News - 2024

മയക്കുമരുന്ന് ജിഹാദുണ്ട്: പഞ്ചാബ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നു

12-09-2021 - Sunday

റാഞ്ചി: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ് റംസാന്‍ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന്‍ നടത്തിയത്.

ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍നിന്നു പിടിച്ചത്. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഓപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസില്‍ക ജില്ലാ പോലീസ് എസ്എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു.

ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്റെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ് തന്നെ ഇതിന്റെ ഭാഗമാക്കിയതെന്നു റംസാന്‍ വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാര്‍ക്ക് ആയുധങ്ങള്‍ അടക്കമുള്ളവ ഇവരാണ് നല്‍കുന്നതെന്നും പോലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പത്രത്തിന്റെ ക്ലിപ്പിംഗുകള്‍ നിരവധി ആളുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.


Related Articles »