India - 2024

കേരളത്തിലെ പ്രഥമ മിഷ്ണറി രക്തസാക്ഷി ഫാ. ജയിംസ് കോട്ടായില്‍ അനുസ്മരണം നടത്തി

01-07-2021 - Thursday

കോഴിക്കോട്: കേരളത്തിലെ പ്രഥമ മിഷ്ണറി രക്തസാക്ഷി ഫാ. ജയിംസ് കോട്ടായില്‍ അനുസ്മരണവും കോട്ടായില്‍ കുടുംബയോഗവും നടത്തി. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓണ്‍ലൈനായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കോട്ടായില്‍ സിഎംഎഫ് അധ്യക്ഷത വഹിച്ചു. 1915ല്‍ പാലാ രൂപതയിലെ തുരുത്തിപ്പള്ളി ഇടവകയില്‍ കോട്ടായില്‍ ചാക്കോമറിയം ദന്പതികളുടെ മകനായിട്ടാണ് ഫാ. ജയിംസ് ജനിച്ചത്. ഇന്റര്‍മീഡിയറ്റ് പാസായശേഷം ജസ്യൂട്ട് സഭയിലെ റാഞ്ചി പ്രോവിന്‍സില്‍ ചേര്‍ന്നു. 1948 നവംബര്‍ ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു. റാഞ്ചിയില്‍നിന്ന് 25 മൈല്‍ അകലെയുള്ള നവാടാട്ട് എന്ന പിന്നാക്ക ഗ്രാമപ്രദേശത്താണ് ശുശ്രൂഷയ്ക്കായി അദ്ദേഹം നിയുക്തനായത്.

നാടിന്റെ ആത്മീയവും ഭൗതികവുമായ വികസനത്തിനു നേതൃത്വം നല്കിയ ഫാ. ജയിംസിന് ധാരാളം എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. 1967 ജൂലൈ 13നു രാത്രിയില്‍ സഹായം ചോദിച്ചെത്തിയ രണ്ടുപേര്‍ ഫാ. ജയിംസിനെ താമസസ്ഥലത്തു വച്ചു കുത്തിപ്പരിക്കേല്‍പ്പിച്ചു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംനാള്‍ അദ്ദേഹം അന്തരിച്ചു.

ഫാ. ജെയിംസിന്റെ മാതൃ ഇടവകയായ തുരുത്തിപ്പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് 2019 ജൂലൈയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കോട്ടായില്‍ കുടുംബാംഗങ്ങള്‍ കല്‍ക്കുരിശ് സ്ഥാപിച്ചു. അഡ്വ. ഡോ. ഷിബു ജോസഫ്, രാജേഷ് ജയിംസ്, ഫാ. ചാള്‍സ് ഞാറക്കുളം ഒഐസി, ഫാ. സുരാജ് കോട്ടായില്‍ സിഎംഐ (മൈസൂര്‍), കെ.പി. ഏബ്രഹാം, ചെറിയാന്‍, ജോയി, വിജി, റെജി എന്നിവര്‍ പ്രസംഗിച്ചു.