News - 2025
കര്‍ദിനാള്‍ ജോര്‍ജ് പെല്ല് രാജി സമര്‍പ്പിച്ചു; വത്തിക്കാനിലെ സേവനം മാര്‍പാപ്പ അദ്ദേഹത്തിനു നീട്ടി നല്‍കിയേക്കും
സ്വന്തം ലേഖകന്‍ 09-06-2016 - Thursday
വത്തിക്കാന്‍: ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ല് തന്റെ രാജി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതന്‍ കൂടിയാണ് 75-കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. ബുധനാഴ്ചയാണു രാജികത്ത് അദ്ദേഹം പരിശുദ്ധ പിതാവിന് കൈമാറിയത്. 2014-ല്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ചട്ടപ്രകാരം 75-ാം വയസില്‍ കര്‍ദിനാളുമാര്‍ രാജി സമര്‍പ്പിക്കണം. കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനു ജൂണ്‍ എട്ടാം തീയതി 75 വയസ് തികഞ്ഞിരുന്നു. എന്നാല്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ രാജികാര്യത്തില്‍ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല.
വത്തിക്കാനിലെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യക്തികൂടിയാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. വത്തിക്കാന്റെ സാമ്പത്തിക ട്രഷറികളുടെ ചുമതല അദ്ദേഹത്തെ ആണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരുന്നത്. നിരവധി ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വഴി മാതൃകാപരമായ പല തീരുമാനങ്ങളും കൈക്കൊണ്ട വ്യക്തിയാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. ഇതിനാല്‍ തന്നെ ഉടനെ അദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും നീക്കുവാന്‍ പാപ്പ താല്‍പര്യപ്പെടില്ല. പുതിയ ഒരാളെ ചുമതല ഏല്‍പ്പിക്കുന്നതു വരെ കര്‍ദിനാളിന്റെ രാജികാര്യത്തില്‍ മാര്‍പാപ്പയ്ക്കു തീരുമാനം കൈക്കൊള്ളാതെ ഇരിക്കാം. ഇതിനാകും കൂടുതല്‍ സാധ്യതയെന്നു വത്തിക്കാനോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഉടനടി തീരുമാനം പ്രഖ്യാപിക്കുവാനും രാജി സ്വീകരിക്കുവാനും തള്ളി കളയുവാനും എല്ലാം മാര്‍പാപ്പയ്ക്ക് അധികാരം ഉണ്ട്.
കുട്ടികളെ ദുരുപയോഗം ചെയ്ത ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് പെല്ല് റോയല്‍ കമ്മീഷനു മുന്നില്‍ സുപ്രധാനമായ ചില മൊഴികള്‍ നല്‍കിയിരുന്നു. ചില വൈദികരുടെ തെറ്റായ നടപടികള്‍ അറിഞ്ഞിട്ടും അവര്‍ക്കെതിരെ കാര്യമായ നടപടികള്‍ ജോര്‍ജ് പെല്ല് സ്വീകരിച്ചില്ലെന്ന ആക്ഷേപവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ രാജിവയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ദിനാള്‍ ജോര്‍ജ് പെല്ല് ചുമതല വഹിക്കുന്ന വകുപ്പിലെ പരിഷ്‌കാരങ്ങള്‍ വത്തിക്കാനിലെ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടു തവണ അദ്ദേഹത്തിന്റെ പരിഷ്‌കാര നടപടികളെ പിന്തുണച്ചു രംഗത്തു വന്നു. ഇതിനാല്‍ തന്നെ ഓസ്‌ട്രേലിക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ല് സഭയുടെ വത്തിക്കാനിലെ സേവനത്തില്‍ രണ്ടു വര്‍ഷം കൂടിയെങ്കിലും തുടരുമെന്നാണു കരുതപ്പെടുന്നത്.