News

സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെ നിലപാട് ആവർത്തിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ

പ്രവാചകശബ്ദം 18-09-2021 - Saturday

റോം: സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെയുള്ള നിലപാട് ആവർത്തിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആമുഖമുള്ള പുസ്തകം. 'ദി റിയൽ യൂറോപ്പ് ഐഡൻറിറ്റി ആൻഡ് മിഷൻ' എന്ന പേരിലുളള പുസ്തകത്തിന്റെ ആമുഖത്തിലാണ് ബെനഡിക്റ്റ് പാപ്പ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രവണതയെ പറ്റി ആശങ്ക പ്രകടിപ്പിച്ചത്. സഭാതലവൻ എന്ന നിലയിലുള്ള ഭരണകാലയളവിൽ യൂറോപ്പിനെ പറ്റി നടത്തിയ പ്രസംഗങ്ങളുടെ ശേഖരമാണ് പുസ്തകം. ഐൽ ഫോഗ്ളിയോ എന്ന ഇറ്റാലിയൻ പത്രമാണ് ആമുഖം സെപ്റ്റംബർ പതിനാറാം തീയതി പ്രസിദ്ധീകരിച്ചത്.

"സ്വവർഗ്ഗ വിവാഹം" എന്ന ആശയം ഇതുവരെ പിന്തുടർന്നുവന്നിട്ടുള്ള മാനവികതയുടെ എല്ലാ സംസ്കാരങ്ങൾക്കും വിരുദ്ധമാണെന്ന് മുന്‍ പാപ്പ വ്യക്തമാക്കി. ബഹുഭാര്യത്വം, ഏകഭാര്യത്വം തുടങ്ങിയ വിഷയങ്ങളിൽ നിയമങ്ങളും, മൂല്യ വ്യവസ്ഥിതികളും വിഭിന്നമായിരുന്നെങ്കിലും സ്ത്രീയും, പുരുഷനും മാത്രമേ സന്താനോൽപ്പാദനം നടത്താൻ സാധിക്കുകയുള്ളൂ എന്ന പൊതുബോധം എല്ലാ സംസ്കാരങ്ങൾക്കും ഉണ്ടായിരുന്നു. ഇത് വിവാഹത്തിനു വേണ്ട പ്രധാന ഘടകമായിരുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളിലൂടെ കത്തോലിക്ക സമൂഹത്തിന്റെ മേഖലകളിലേക്ക് ആഴത്തിൽ തുളച്ചുകയറുന്ന മനസ്സാക്ഷിയുടെ വികലതയാണ് കാണുന്നതെന്നും പാപ്പ ഓർമിപ്പിച്ചു.

ഗർഭനിരോധന മരുന്നുകളുടെ ആവിർഭാവത്തിനു ശേഷം ഗർഭധാരണവും ലൈംഗികതയും തമ്മിൽ വേർതിരിക്കാൻ സാധിക്കുന്ന സാഹചര്യം ഉടലെടുത്തുവന്നും ഈ ചിന്താഗതിയാണ് എല്ലാ സമൂഹങ്ങളും പൊതുവായി ഉയർത്തിപ്പിടിച്ച വിവാഹ സങ്കല്പങ്ങളുടെ അടിവേര് ഇളക്കിയതെന്നും ബെനഡിക്ട് മാർപാപ്പ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും, പുരുഷന്മാരുടെയും മനസ്സാക്ഷിയെ സാവധാനം മാറ്റിമറിച്ചു. മനുഷ്യജീവൻ സമ്മാനമായി ലഭിക്കുന്ന ഒന്നല്ല മറിച്ച് നമ്മൾ തന്നെ നിർമ്മിക്കുന്ന ഒരു വസ്തുവാണെന്ന നിലയിലേക്കാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞതെന്ന് പാപ്പ വിശദീകരിച്ചു.

മനുഷ്യജീവന് ജന്മം നൽകുന്നതിനെപ്പറ്റി മനുഷ്യർക്ക് ചിന്തിച്ച് തീരുമാനമെടുക്കാൻ സാധിച്ചാൽ, അത് ഇല്ലാതാക്കുന്നതിനെപ്പറ്റിയും മനുഷ്യർക്ക് തീരുമാനമെടുക്കാൻ സാധിക്കുമെന്ന തോന്നലാണ് ദയാവധ നിയമങ്ങൾക്കു വേണ്ടി മുറവിളി കൂട്ടാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് മാർപാപ്പയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. മനുഷ്യ ജീവനോടുള്ള ബഹുമാനം യൂറോപ്പിൽ നഷ്ടപ്പെട്ടുവെന്നും ഇങ്ങനെയുള്ള പ്രവണതയെ അപലപിക്കാൻ ബെനഡിക്ട് പാപ്പയ്ക്ക് ഭയം ഇല്ലായിരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അവതാരികയിൽ കുറിച്ചിട്ടുണ്ട്.


Related Articles »