി 22ന് അതിദാരുണമായി നിങ്ങൾ ചുട്ടുകൊന്നു. ആദിവാസി ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഫാ.സ്റ്റാൻ സ്വാമി ഇന്നും തടവിലാണ്.

ഇവരുടെ പിന്തുടർച്ചക്കാരായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന സമർപ്പിതർക്ക് ബലം വി.പൗലോസിൻ്റെ വാക്കുകളാണ്. "ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ആര് എന്നെ വേർപ്പെടുത്തും? ക്ലേശമോ, ദുരിതമോ? പീഡനമോ? പട്ടിണിയോ? ആപത്തോ? വാളോ? (റോമാ: 8/35) ഒരു ശക്തിക്കും വേർപ്പെടുത്താനാവാത്ത വിശുദ്ധഅഗ്നിയും പേറിയാണ് ഓരോ സമർപ്പിതയുടേയും യാത്ര. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എവിടെയും യഥേഷ്ടം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ പൗരൻ്റേയും ജന്മാവകാശമാണ് .

ഒരു മതത്തിൻ്റെയും പേരിൽ അത് നിഷേധിക്കാൻ ആർക്കും അധികാരമില്ല. ഈ ഭാരത മണ്ണ് ഒരു വർഗീയ വാദികളുടേയും കുത്തകയുമല്ല.ഒരുവൻ്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഒരു സംഘടനയ്ക്കും അവകാശവുമില്ല. മതതീവ്രവാദം തലയ്ക്കു പിടിച്ച ആർ.എസ്.എസിനോ, അവരുടെ പോഷക സംഘടനകൾക്കോ തീറെഴുതി കൊടുത്തതല്ല എൻ്റെ മാതൃരാജ്യമായ ഭാരതം. ഇവിടെ ജനിച്ചു വളരുന്ന ഓരോ പൗരൻ്റെയും ജന്മഭൂമിയും, ജന്മാവകാശവും, വികാരവുമാണത്.

നീതിനിഷേധത്തിൻ്റെയും അവകാശധ്വംസനത്തിൻ്റെയും അട്ടഹാസത്തിനു മുൻപിൽ അടിയറവു വയ്ക്കാനുള്ളതല്ല ഒരുവന്റെ സ്വാതന്ത്ര്യം. കാഷായ വേഷധാരികൾ രാജ്യം ഭരിക്കുന്ന ഈ കാലത്ത് ഒരു ക്രൈസ്തവ സന്യാസിക്ക് അവളുടെ സഭാവസ്ത്രമണിഞ്ഞ് സ്വന്തം രാജ്യത്ത് നിർഭയം യാത്ര ചെയ്യാനാവില്ല എന്നത് എന്തൊരു വൈരുദ്ധ്യവും ലജ്ജാകരവുമാണ്.

ഈ വേഷം മത തീവ്രവാദികളെ പ്രകോപിപ്പിക്കുന്നു പോലും !! രാഷ്ട്രീയ നേതാക്കന്മാരുടെ അർത്ഥശൂന്യമായ ഈ ജൽപനങ്ങൾക്ക് കാലം മാപ്പ് നൽകട്ടെ !! യാത്രാവകാശവും നീതിയും നിഷേധിക്കപ്പെട്ട് ആൾക്കൂട്ട വിചാരണയ്ക്കു നടുവിൽ ഒരു ദിവസം മുഴുവൻ നിസ്സഹായരായി നിൽക്കേണ്ടി വന്ന കന്യാസ്ത്രീകൾക്കു വേണ്ടി (ഭാരതീയ സ്തീകൾ) സംസാരിക്കാൻ ഒരു മാധ്യമ പ്രവർത്തകനും പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല അവരത് അറിഞ്ഞിട്ടുപോലുമില്ല.

മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അന്തി ചർച്ചകൾക്കും സംവാദങ്ങൾക്കും ഇത് തിരികൊളുത്തിയേനേ!! എന്നെന്നേക്കുമായി നന്മയെ കബറടക്കം ചെയ്യാമെന്ന് വ്യാമോഹിച്ച അധികാര വർഗത്തെ ലജ്ജിപ്പിച്ചു കൊണ്ട് മൂന്നു നാളിനുള്ളിൽ വർധിത ശോഭയോടെ സത്യം ഉയർത്തെഴുന്നേറ്റു. ഇത് കേവലമൊരു വിശ്വാസം മാത്രമല്ല, ചരിത്ര വസ്തുതയുമാണ്. രണ്ട് സഹസ്രാബ്ദത്തോളമായി ആ സത്യപ്രകാശമിന്നും ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്ക് പരന്നൊഴുകിക്കൊണ്ടിരിക്കുന്നു. അതിനെ എന്നെന്നേക്കുമായി തമസ്കരിക്കാൻ ഒരു വർഗീയ ശക്തിക്കും കഴിയില്ല. എത്ര തല്ലിക്കെടുത്താൻ ശ്രമിച്ചാലും അത്രപെട്ടെന്ന് അണയുന്നതല്ല ഈ സുവിശേഷദീപം. ഒന്നിൽ നിന്ന് ആയിരം തിരിയായത് കത്തിപ്പടരുക തന്നെ ചെയ്യും. അത് ഈ ഭൂമുഖത്തെ എന്നും പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കും.

സി. ആൻസി പോൾ എസ്. എച്ച് ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »