Seasonal Reflections - 2025
സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിന്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക
പ്രവാചക ശബ്ദം 09-07-2021 - Friday
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. ജീവനുള്ള ചലനാത്മകമായ ,കഠിനാധ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം . കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു ജീവിതകാലം മുതൽ ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്ന് ഉണ്ടാകുന്ന ഊർജം ചന്ദ്രനിലേക്കും തിരിച്ചും വാഹനമോടിക്കാൻ പ്രര്യാപ്തമാണത്രേ പണ്ഡിതമതം
ഇനി നമുക്കു വിശുദ്ധ യൗസേപ്പിൻ്റെ ഹൃദയത്തിലേക്കു വരാം . വിശുദ്ധ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ മൂന്നു സവിശേഷതകൾ കാത്തു സൂക്ഷിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള വാഹനം ഭയം കൂടാതെ ഓടിക്കാൻ ഏതു വിശ്വാസിക്കും സാധിക്കും.
അനുസരണം
ഹേറോദോസ് രാജാവിൻ്റെ കൈകളിൽ നിന്നു ഈശോയെയും മറിയത്തെയും രക്ഷിച്ചതു യൗസേപ്പിതാവായിരുന്നു. അതിനു നിമിത്തമായത് ദൈവീക പദ്ധതികളിൽ വിശ്വസിച്ചിരുന്ന യൗസേപ്പിതാവിൻ്റെ അനുസരണമുള്ള ഹൃദയത്താലായിരുന്നു. കുടുംബത്തെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷൻ്റെയും പ്രധാന കർത്തവ്യമാണല്ലോ തന്നെ ഭരമേല്പിച്ചവരെ കാത്തു സംരക്ഷിക്കുക എന്നത് പൗരഷത്വത്തിൻ്റെ ലക്ഷണമാണ്. അതിനാലാണ് കുടുംബങ്ങുടെയും സഭയുടെയും സംരക്ഷകനും നിയന്താവുമായി യൗസേപ്പിതാവിനെ സഭ പ്രഖ്യാപിച്ചിരിക്കുന്നത്.
അനുസരണയുള്ള ഹൃദയത്തിൽ ദൈവീക ദൗത്യങ്ങൾക്ക് സ്വർത്ഥ താൽപര്യങ്ങളെക്കാൾ സ്ഥാനവും വിലയുമുണ്ട്. മാലാഖയുടെ സ്വരം ശ്രവിച്ചതേ അനുസരണയുള്ള യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സർവ്വതും സമർപ്പിക്കാനുള്ള എളിമയും ഹൃദയ വിശാലതയും തെളിഞ്ഞു വന്നു.
✝️ ആത്മദാനം.
യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ രണ്ടാമത്തെ സവിശേഷത ആത്മദാനമായിരുന്നു. അനുസരണം ജീവിത വ്രതമാക്കിയ ഒരു വ്യക്തിയുടെ ആത്മസമർപ്പണം ആത്മദാനത്തിലാണ് പൂർണ്ണതയിലെത്തുന്നത്. സ്വയം ശൂന്യനാക്കിയ ഈശോ കാൽവരിയിൽ ആത്മ ദാനമായി. യൗസേപ്പ് മറിയത്തിനും ഈശോയ്ക്കും സംരക്ഷകനാകാൻ തീരുമാനിച്ചതു വഴി ആത്മദാനത്തിൻ്റെ ദിവ്യ ചൈതന്യം ആ ഹൃദയത്തിൽ സന്നിഹിതമായതിനാലായിരുന്നു. യൗസേപ്പിതാവിൻ്റെ സന്നദ്ധത സ്വയം ബലിയായിത്തീരുവാനുള്ള ആർജ്ജവത്തിൻ്റെ ബഹിർസ്ഫുരണമായിരുന്നു.
✝️ നിശബ്ദത.
ജോസഫ് ഹൃദയത്തിൻ്റെ മൂന്നാമത്തെ സവിശേഷത അതു നിശബ്ദ ഹൃദയം ആയിരുന്നു എന്നായിരുന്നു. . നിശബ്ദതയിൽ ദൈവം ശബ്ദിച്ച ആ ഹൃദയം സദാ കർമ്മനിരതമായിരുന്നു. നിശബ്ദതയിൽ ദൈവവചനത്തിനു ജിവിതംകൊണ്ടു സാക്ഷ്യം നൽകുവാൻ യൗസേപ്പിതാവിനു സാധിച്ചു. നിശബ്ദതയിൽ മറ്റെന്തിനെക്കാളും തന്നെ ശ്രവിക്കുന്നവനുമായി ദൈവ പിതാവ് ഒരു ഉടമ്പടി ഉണ്ടാക്കി അതാണ് യൗസേപ്പിതാവിൻ്റെ ദൈവപുത്രൻ്റെ വളർത്തപ്പ സ്ഥാനം.
യൗസേപ്പിതാവിനെപ്പോലെ അനുസരണവും ആത്മദാനവും നിശബ്ദതയും അഭ്യസിച്ചാൽ നമ്മുടെ ഹൃദങ്ങൾക്കും സ്വർഗ്ഗം അവകാശമാക്കാൻ കഴിയും.