Meditation. - May 2024

ഇന്ന് പെന്തക്കുസ്താ തിരുനാൾ: ലോകം സത്യവിശ്വാസം സ്വീകരിച്ച ദിവസം

പ്രവാചക ശബ്ദം 28-05-2023 - Sunday

"അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" (അപ്പ 2:4)

യേശു ഏകരക്ഷകൻ: മെയ് 28
കര്‍ത്താവ് തന്‍റെ ഉയിര്‍പ്പിന്‍റെ ഏഴ് ആഴ്ചകള്‍ അവസാനിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേല്‍ അയച്ചു. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റി. കുറച്ചു സമയം കൊണ്ട് ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കുസ്താ ദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതല്‍ എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു.

തന്‍റെ മരണവും ഉത്ഥാനവും വഴി താന്‍ മഹത്വീകൃതനാകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവിടുന്നു ജനക്കൂട്ടങ്ങളെ പഠിപ്പിച്ചപ്പോഴും, ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള ഭക്ഷണമായിരിക്കും തന്‍റെ ശരീരമെന്നു വെളിപ്പെടുത്തിയപ്പോഴും, അല്‍പാല്‍പമായി സൂചന നൽകിയിരുന്നു. നിക്കദേമൂസിനോടും സമരിയാക്കാരിയായ സ്ത്രീയോടും കൂടാരത്തിരുനാളില്‍ പങ്കെടുത്തവരോടും സംസാരിക്കുമ്പോള്‍ അവിടുന്ന് ആത്മാവിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയോടു ബന്ധപ്പെടുത്തിയും, ഭാവിയില്‍ ശിഷ്യന്മാര്‍ നല്‍കേണ്ട സാക്ഷ്യത്തോടു ബന്ധപ്പെടുത്തിയും യേശു അവരോട് ആത്മാവിനെപ്പറ്റി തുറന്നുപറയുന്നുണ്ട്.

അവസാനം യേശുവിന്‍റെ മണിക്കൂര്‍ എത്തിച്ചേരുന്നു. തന്‍റെ മരണം വഴി മരണത്തെ കീഴടക്കുന്ന ആ നിമിഷത്തില്‍ത്തന്നെ, തന്‍റെ ആത്മാവിനെ അവിടുന്നു പിതാവിന്‍റെ കൈകളില്‍ സമര്‍പ്പിക്കുന്നു. പിതാവിന്‍റെ മഹത്ത്വത്താല്‍ മൃതരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ട് തന്‍റെ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് ഉടന്‍തന്നെ, പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കാന്‍ വേണ്ടിയായിരുന്നു യേശു ആത്മാവിനെ സമർപ്പിച്ചത്.

പെന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്‍റെ പെസഹാ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തി എന്ന നിലയില്‍ യേശു ലോകത്തിനു വെളിപ്പെടുത്തുകയും നല്‍കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്തു. തന്‍റെ പൂര്‍ണതയില്‍ നിന്ന് കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.

പെന്തക്കുസ്താദിവസം പരിശുദ്ധ ത്രിത്വം പൂര്‍ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരുന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും ക്രിസ്ത്യാനികൾ പരിശുദ്ധ ത്രിത്വത്തിന്‍റെ ഐക്യത്തില്‍ പങ്കുചേരുന്നു.

വിചിന്തനം
പെന്തക്കുസ്താദിനത്തിൽ സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ലോകം സത്യപ്രകാശം കണ്ടു. ലോകത്തിലേക്കു പിറന്നുവീഴുന്ന ഓരോ മനുഷ്യനും എന്തു വിശ്വസിക്കണമോ ആ സത്യവിശ്വാസം മനുഷ്യൻ സ്വീകരിച്ചു. ഓരോ മനുഷ്യനും ആരെ ആരാധിക്കണമോ ആ പരിശുദ്ധ ത്രീത്വം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുവിന്‍റെയും ആത്മാവിന്‍റെയും ദൗത്യം സഭയുടെ ദൗത്യമായിത്തീരുന്നു. പിതാവ് അവിടുത്തെ അയച്ചതുപോലെ അവിടുന്ന് നമ്മെ ഓരോരുത്തരെയും അയക്കുന്നു. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ട് നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നില്ലങ്കിൽ ക്രിസ്ത്യാനി എന്നു വിളിക്കപ്പെടുവാൻ നാം യോഗ്യരല്ല. ഓരോ വിശ്വാസിയും മഹത്തായ ഈ വിളി ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »